വെറുമൊരു ചെരുപ്പുകട അല്ല, ഇത് കളിയാക്കലുകളെ തോല്‍പ്പിച്ച Manav Footwears

”എത്ര ചെറിയ നാട്ടിന്‍പുറത്ത് പോലും കാണുന്ന ഒരു സ്ഥാപനം. നഗരത്തിലേക്ക് കടന്നാല്‍ പത്തടി വയ്ക്കുമ്പോള്‍ തന്നെ ഒന്നിലധികം കാണാനും കഴിയും. സംശയം തീരെ വേണ്ട, തുടങ്ങേണ്ട താമസം മാത്രമേയുള്ളു. എപ്പോള്‍ പൊളിഞ്ഞു എന്ന് ചോദിച്ചാല്‍ മതി. കാരണം, നമ്മള്‍ എത്രയെത്ര ചെരുപ്പ് കടകള്‍ കണ്ടിട്ടുള്ളതാ…!”

ഒരു സംരംഭം തുടങ്ങുന്നതിന് മുമ്പ് കേള്‍ക്കാന്‍ പാടില്ലാത്തതും എന്നാല്‍ സാധ്യത ഏറെയുള്ളതുമായ നിരവധി പരിഹാസങ്ങള്‍ക്കൊടുവിലാണ് മനു സുരേന്ദ്രന്‍, Manav Footwears എന്ന തന്റെ യാത്ര തുടങ്ങുന്നത്. എന്നാല്‍ മുന്നോട്ടുപോയതാവട്ടെ വിമര്‍ശിച്ചവരുടെ വായടപ്പിച്ചുകൊണ്ടും.

സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മനു സുരേന്ദ്രന്‍ നേരെ രണ്ടുവര്‍ഷത്തെ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് പഠനം നടത്തി. തുടര്‍ന്ന് കപ്പലില്‍ ജോലിക്ക് കയറി. അഞ്ചു വര്‍ഷത്തോളം ഈ ജോലിയില്‍ തുടരുമ്പോഴാണ് തീവ്രമായ ഗൃഹാതുരത്വം വേട്ടയാടുന്നത്. ഇതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചു. എന്ത് സംരംഭം തുടങ്ങാമെന്ന് ആലോചിക്കവെയാണ് ഫൂട്ട് വെയര്‍ ഷോപ്പ് തുടങ്ങാമെന്ന ചിന്തയിലേക്ക് എത്തുന്നത്.

വൈകാതെ നല്ലൊരു തുക ലോണെടുത്ത് കടമുറികളുടെ അറ്റകുറ്റപണികളും ആരംഭിച്ചു. തുടര്‍ന്ന് കടയിലേക്ക് ആവശ്യമായ ചെരുപ്പുകള്‍ എത്തിച്ചുവെങ്കിലും ഇത് തികയാതെ വന്നു. രണ്ടാമത്തെ മുറിയിലേക്ക് ചെരുപ്പുകള്‍ തീരെ ഇല്ലാത്ത സ്ഥിതി വന്നതോടെ വീണ്ടും പലയിടത്തു നിന്നായി പണം കണ്ടെത്തി അതിനും പരിഹാരം കണ്ടു. എന്നാല്‍ ഇതിനിടെ നോട്ട് നിരോധനം കൂടി എത്തിയതോടെ മനു സുരേന്ദ്രന്‍ ചെറുതായൊന്ന് ഭയന്നു. ഈ സമയത്ത് മുമ്പ് ഒപ്പം പഠിച്ച കോട്ടയം സ്വദേശിയായ സുഹൃത്ത് സഹില്‍, പിന്തുണയും ആത്മവിശ്വാസവുമായതോടെ മുന്‍ നിശ്ചയിച്ച പ്രകാരം 2017 ഡിസംബറില്‍ തന്നെ വെള്ളറട പൊലീസ് സ്റ്റേഷന് സമീപത്തായി Manav Footwears പ്രവര്‍ത്തനം ആരംഭിച്ചു.

