ലോകമെമ്പാടുമുള്ള ഇന്ത്യൻ സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരൂഖ് ഖാൻ നായകനാകുന്ന ജവാൻ. ആറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ ഏഴിന് തീയറ്ററുകളിൽ എത്തും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ചിത്രത്തിൽ നയൻതാരയാണ് ഷാരൂഖിന്റെ നായിക. നയൻതാര അഭിനയിക്കുന്ന ആദ്യ ബോളിവുഡ് ചിത്രമാണിത്. 11 കോടി രൂപയാണ് ചിത്രത്തിന് നയൻതാരക്ക് ലഭിച്ച പ്രതിഫലമെന്നാണ് പ്രചരിക്കുന്നത്. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും പുറത്തു വന്നിട്ടില്ല.
ജവാനിൽ ഷാരൂഖിന്റെ പ്രതിഫലം നൂറുകോടിയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വില്ലനായി എത്തുന്ന വിജയ് സേതുപതിക്ക് പ്രതിഫലം 21 കോടിയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. സംഗീതസംവിധായകൻ അനിരുദ്ധിന്റെ പ്രതിഫലം 10 കോടിയാണെന്നും വാർത്തകൾ വന്നിരുന്നു.
