മണിപ്പൂര്‍ കലാപം ആസൂത്രിതമാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. മേയ് ആദ്യം മുതല്‍ ആരംഭിച്ചതാണ് മണിപ്പൂര്‍ കലാപം.ഇന്ത്യ ഭരിക്കുന്ന കക്ഷികളുടെ ആസൂത്രിതമായ സംഭവമാണിത്. ഒരിക്കലും ഒരു ഭരണകക്ഷി, രാജ്യം ഭരിക്കുന്ന ഒരു പാര്‍ട്ടി ഇത്തരത്തില്‍ രാജ്യത്തിന്റെ സമാധാനം താറുമാറാക്കാന്‍ ഇടയാക്കുന്ന സംഭവങ്ങള്‍ക്ക് പ്രേരണ ചെയ്യുകയോ കൂട്ടുനില്‍ക്കുകയോ പാടില്ലാത്തതാണ്. എന്നാല്‍ അങ്ങേയറ്റം ഹീനമായ നടപടിയാണ് അരങ്ങേറുന്നതെന്നും ഇ.പി ജയരാജന്‍ പറഞ്ഞൂ.മണിപ്പൂര്‍ ജനത പൊതുവേ ശാന്തരാണ്. മണിപ്പൂരികള്‍ എല്ലാവരുമായി സൗഹൃദം സ്ഥാപിക്കുന്ന സമൂഹമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ നേട്ടമൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.ഹിന്ദുമത വിശ്വാസികളും ക്രിസ്ത്യന്‍ മതവിശ്വാസികളും സമുഹവും ജീവിക്കുന്ന നാടാണ്. വളരെ സാഹോദര്യത്തോടെ കഴിഞ്ഞുവന്ന ജനതയെ, ഗോത്ര വിഭാഗങ്ങളെ തമ്മില്‍ തല്ലിക്കുകയാണെന്നൂം അദ്ദേഹം പറഞ്ഞൂ. മണിപ്പൂര്‍ വിഷയത്തില്‍ ജൂലൈ 5 ന് എല്ലാ നിയമസഭ മണ്ഡലങ്ങളിലും എല്‍ ഡി എഫ് കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ഇ പി പറഞ്ഞു.
അതേസമയം സുധാകരന്‍ ചെയ്തത് വലിയ തെറ്റാണെന്നും കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറി അന്വേഷണം നേരിടണമായിരുന്നു എന്നും ഇ പി ചൂണ്ടിക്കാട്ടി. അപകടകരമായ അഴിമതിയാണ് സുധാകരന്‍ ചെയ്തത്, രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇതിനെ ന്യായീകരിച്ചാല്‍ അവരുടെ മതിപ്പ് നഷ്ടപ്പെടും എന്നും ഇ പി കൂട്ടിച്ചേര്‍ത്തു. ശക്തിധരന്റെ ആരോപണം അടിസ്ഥാനരഹിതമെന്നും ശക്തിധരന്‍ ദേശാഭിമാനിയെയോ പാര്‍ട്ടിയെയോ കുറ്റപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ചെയ്തിരിക്കുന്ന കുറ്റങ്ങളെ മറക്കാനാണ് സുധാകരനും സതീശനും ഇതു പ്രചരിപ്പിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
ഏക സിവില്‍ കോഡ് വിഷയവുമായി ബന്ധപ്പെട്ട് എല്ലാ ജനവിഭാഗങ്ങളിലും ഐക്യം ഉണ്ടാക്കണം, ഏക സിവില്‍ കോഡ് കൊണ്ട് വരുന്നത് രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിന് വേണ്ടിയാണ് എന്നും അത് ഇന്ത്യയെ തകര്‍ക്കുമെന്നും, ബി ജെ പി – ആര്‍ എസ് എസ് അജണ്ട ആണിതെന്നും ഇ പി പറഞ്ഞു.
അതേസമയം മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി രംഗത്തെത്തി.മണിപ്പൂരിലേത് ആസൂത്രിതമായ വംശഹത്യയാണ്. ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു. ക്രൈസ്തവ ദേവാലയങ്ങള്‍ ലക്ഷ്യമിടുന്നു. ഭരണഘടന തരുന്ന സ്വാതന്ത്ര്യം ഉറപ്പ് വരുത്തേണ്ടത് രാജ്യം ഭരിക്കുന്ന ആളുകളാണ്. അതില്‍ ഗുരുതര വീഴ്ച ഉണ്ടായി എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി ഏത് കാര്യത്തില്‍ പ്രതികരിക്കണം എന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. എന്നാല്‍, ഇന്ത്യയില്‍ വിവേചനം ഇല്ലെന്നാണ് അമേരിക്കയില്‍ പോയപ്പോള്‍ അദ്ദേഹം പറഞ്ഞത്. അത് മണിപ്പൂരില്‍ കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ നോക്കി പറയണം. എന്നാല്‍ മാത്രമേ അതില്‍ ആത്മാര്‍ത്ഥത ഉണ്ടാവുകയുള്ളൂ. പ്രധാനമന്ത്രി മിണ്ടാത്തത് അല്ല പ്രശ്നം. മണിപ്പൂര്‍ കത്തി എരിയുമ്‌ബോള്‍ ഒന്നും ചെയ്യുന്നില്ല എന്നുള്ളതാണെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു

 
                                            