ഒരു സ്റ്റാഫുമായാണ് മനു സുരേന്ദ്രന്‍ തന്റെ മകന്റെ പേരുള്ള Manav Footwears എന്ന സ്വപ്‌ന സംരംഭം ആരംഭിക്കുന്നത്. ഗുണനിലവാരമുള്ള ചെരുപ്പുകളും ട്രെന്‍ഡുകള്‍ പരിഗണിച്ചുള്ള കൂടുതല്‍ മോഡലുകളും എത്തിയതോടെ ഇവരെ ജനങ്ങള്‍ ഏറ്റെടുത്ത് തുടങ്ങി. സ്ഥാപനം വിശാലമാവുന്നതിനൊപ്പം സ്റ്റാഫുകളുടെ എണ്ണവും വര്‍ധിച്ചു. എന്നാല്‍ ഈ സമയത്താണ് പ്രതിസന്ധിയായി കൊവിഡ് മുന്നോട്ടെത്തുന്നത്. ഇത് ബിസിനസിനെ വല്ലാതെ ബാധിച്ചു തുടങ്ങിയതോടെ മനു സുരേന്ദ്രനും അങ്കലാപ്പിലായി. എന്നാല്‍ ജേഷ്ഠസഹോദരനെ പോലെ എന്നും കൂടെയുണ്ടാവാറുള്ള ജോസഫ് അച്ചായനും മുമ്പ് ഷിപ്പില്‍ ഒപ്പമുണ്ടായിരുന്ന കൊല്ലം സ്വദേശിയായ സുഹൃത്ത് മനീഷ് മുരളീധരന്‍ സാമ്പത്തികവും മാനസികവുമായി മനുവിനെ താങ്ങിനിര്‍ത്തി.

അവര്‍ നല്‍കിയ പിന്തുണ, കരുത്തോടെ മുന്നോട്ട് ഓടാനുള്ള ആത്മവിശ്വാസം അദ്ദേഹത്തിന് നല്‍കി. ഈ ആത്മവിശ്വാസം Manav Footwears ന് ചെറിയകൊല്ല, കുന്നത്തുകാല്‍ തുടങ്ങിയ പ്രദേശങ്ങളിലും കടകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ഊര്‍ജവുമായി. ഒപ്പം സ്റ്റാഫുകളുടെ എണ്ണവും ഒന്നില്‍ നിന്ന് 16 ലേക്ക് ഉയര്‍ന്നു. മാത്രമല്ല നിലവില്‍ വികെസി, ബാറ്റ, ഒടീസ്സിയ, വാക്കാരൂ, ക്യുബിക്‌സ് തുടങ്ങിയ നിരവധി ബ്രാന്‍ഡുകളുടെ അരലക്ഷത്തിലധികം വരുന്ന മോഡലുകളിലുള്ള ചെരുപ്പുകള്‍ ഇവരുടെ പക്കലുണ്ട്. കൂടാതെ ഫൂട്ട് വെയര്‍ സ്റ്റിച്ചിങ്ങും ഇവര്‍ ലഭ്യമാക്കുന്നുണ്ട്.

എല്ലാത്തിലുമുപരി, തങ്ങള്‍ വില്‍പ്പന നടത്തുന്ന ഫൂട്ട് വെയറുകള്‍ക്ക് കേരളത്തില്‍ ഒരിടത്തും ലഭ്യമാക്കാത്ത ആറുമാസം വാറന്റിയും ഇവര്‍ നല്‍കി വരുന്നുണ്ട്. മാത്രമല്ല, ഫൂട്ട് വെയര്‍ മേഖലയിലെ വമ്പന്‍മാരായ വികെസി കേരളത്തിലെ മികച്ച റീടൈലര്‍മാര്‍ക്ക് നല്‍കിവരുന്ന മെഗാ റിവാര്‍ഡ് വിന്നര്‍ പുരസ്‌കാരത്തിന്റെ 2022 ലെ ഒന്നാം സമ്മാനം ഷെല്‍ഫില്‍ എത്തിച്ചതും Manav Footwears ഉം മനു സുരേന്ദ്രനും ഒന്നിച്ചാണ്.

Leave a Reply

Your email address will not be published. Required fields are marked *