പ്രായവും ആരോഗ്യവും ഒരുപോലെ തളര്‍ത്തുമ്പോഴും നീണ്ട മണിക്കൂറുകള്‍ ജനങ്ങള്‍ക്കിടയില്‍ നിന്ന് പരിഭവങ്ങള്‍ കേട്ട പൊതുപ്രവര്‍ത്തകന്‍, തനിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കും കുന്തമുനകള്‍ക്കും പോലും ചുണ്ട് വിടര്‍ത്തി ചിരിച്ചു കൊടുത്ത നിഷ്‌കളങ്കതയില്‍ രൂപപ്പെടുത്തിയ രാഷ്ട്രീയക്കാരന്‍, രാത്രി ഏറെ വൈകിയാലും ചുറ്റില്‍ നിന്നും ആളൊഴിയാത്ത നേതാവ്. ജനങ്ങള്‍ക്കായുള്ള ഓട്ടത്തിനിടയില്‍ ഖദറിന്റെ ഇളക്കം മാറ്റാനോ തലമുടിയൊന്ന് ചീവിയൊതുക്കാനോ പോലും സമയമില്ലാതെപോയ സജീവ രാഷ്ട്രീയത്തിലെ ‘പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ്’ ഇനിയില്ല.
1943 ഒക്ടോബര്‍ 31 ന് തിരുവിതാംകൂറിന് കീഴിലുള്ള പുതുപ്പള്ളിയില്‍ ജനിച്ച്, പുതുപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ കെഎസ്യു യൂണിറ്റ് പ്രസിഡന്റില്‍ തുടങ്ങി കേരള മുഖ്യമന്ത്രി പദം വരെ ജനങ്ങളെ ഒപ്പംകൂട്ടി നടന്നുകയറിയ അടിയുറച്ച കോണ്‍ഗ്രസുകാരന്‍, അതായിരുന്നു ഒരൊറ്റ വിവരണത്തില്‍ ഉമ്മന്‍ ചാണ്ടി. തുടര്‍ച്ചയായ 53 കൊല്ലകാലം ഒരു മണ്ഡലം കൈവിടാതെ ചേര്‍ത്തുനിര്‍ത്തി എന്നത് രാഷ്ട്രീയ ചരിത്രത്തില്‍ അത്ഭുതവും ഉമ്മന്‍ചാണ്ടിക്ക് മാത്രം സാധ്യമായതും, അദ്ദേഹം ജനഹിതമറിഞ്ഞ നേതാവ് ആയതുകൊണ്ട് തന്നെയാണ്. നിയമസഭ സാമാജികനായിരിക്കെ അദ്ദേഹം മൂന്നുതവണ മന്ത്രിയായി. ആഭ്യന്തരവും ധനകാര്യവും തുടങ്ങി, ഏതുസമയത്തും കൈപൊള്ളിയേക്കാവുന്ന സുപ്രധാന വകുപ്പുകള്‍ പിഴവുകളോ പാളിച്ചകളോ കൂടാതെ അദ്ദേഹം കൈകാര്യം ചെയ്തു. ഇത് അടുത്ത ഊഴത്തില്‍ അദ്ദേഹത്തിന് മുഖ്യമന്ത്രിക്കസേര നീക്കിവച്ചു.
ഒരു മുഖ്യമന്ത്രി എങ്ങനെയാവണം എന്ന് കേരളം പഠിക്കുന്നത് ഉമ്മന്‍ ചാണ്ടിയില്‍ നിന്നാണെന്ന് പറയുന്നതില്‍ ഒരണുമണി തൂക്കം പോലും തെറ്റില്ല. കാരണം അധികാര കസേരയില്‍ കയറിയ ഉടന്‍ തന്നെ ജനസമ്പര്‍ക പരിപാടികളുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി നിന്ന മുഖ്യമന്ത്രിമാര്‍ അന്നുവരെ കേരളത്തിന് അന്യമായിരുന്നു. സുരക്ഷകളോ മുഖ്യമന്ത്രിയെന്ന താലപ്പൊക്കാമോ ഇല്ലാതെ പരാതിക്കാരന്റെ മുഖം നോക്കി കയ്യില്‍ എഴുതി സൂക്ഷിച്ച പരാതികള്‍ ഏറ്റുവാങ്ങി ആശ്വസിപ്പിച്ച് മടക്കിയ അപൂര്‍വം ജനനായകരില്‍ ഏറ്റവും മുകളില്‍ തന്നെയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്താണ് നടക്കുന്നതെന്ന് ജനങ്ങളും അറിയേണ്ടതുണ്ട് എന്ന് മനസ്സിലാക്കി, സ്വന്തം കസേരക്ക് മുന്നില്‍ ക്യാമറ ഘടിപ്പിച്ചു ഒളിക്കാനൊന്നും ഇല്ലെന്ന് വിളംബരം നടത്തിയ രാഷ്ട്രീയ മാറ്റിചിന്തിക്കലുകളുടെ നേതാവായും ഉമ്മന്‍ ചാണ്ടി മാറി. സ്വദേശം വിട്ട് കടലുതാണ്ടി വിദേശത്ത് ദുരിതമനുഭവിക്കുന്ന ഓരോ പ്രവാസിക്കും ഉമ്മന്‍ ചാണ്ടി എന്നത് ആശ്വാസം എന്ന വാക്കിന് പര്യായം കൂടിയായിരുന്നു.
രാഷ്ട്രീയ ആരോപണങ്ങളും അതേ ചുറ്റിപറ്റിയുള്ള കേസുകളും വേട്ടയാടപ്പെട്ടപ്പോഴും, പ്രതിപക്ഷം മര്യാദകള്‍ മറന്ന് കല്ലെറിഞ്ഞപ്പോഴും ആ മുഖത്ത് പരിഭവങ്ങള്‍ ഓടിയെത്തിയില്ല. മറിച്ച് മുഖ്യമന്ത്രിയായിരിക്കെ തന്നെ അന്വേഷണം കമ്മിഷനുകള്‍ക്ക് മുന്നില്‍ മൊഴിയും പുതുപ്പള്ളി പുണ്യാളന് മുന്നില്‍ മനസും തുറന്ന ആ അതുല്യ താളുകളില്‍ ഇനി പുതിയ അധ്യായങ്ങള്‍ കാണില്ല. ഇതുകൊണ്ടെല്ലാം തന്നെയാവും ജനങ്ങള്‍ക്കൊപ്പം നടന്ന്, വളര്‍ന്ന്, ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ആ നേതാവ് തന്റെ ആത്മകഥക്ക് ‘തുറന്നിട്ട വാതില്‍’ എന്നുതന്നെ പേരിട്ടതും.
