ഇസ്രായേൽ- ഹമാസ് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ അജയ് ദൗത്യവുമായി ഇന്ത്യ. ഇസ്രായേലിൽ നിന്നും പ്രത്യേക വിമാനത്തിൽ ഇന്ത്യക്കാരെ തിരികെ എത്തിക്കും. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് വിവരം എക്സിലൂടെ അറിയിച്ചത്. ഓപ്പറേഷൻ അജയ് ഇന്ന് തുടങ്ങും.
ഇസ്രായേലിലുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിച്ചുവെന്നും യുദ്ധമുഖത്ത് കഴിയുന്ന 18000 ഇന്ത്യക്കാരെ കൂടാതെ അറുപതിനായിരത്തോളം ഇന്ത്യൻ വംശജരും രക്ഷാ സഹായം തേടിയെന്നും എല്ലാ ഇന്ത്യാക്കാരെയും രക്ഷിക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. മടങ്ങാൻ രജിസ്റ്റർ ചെയ്തവരുടെ പട്ടിക തയാറെന്നും അവരെ ഇന്ന് ഇന്ത്യയിലേക്കുള്ള ആദ്യ പ്രത്യേക വിമാനത്തിൽ എത്തിക്കുമെന്നും എംബസി അറിയിച്ചു.
ശനിയാഴ്ച ആരംഭിച്ച യുദ്ധത്തിൽ 3700 പേർ ഇതുവരെ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ശനിയാഴ്ച രാവിലെ നൂറുകണക്കിന് ഹമാസ് ഭീകരർ അതിർത്തി കടന്ന് ഇസ്രായേലിൽ അക്രമം നടത്തുകയായിരുന്നു. ഇസ്രായേലി സൈനികരെ അടക്കം ഇവർ ബന്ദികളാക്കിയിട്ടുണ്ട്.
സ്ഥിതിഗതികൾ നിരീക്ഷിക്കാൻ വിദേശ കാര്യമന്ത്രാലയം 24 മണിക്കൂർ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഇസ്രായേലിലും പലസ്തീനിലുമുള്ള ഇന്ത്യാക്കാർക്ക് ബന്ധപ്പെടാൻ കൂടുതൽ ഹെൽപ് ലൈൻ നമ്പറുകളും പുറത്തുവിട്ടിട്ടുണ്ട്. യുദ്ധ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ അനുസരിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യൻ അംബാസഡർ നിർദേശിച്ചു. ഹമാസുമായുള്ള യുദ്ധത്തിൽ ഇസ്രായേലിന് ശക്തമായ പിന്തുണ ആവർത്തിക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. ഇസ്രായേലിനൊപ്പം നില്‍ക്കുന്നു എന്ന് പ്രധാനമന്ത്രി രണ്ടുവട്ടം വ്യക്തമാക്കിയിരുന്നു.
