മലയാള സിനിമയുടെ ചരിത്രത്തിൽ കുറിക്കപ്പെട്ട ചിത്രമാണ് പുലിമുരുകൻ. മുരുകൻ എന്ന കഥാപാത്രമായി മലയാളത്തിന്റെ മോഹൻലാൽ നിറഞ്ഞാടിയപ്പോൾ തുറന്നത് മലയാള സിനിമയ്ക്ക് കോടി ക്ലബ്ബ് തിളക്കം. ആദ്യമായി 100കോടി നേടിയ മലയാള സിനിമ എന്ന ഖ്യാതി എന്നും പുലിമുരുകനും മോഹൻലാലിനും മാത്രം സ്വന്തം. വൈശാഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പുലിമുരുകൻ റിലീസ് ചെയ്തിട്ട് ഇന്നേക്ക് ഏഴ് വർഷം തികയുകയാണ്. ഇതിനോട് അനുബന്ധിച്ച് നിർമാതാവ് ടോമിച്ചൻ മുളകുപാടം പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. പോസ്റ്റ് ഇങ്ങനെ,
പുലിമുരുകൻ തീയറ്ററുകളിൽ എത്തിയിട്ട് ഇന്നേക്ക് ഏഴ് വർഷങ്ങൾ പിന്നിടുന്നു. മലയാള സിനിമക്കും പ്രേക്ഷകർക്കും വ്യക്തിപരമായി എനിക്കും ഇന്നും എന്നും അഭിമാനത്തോടെ തലയുയർത്തി നിൽക്കുവാൻ ധൈര്യം പകർന്ന ചിത്രം
മലയാള സിനിമയിൽ പുത്തൻ നാഴിക്കല്ലുകൾ തീർക്കുവാൻ തുടക്കമിട്ട ഈ ഒരു ചിത്രത്തിൻ്റെ ഭാഗമാകുവാൻ കഴിഞ്ഞത് ദൈവാനുഗ്രഹമാണ്.. എല്ലാവർക്കും വീണ്ടും വീണ്ടും ഒരായിരം നന്ദി”, എന്നാണ് ടോമിച്ചൻ മുളകുപാടം കുറിച്ചത്. പിന്നാലെ ആശംസകളുമായി സിനിമാസ്വാദകരും ആരാധകരും രംഗത്തെത്തി.
2016 ഒക്ടോബർ 7നാണ് പുലിമുരുകൻ റിലീസ് ചെയ്തത്. വൈശാഖിന്റെ സംവിധാനത്തിൽ ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തിന് പ്രഖ്യാപനം മുതൽ വൻ ഹൈപ്പായിരുന്നു ലഭിച്ചിരുന്നു. ആ ഹൈപ്പും പ്രേക്ഷക പ്രതീക്ഷയും കാത്തു സൂക്ഷിച്ച് കൊണ്ട് മോഹൻലാൽ നിറഞ്ഞാടിയപ്പോൾ, മലയാളികൾ ഒന്നടങ്കം അതങ്ങേറ്റെടുത്തു. മോളിവുഡിൽ അന്യമായിരുന്ന കോടി ക്ലബ്ബ് സിനിമകൾക്ക് അന്നത്തോടെ തുടക്കമായി. 50, 100 കോടി പിന്നീട് 150 കോടിയും പുലിമുരുകൻ നേടി. മലയാള സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു ചിത്രം. കമാലിനി മുഖർജി, ജഗപതി ബാബു, നമിത, സുരാജ് വെഞ്ഞാറമൂട്, വിനു മോഹൻ, ലാൽ, ബാല, സന്തോഷ് കീഴാറ്റൂർ, നോബി തുടങ്ങി വൻ താര നിര ചിത്രത്തിൽ അണിനിരന്നിരുന്നു.

 
                                            