മാത്യു കുഴല്‍നാടന്റെ ‘കണ്‍വിന്‍സിങ്’ സ്റ്റാര്‍ മോഡല്‍ ട്രോൾ

ഇടതുമുഖ്യമന്ത്രിയായിരിക്കുമ്പോഴും പിണറായി വിജയന്‍ ബിജെപിയുമായി ഒത്തുകളിക്കുന്നുവെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച വ്യക്തയാണ് മാത്യു കുഴല്‍നാടന്‍. കണ്‍വിന്‍സിങ് സ്റ്റാര്‍ മോഡല്‍ ട്രോളുമായി മാത്യു കുഴല്‍നാടന്‍ എത്തിയതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ കണ്‍വിന്‍സിങ് സ്റ്റാര്‍ ട്രോളുകളുടെ മാതൃകയില്‍ നടന്‍ സുരേഷ് കൃഷ്ണയുടെ കുറെ വീഡിയോകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ നടന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയാണ് മാത്യു കുഴല്‍നാടന്റെ ട്രോള്‍ ഇറക്കിരിക്കുന്നത്. ക്രിസ്ത്യന്‍ ബ്രദേഴ്‌സിലെ സുരേഷ് കൃഷ്ണയുടെ ട്രെന്‍ഡിങ് ഡയലോഗായ ‘പൊലീസിനെ നീ പറഞ്ഞ് മനസിലാക്ക്, ഞാന്‍ വക്കീലുമായി വരാം’ എന്നതിന് സമാനമായ ചില ഡയലോഗുകള്‍ മുഖ്യമന്ത്രിയുടെ ചിത്രത്തിന് അടിക്കുറിപ്പായി ചേര്‍ത്ത് ട്രോളാക്കിയത്.

മുഖ്യമന്ത്രിയുടെ രണ്ട് ചിത്രങ്ങളാണ് മാത്യു കുഴല്‍നാടന്‍ പങ്കുവച്ചിരിക്കുന്നത്. ഒന്നില്‍ മുഖ്യമന്ത്രിയും കെ രാധാകൃഷ്ണനും നില്‍ക്കുന്നതും മറ്റൊന്നില്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും നില്‍ക്കുന്നതും കാണാം. നിങ്ങള്‍ ഡല്‍ഹിയില്‍ പോയി ഉന്നത പദവി വഹിക്ക്, ഞാന്‍ അവനെ മന്ത്രിയാക്കിയിട്ട് വരാമെന്നാണ് രാധാകൃഷ്ണനോട് മുഖ്യമന്ത്രി പറയുന്നതായി ട്രോളിലുള്ളത്. നിങ്ങള്‍ ഇഡിയെ കൈകാര്യം ചെയ്യ്, ഞാന്‍ തൃശ്ശൂര്‍ ശരിയാക്കിയിട്ട് വരാമെന്ന് മോദിയോട് പറയുന്നതായുമാണ് ട്രോള്‍. മീമിന് കണ്‍വിന്‍സിങ് സ്റ്റാര്‍ ഡാ എന്നാണ് മാത്യു കുഴല്‍നാടന്‍ ക്യാപ്ഷന് നല്‍കിയിരിക്കുന്നത്.

തൃശ്ശൂരില്‍ സിപിഐഎം- ബിജെപി ഡീലുണ്ടായെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്ന ആരോപണമാണ് മാത്യു ട്രോളിലൂടെയും ആവര്‍ത്തിക്കുന്നത്. ചേലക്കരയുടെ എംഎല്‍എയും മന്ത്രിയുമായിരുന്ന കെ രാധാകൃഷ്ണനെ പാര്‍ലമെന്റിലേക്ക് അയച്ചത് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്താന്‍ വേണ്ടിയാണെന്നും മാത്യു കുഴല്‍നാടന്‍ ട്രോളിലൂടെ ധ്വനിപ്പിക്കുന്നുണ്ട്. മാത്യു കുഴല്‍നാടന്റെ ട്രോള്‍ ഫേസ്ബുക്കില്‍ ചുരുങ്ങിയ നേരം കൊണ്ട് തന്നെ വൈറലായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *