പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയ സംഭവം : ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട് : നാദാപുരം തൂണേരിയില്‍ കഴിഞ്ഞ ശനിയാഴ്ച പ്രവാസി വ്യവസായി എം.ടി.കെ. അഹമ്മദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുടവന്തേരി സ്വദേശിയായ മുനീര്‍ ആണ് അറസ്റ്റിലായത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും കോഴിക്കോട് റൂറല്‍ എസ്പി എസ്. ശ്രീനിവാസ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച്ച പുലര്‍ച്ചെയാണ് പ്രവാസി വ്യവസായിയായ എം.ടി.കെ അഹമ്മദിനെ നാദാപുരം തൂണേരിയിലെ വീടിനടുത്തുവെച്ച് അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയത്. തിങ്കളാഴ്ച വ്യാപാരി വീട്ടില്‍ തിരിച്ചെത്തിയിരുന്നു. സംഭവത്തില്‍ മുടവന്തേരി സ്വദേശി വാരാക്കണ്ടി മുനീറിനെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ട് പോകാന്‍ എത്തിയ സംഘത്തിന് അഹമ്മദിനെ കാണിച്ചു കൊടുത്തത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു.

പ്രതികളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും ഇപ്പോള്‍ അധികം വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നുമാണ് പൊലീസിന്റെ നിലപാട്. അഞ്ചുപേരടങ്ങിയ സംഘം തന്നെ മര്‍ദ്ദിച്ച ശേഷം കൈയും കാലും ബന്ധിച്ച് വായയും കണ്ണും മൂടിയാണ് കൊണ്ടുപോയതെന്ന് അഹമ്മദ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഖത്തറിലെ കെമിക്കല്‍സ് വ്യവസായവുമായി ബന്ധമുള്ള, തനിക്ക് നേരിട്ട് പരിചയമുള്ള മൂന്ന് പേരെയാണ് അഹമ്മദ് സംശയിക്കുന്നത്.

വ്യവസായിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരുന്നത് എവിടെയായിരുന്നുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ചില സംഘങ്ങള്‍ ഈ തട്ടിക്കൊണ്ടുപോകലിന് പിന്നിലുണ്ടെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഗള്‍ഫില്‍ നിന്നാണ് തട്ടിക്കൊണ്ടുപോകലിന്റെ ആസൂത്രണവും നേതൃത്വവും നടന്നതെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *