മമ്മൂട്ടിയുടെ പുതിയ ചിത്രം കണ്ണൂർ സ്ക്വാഡിന്റെ വിജയം മമ്മൂട്ടിക്ക് ഒരു കടം വീട്ടൽ കൂടിയാണ്. 1989 ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ മഹായാനം എന്ന ചിത്രം നിർമ്മിച്ച സി ടി രാജന്റെ മക്കളാണ് സിനിമയ്ക്ക് പിന്നിൽ.
നിരൂപകശ്രദ്ധ നേടിയ ചിത്രമായിരുന്നു മഹായാനം എങ്കിലും സാമ്പത്തികമായി പരാജയപ്പെട്ടു. നിർമ്മാതാവായ രാജന് വലിയ സാമ്പത്തിക നഷ്ടമാണ് സിനിമ വരുത്തിവെച്ചത്. മഹായാനത്തിനു ശേഷം രാജൻ സിനിമകൾ നിർമ്മിച്ചിരുന്നില്ല. ചിത്രത്തിലൂടെ മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിക്കുകയും ചെയ്തു.
വർഷങ്ങൾക്കുശേഷം അതേ നിർമാതാവിന്റെ മൂത്ത മകന്റെ തിരക്കഥയിൽ ഇളയ മകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുത്തത് മമ്മൂട്ടി തന്നെയായിരുന്നു. സിനിമയുടെ സംവിധായകനായ റോബി വർഗീസ് രാജും തിരക്കഥാകൃത്തായ റോണി ബേബി രാജും പഴയ നിർമ്മാതാവ് രാജന്റെ മക്കളാണെന്ന കാര്യം റോബിരാജിന്റെ ഭാര്യ ഡോക്ടർ അഞ്ചു മേരിയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മഹായാനം പുറത്തിറങ്ങി 34 വർഷങ്ങൾക്ക് ശേഷം ലഭിച്ച കണ്ണൂർ സ്ക്വാഡിന്റെ വിജയത്തിലൂടെ ജീവിതവൃത്തം പൂർത്തിയാകുന്നതായി ഡോ അഞ്ചു മേരി ഫേസ്ബുക്കിൽ കുറിച്ചു
