നഗര മധ്യത്തിലെ ചുട്ടിപ്പാറയിൽ 133 അടി ശബരിമല അയ്യപ്പന്റെ സുവർണ്ണ ശില്പം സ്ഥാപിക്കുന്ന പദ്ധതിയുടെ രൂപരേഖ തിരുവനന്തപുരത്ത് നാളെ പ്രകാശനം ചെയ്യും. അയ്യപ്പന്റെ ശില്പത്തിനായി മൂന്നു കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഭഗവാന്റെ യോഗനിദ്രയിലുള്ള ശില്പത്തിന്റെ ചുറ്റളവ് 66 മീറ്ററാണ്.തിരുവനന്തപുരത്ത് ആഴിമല ശിവ പ്രതിമ നിർമ്മിച്ച ദേവദത്തൻ തന്നെയാണ് ഈ പ്രതിമയും നിർമ്മിക്കുന്നത്. 32 കോടി രൂപയാണ് പദ്ധതിക്ക് ആകെ ചിലവ് പ്രതീക്ഷിക്കുന്നത്. നാലര വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ ആണ് തീരുമാനം.
അയ്യപ്പന്റെ ജനനം മുതൽ ശബരിമലയിൽ കുടികൊള്ളുന്നത് വരെയുള്ള ചരിത്രം ഉൾപ്പെടുത്തി മ്യൂസിയവും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.ജഡായുപ്പാറ മാതൃകയിലാണ് മ്യൂസിയം നിർമ്മിക്കുക. പന്തളം കൊട്ടാരത്തിന്റെ മാതൃക, പൂങ്കാവനത്തിന്റെയും, നദികളുടെയും വിവരണങ്ങൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉണ്ടാകും. ചുട്ടിപ്പാറയിലേക്കുള്ള പാതയും പഴനി മാതൃകയിൽ നിർമ്മിക്കും വനവാസകാലത്ത് ശ്രീരാമനും സീതാദേവിയും തങ്ങിയെന്ന് വിശ്വസിക്കുന്ന പവിത്ര സ്ഥലമാണ് ചുറ്റിപ്പാറ.സമുദ്രനിരപ്പിൽ നിന്നും 400 മീറ്റർ ഉയരത്തിലാണ് ചുട്ടിപ്പാറ സ്ഥിതി ചെയ്യുന്നത്.അയ്യപ്പ ശിൽപ്പത്തിന്റെ ചിത്രം എടുത്ത ശേഷം തിരിച്ചു നോക്കിയാൽ മാളികപ്പുറത്തമ്മയുടെ രൂപം കാണാവുന്ന തരത്തിലാണ് ഇത് നിർമ്മിക്കുന്നതെന്ന് ക്ഷേത്രം ട്രസ്റ്റ് രക്ഷാധികാരി മോക്ഷഗിരി മഠം ഡോക്ടർ രമേശ് ശർമ പറഞ്ഞു. ഈ മണ്ഡലകാലത്ത് തന്നെ പദ്ധതി പ്രവർത്തനം തുടങ്ങാൻ ആണ് ലക്ഷ്യമിടുന്നതെന്നും പദ്ധതിക്ക് ആവശ്യമായ പണം നൽകാൻ നിരവധി അയ്യപ്പഭക്തർ മുന്നോട്ടു വന്നിട്ടുള്ളതായും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകുന്ന രമേശ് ശർമ അറിയിച്ചു.
