പ്ലസ് ടു മൂല്യ നിർണ്ണയത്തിലെ പ്രതിസന്ധി തീരുന്നില്ല. ഉത്തര സൂചികയിൽ പരാതി ഉന്നയിച്ചും സ്കീം ഫൈനലൈസേഷൻ നടത്തിയ അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിലുമാണ് പ്രതിഷേധം. കഴിഞ്ഞ രണ്ട് ദിവസമായി വിവിധ ജില്ലകളിലെ ക്യാമ്പുകൾ അധ്യാപകർ ബഹിഷ്കരിച്ചിരുന്നു. അധ്യാപകരും വിദഗ്ധരും ചേർന്ന് തയ്യാറാക്കുന്ന ഫൈനലൈസേഷൻ സ്കീമിനെ ആശ്രയിച്ചാണ് സാധാരണ ഹയർ സെക്കണ്ടറി മൂല്യനിർണയം നടത്താറുള്ളത്. അത് അവഗണിച്ച് ചോദ്യകർത്താവ് തന്നെ തയ്യാറാക്കിയ ഉത്തര സൂചികയെ ആശ്രയിക്കാൻ വകുപ്പ് നിർദ്ദേശം നൽകിയതാണ് പ്രതിഷേധത്തിന് കാരണം.
മാർക്ക് കൂടുതൽ നൽകുന്ന തരത്തിൽ ഫൈനലൈസഷൻ സ്കീം തയ്യാറാക്കിയെന്ന് ചൂണ്ടിക്കാട്ടി 12 അധ്യാപകർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ കാരണം കാണിക്കൽ നോട്ടീസും നൽകിയോടെ പ്രതിഷേധം ശക്തമായി. ഉത്തര സൂചികയിൽ കാര്യമായ പിഴവുകളുണ്ടെന്നും വിദ്യാർത്ഥികൾക്ക് മാർക്ക് നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് അധ്യാപകർ പ്രതിഷേധിക്കുന്നത്. അധ്യാപകർ ക്യാമ്പിൽ എത്തിയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്ന് കാണിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കി. മൂല്യ നിർണ്ണയത്തിന്റെ അവസാന ദിവസമായ ഇന്നും ക്യാമ്പ് അധ്യാപകർ ബഹിഷ്കരിച്ചു. .
