മസ്‌കിന്റെ ടെസ്‌ല; ഇന്ത്യയിൽ പണി തുടങ്ങി

ആഗോള ഇലക്ട്രിക് കാർ ഭീമനായ ടെസ്‌ലയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള വരവ് യാഥാർഥ്യമാകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറം ലോകമറിഞ്ഞത്.. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ ഇലക്ട്രിക് വെഹിക്കിൾ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ഭൂമി തേടുകയാണ് ടെസ്‌ല. ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ട് അനുസരിച്ച് മഹാരാഷ്ട്രയാണ് ടെസ്‌ല കൂടുതലായി പ്ലാന്റിന് വേണ്ടി പരിഗണിക്കുന്ന ഇടം. കൂടാതെ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിവരികയാണ് ടെസ്‌ല. ഇലോൺ മസ്‌ക് യുഎസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ടതിന് പിന്നാലെയാണ് ടെസ്‌ലയുടെ വരവിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ വന്നത്.

മോദിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് ശേഷമാണ് മഹാരാഷ്ട്രയെ പ്രധാന ഇടമായി ടെസ്‌ല കാണുന്നതും. അതിനിടെ ടെസ്‌ലയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് കുറഞ്ഞ താരിഫ് ഉൾപ്പെടെയുള്ള ഇളവുകൾ മസ്‌ക് തേടിയിട്ടുണ്ടെന്നാണ് വിവരം. മഹാരാഷ്ട്രയ്ക്ക് നറുക്ക് വീഴാൻ വേറെയും കാരണങ്ങളുണ്ട്. കമ്പനിക്ക് നിലവിൽ ഓഫീസുള്ള ഇടം കൂടിയാണ് പൂനെ, അത് കാരണം കൂടിയാണ് മഹാരാഷ്ട്രയെ ലിസ്‌റ്റിൽ ഫേവറൈറ്റുകൾ ആക്കുന്നത്. ടെസ്‌ലയുടെ പല വിതരണക്കാരും സംസ്ഥാനത്ത് സാന്നിധ്യമുള്ള ആളുകളുമാണ്. ഇത് സാധ്യതകൾ കൂടുതൽ വർധിപ്പിക്കുന്ന കാര്യമാണ്. മഹാരാഷ്ട്ര സർക്കാർ പൂനെയ്ക്ക് സമീപമുള്ള ചകൻ, ചിഖാലി എന്നിവയ്ക്ക് അടുത്തായി ബന്ധപ്പെട്ട സൈറ്റുകൾ ടെസ്‌ലയ്ക്ക് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. മെഴ്‌സിഡസ് ബെൻസ്, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഫോക്‌സ്‌വാഗൺ, ബജാജ് ഓട്ടോ തുടങ്ങിയ കമ്പനികളുടെ ആസ്ഥാനമാണ് ചക്കൻ, മേഖലയിലെ ഒരു പ്രധാന വാഹന നിർമ്മാണ കേന്ദ്രമാണ് ഇതെന്ന് സാരം.

എന്നാൽ ഇക്കാര്യത്തിൽ ചർച്ചകൾ തുടരുകയാണെന്നും അന്തിമ ധാരണയിലെത്തിയിട്ടില്ലെന്നും മഹാരാഷ്ട്ര അധികൃതർ വ്യക്തമാക്കി. അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് ഒരു തുറമുഖത്തിന്റെ സാമീപ്യം പോലെയുള്ള ഘടകങ്ങളും ടെസ്‌ല ശ്രദ്ധാപൂർവ്വം വിലയിരുത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, ഇത് ഇറക്കുമതി കൂടി മുന്നിൽ കണ്ടാവും.

അതേസമയം, വേദാന്ത-ഫോക്‌സ്‌കോൺ സെമി കണ്ടക്‌ടർ പ്ലാൻ്റ്, ടാറ്റ-എയർബസ് വിമാന നിർമാണ പദ്ധതി എന്നിവയുൾപ്പെടെ മറ്റ് സംസ്ഥാനങ്ങൾക്ക് മുൻപിൽ ഉയർന്ന നിക്ഷേപ പദ്ധതികൾ മഹാരാഷ്ട്രയ്ക്ക് നഷ്‌ടമായിരുന്നു. ഈ മോശം റെക്കോർഡ് മറികടക്കാൻ ടെസ്‌ലയെ പരമാവധി സംസ്ഥാനത്ത് തന്നെ നിലനിർത്താനാവും അവരുടെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *