രാജ്യത്ത് എംപിമാരുടെ ശമ്പളമാണ് പ്രധാന ചർച്ചാവിഷയം. കേന്ദ്ര സർക്കാർ ഗസറ്റ് വിജ്ഞാപനം ഇറക്കിയതോടെ 2023 ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ കൂട്ടിയ ശമ്പളം എംപിമാർക്ക് കിട്ടും.ശമ്പളം മാത്രമല്ല, അലവൻസ്, പെൻഷൻ എന്നിവയും വർധിപ്പിച്ചിട്ടുണ്ട്. ഇതുവരെ പാർലമെന്റ് അംഗങ്ങളുടെ പ്രതിമാസ ശമ്പളം ഒരു ലക്ഷം രൂപയായിരുന്നു. ഇനി മുതൽ 1.24 ലക്ഷം രൂപയായി ഉയരും. മാത്രമല്ല, പ്രതിദിന അലവൻസ് 2000 രൂപയിൽ നിന്ന് 2500 രൂപയാക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്. മുൻ എംപിമാരുടെ പെൻഷൻ 25000ത്തിൽ നിന്ന് 31000 രൂപയാക്കി വർധിപ്പിച്ചു. ഇവിടെയും നിൽക്കില്ല, എംപിമാരുടെ ആനുകൂല്യങ്ങൾ വേറെയുമുണ്ട്…ഇതുവരെ മുൻ എംപിമാരുടെ പെൻഷൻ 25000 രൂപയായിരുന്നു. ഇനി 31000 രൂപയായി ഉയരും. അഞ്ച് വർഷത്തേക്കാൾ കൂടുതൽ കാലം എംപിമാരായവർക്ക് അധികം വരുന്ന ഓരോ വർഷത്തിനും 2000 രൂപ അധിക പെൻഷൻ കിട്ടുമായിരുന്നു. ഈ തുക 2500 രൂപയാക്കി ഉയർത്തി. മുൻകാല പ്രാബല്യമുള്ളതിനാൽ വലിയൊരു തുക എംപിമാർക്ക് ലഭിക്കും.എംപിമാരുടെ ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും ഏറ്റവും ഒടുവിൽ വർധിപ്പിച്ചത് 2018ലാണ്. ലോക്‌സഭയിൽ 543 അംഗങ്ങളും രാജ്യസഭയിൽ 245 അംഗങ്ങളുമാണുള്ളത്. മുൻ എംപിമാർക്കുള്ള ചെലവ് കൂടി ചേരുമ്പോൾ ഖജനാവിൽ നിന്ന് വലിയൊരു തുക ഇവർക്ക് വേണ്ടി ചെലവഴിക്കേണ്ടി വരും. മാത്രമല്ല, അംഗങ്ങൾക്ക് ഔദ്യോഗിക കാന്റീനിൽ നിന്ന് ലഭിക്കുന്ന ഭക്ഷണത്തിനും ചെലവ് കുറവാണ്.
എംപിമാർക്ക് ശമ്പളത്തിന് പുറമെ മണ്ഡല അലവൻസുണ്ട്. 70000 രൂപയാണ് പ്രതിമാസം ഈ ഇനത്തിൽ ലഭിക്കുക. ഓഫീസ് ചെലവുകൾക്കായി മാസത്തിൽ 60000 രൂപയും കിട്ടും. ഓഫീസ് ജോലിക്കാരുടെ ശമ്പളം, ഫോൺ ബില്ല്, സ്‌റ്റേഷനറി ചെലവുകൾ എന്നിവയ്ക്കാണ് ഈ തുക. കൂടാതെ 34 സൗജന്യ ആഭ്യന്തര വിമാന യാത്രയ്ക്കുള്ള അവസരവുമുണ്ട്. എംപിമാർക്കും അവരുടെ ഉറ്റവർക്കും യാത്രാ ഇളവ് ലഭിക്കും.
മാത്രമല്ല, കണ്ണായ സ്ഥലത്ത് സൗജന്യ താമസ സൗകര്യവും എംപിമാർക്ക് ലഭിക്കും. ഔദ്യോഗിക വസതി ഉപയോഗിക്കാത്തവർക്ക് പ്രതിമാസം രണ്ട് ലക്ഷം രൂപ അനുവദിക്കും. ഓരോ വർഷവും 50000 യൂണിറ്റ് വൈദ്യുതി സൗജന്യമായി ഉപയോഗിക്കാം. 4000 കിലോ ലിറ്റർ സൗജന്യ വെള്ളവും ഉപയോഗിക്കാം. കേന്ദ്ര ആരോഗ്യ പദ്ധതിയിൽ എംപിമാർക്കും കുടുംബത്തിനും ചികിൽസയും ലഭിക്കും.
ജനപ്രതിനിധികളുടെ ശമ്പളം ഉയർത്തിയതിൽ പല കോണിൽ നിന്നും വിമർശനം ഉയരുന്നുണ്ട്. എന്നാൽ ജീവിത ചെലവ് ഉയരുകയാണ് എന്ന പ്രതികരണമാണ് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വ നൽകുന്നത്. കർണാടകയിലെ എംഎൽഎമാരുടെ ശമ്പളവും വർധിപ്പിക്കണം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. രാജ്യത്തെ എല്ലാ സംസ്ഥാനത്തും എംഎൽഎമാർക്ക് ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളുമുണ്ട്.
