തിരുവനന്തപുരം: ആര്‍ഭാടങ്ങളുടെ പകിട്ടില്ലാതെ പിന്നണി ഗായിക മഞ്ജരി വിവാഹശേഷം ആദ്യമെത്തിയത് ഭിന്നശേഷിക്കുട്ടികളുടെ ഡിഫറന്റ് ആര്‍ട് സെന്ററില്‍. ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം പാട്ടുപാടിയും കൂട്ടുകൂടിയും സദ്യകഴിച്ചും അത്യധികം ലളിതവും സുന്ദരവുമാക്കി മഞ്ജരി തന്റെ വിവാഹാഘോഷം.

ബാല്യകാല സുഹൃത്തായ ജെറിനാണ് മഞ്ജരിയുടെ വരന്‍. വരനും വധുവും ഉച്ചയോടെയാണ് ഡിഫറന്റ് ആര്‍ട് സെന്ററിലെത്തിയത്. തുടര്‍ന്ന് ഭിന്നശേഷിക്കുട്ടികളുടെ നേതൃത്വത്തില്‍ ഉജ്ജ്വല വരവേല്‍പ്പാണ് നല്‍കിയത്. ഡിഫറന്റ് ആര്‍ട് സെന്ററിലെ കാമെല്ലെ കാസ്‌കേഡില്‍ തയ്യാറാക്കിയ വേദിയില്‍ ഗോപിനാഥ് മുതുകാട് വധൂവരന്മാരെ ആനയിച്ചു. ഭിന്നശേഷിക്കുട്ടികളുടെ ചെണ്ടമേളവും വാദ്യോപകരണ സംഗീതവുമൊക്കെ ചടങ്ങിനെ കൂടുതല്‍ ചടുലമാക്കി.

തുടര്‍ന്ന് സെന്ററിലെ റുക്സാനയും പാര്‍വതിയും കൂട്ടരും താമരക്കുരുവിക്ക് തട്ടമിട് എന്ന ഗാനം ആലപിച്ചു. അതോടെ കുട്ടികള്‍ ഒന്നടങ്കം പാട്ടിനൊപ്പം നൃത്തം ചെയ്തു. മഞ്ജരിയും ജെറിനും കുട്ടികള്‍ക്കിടയിലേയ്ക്കിറങ്ങിയതോടെ വിവാഹാഘോഷം അതിന്റെ പൂര്‍ണതയിലെത്തുകയായിരുന്നു. ഒടുവില്‍ മഞ്ജരിയും കുട്ടികള്‍ക്കായി പാടുകയും ചെയ്തു.
വിവാഹത്തെക്കുറിച്ച് ചിന്തിച്ചപ്പോഴൊക്കെ അത് ഡിഫറന്റ് ആര്‍ട് സെന്ററില്‍ തന്നെ വേണമെന്നുള്ളത് തന്റെ ആഗ്രഹമായിരുന്നുവെന്ന് മഞ്ജരി പറഞ്ഞു. ഇവിടെ വരുമ്പോള്‍ കിട്ടുന്ന പോസിറ്റീവ് എനര്‍ജിയാണ് അതിനുകാരണം. ഈ കുട്ടികളോടൊപ്പമല്ലാതെ വിവാഹ ആഘോഷം പൂര്‍ത്തിയാവില്ലെന്നും എന്നും എക്കാലവും എനിക്ക് ഏറെ പ്രിയപ്പെട്ട ഒരിടമാണിതെന്നും മഞ്ജരി കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ രുചികരമായ സദ്യ മഞ്ജരിയും ഭര്‍ത്താവ് ജെറിനും ചേര്‍ന്ന് ഭിന്നശേഷിക്കുട്ടികള്‍ക്ക് വിളമ്പി. മാത്രമല്ല അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാനും ഇരുവരും ഒപ്പം കൂടി.

പത്തനംതിട്ട സ്വദേശിയാണ് വരന്‍. എച്ച്.ആര്‍ മാനേജരായി ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന ജെറിന്‍ ഒന്നാം ക്ലാസുമുതല്‍ ഒന്നിച്ച് പഠിച്ചതാണ്. വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ സത്കാരത്തില്‍ പങ്കെടുത്തത്. ഇതാദ്യമായാണ് ഒരു വിവാഹം ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടക്കുന്നത്. വിവാഹ ചടങ്ങുകളില്‍ നിന്നുപോലും ഇത്തരം കുട്ടികളെ അകറ്റി നിര്‍ത്തുവാന്‍ ശ്രമിക്കുന്ന സമൂഹത്തിന് മഞ്ജരി നല്‍കിയത് വലിയൊരു പാഠമാണ്. അവരുള്ളിടത്തേയ്ക്ക് പോയി വിവാഹം ആഘോഷിക്കുവാനുള്ള തീരുമാനം ഇത്തരം കുട്ടികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ പുതിയൊരു മാറ്റത്തിന് തുടക്കം കുറിക്കും.

 
                                            