ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്ന് വിളിക്കണമെന്ന് സലിം കുമാർ

ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്ന് വിളിക്കണം എന്ന് നടന്‍ സലിം കുമാര്‍. ഭണ്ടാരത്തില്‍ നിന്നുള്ള പണത്തെ മിത്തുമണിയെന്നും വിളിക്കണം എന്നും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ സലിം കുമാര്‍ പറയുന്നു. സംസ്ഥാനത്തെ മിത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം.

മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ടാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇതെന്ന് സലിം കുമാര്‍ പറയുന്നു

ശാസ്ത്രവും മിത്തും സംബന്ധിച്ച സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നടത്തിയ പ്രസ്താവന വിവാദത്തിലായിരുന്നു.
ഷംസീര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എന്‍എസ്എസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നാമജപയാത്ര നടത്തിയിരുന്നു. പാളയം ഗണപതിക്ഷേത്രപരിസരത്തായിരുന്നു നാമജപയാത്ര. എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ കീഴിലുള്ള 196 കരയോഗങ്ങളില്‍ നിന്നുള്ള വിശ്വാസികളാണ് നാമജപ യാത്രയില്‍ പങ്കെടുത്തത്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രാദേശിക നേതാക്കളും നാമജപ യാത്രയില്‍ പങ്കാളികളായി. പ്രതിഷേധം തുടരുമെന്നും തുടര്‍പരിപാടികള്‍ ജനറല്‍ സെക്രട്ടറി പ്രഖ്യാപിക്കുമെന്നും എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ പറഞ്ഞു.

ഷംസീറിന്റെ പ്രസംഗത്തിന്റെ ഉള്ളടക്കം ഇങ്ങനെ.നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണം. എന്താ കാരണം? ഇന്നത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ മാത്രമാണ്. ഇപ്പോള്‍ എന്തൊക്കെയാ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്? വിമാനം കണ്ടു പിടിച്ചത് ആരാണ്? എന്റെ കാലത്ത് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് ഉത്തരം റൈറ്റ് സഹോദരങ്ങളാണ്. ഇപ്പോള്‍ അവരല്ല, അതു തെറ്റാണ്. വിമാനം ഹിന്ദുത്വ കാലത്തേയുണ്ട്. ലോകത്തെ ആദ്യത്തെ വിമാനം പുഷ്പക വിമാനമാണ്. ശാസ്ത്ര സാങ്കേതികരംഗം വികാസം പ്രാപിക്കുന്നുവെന്നു മാത്രമല്ല, ശാസ്ത്രത്തിനു പകരം മിത്തുകളെ വയ്ക്കുന്നു. പാഠപുസ്തകങ്ങള്‍ക്കകത്ത് ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. അതിന്റെ ഭാഗമാണ് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് റൈറ്റ് സഹോദരങ്ങളെന്ന ഉത്തരം തെറ്റാകുന്നതുംഹിന്ദുത്വകാലം എന്നെഴുതിയത് ശരിയാകുന്നതും.

ചിലര്‍ കല്യാണം കഴിച്ചാല്‍ കുട്ടികളുണ്ടാകില്ല. ഐ.വി.എഫ് ട്രീറ്റ്മെന്റിന് പോകാറുണ്ട്. വന്ധ്യതാ ചികിത്സയുടെ പ്രത്യേകത ചിലപ്പോള്‍ ഇരട്ടകളുണ്ടാകും, ചിലപ്പോള്‍ മൂന്നുപേരുണ്ടാണ്ടാകും. അത് അതിന്റെ പ്രത്യേകതയാണ്. അപ്പോള്‍ ചിലര്‍ പറയുന്നു, അത് നേരത്തെയുള്ളതാണ്. ഇതൊന്നും ഇപ്പോഴുണ്ടായതല്ല. അതാണ് കൗരവപ്പട.കൗരവപ്പടയുണ്ടായത് ഇന്‍ഫെര്‍ട്ടിലിറ്റി ട്രീറ്റ്മെന്റിലൂടെയാണ്. ഇങ്ങനെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു. വൈദ്യശാസ്ത്രം തന്നെ കൂടുതല്‍ കൂടുതല്‍ മൈക്രോ ആയി. സര്‍ജറി പ്ലാസ്റ്റിക് സര്‍ജറി ആയി. പ്ലാസ്റ്റിക് സര്‍ജറി എന്നു പറയുന്നത്, ചിലപ്പോള്‍ പരിക്കുപറ്റി കൊണ്ടുവരുമ്പോള്‍ ചില പെണ്‍കുട്ടികളുടെ മുഖത്ത് കല വന്നാല്‍ ഡോക്ടര്‍മാര്‍ ചോദിക്കും, അല്ലാ.. നോര്‍മല്‍ സ്റ്റിച്ചിങ് വേണോ, അതോ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ സ്റ്റിച്ച് ചെയ്യണോയെന്ന്. കാരണം, മുഖത്ത് കല വന്നാല്‍ അവിടെത്തന്നെ നില്‍ക്കുമല്ലോ.പ്രത്യേകിച്ചും സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കുന്ന തലമുറയോട് സ്വാഭാവികമായും പ്ലാസ്റ്റിക് സര്‍ജറി നടത്തണോയെന്നു സ്വാഭാവികമായും ചോദിക്കും. പ്ലാസ്റ്റിക് സര്‍ജറി വൈദ്യശാസ്ത്രത്തിലെ പുതിയ കണ്ടുപിടിത്തമാണ്. എന്നാല്‍, പ്ലാസ്റ്റിക് സര്‍ജറി ഹിന്ദുത്വകാലത്തേയുള്ളതാണെന്നാണ് ഇവിടെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ആരുടേതാണ് ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയതെന്ന് ചോദ്യത്തിന് മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയാണെന്നാണ് ഉത്തരം. ഇങ്ങനെ ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇവിടെ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കണമെന്നുമായിരുന്നു വിവാദ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *