മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറില്‍ അദ്ദേഹത്തിന് നഷ്ടമായ ചില ഹിറ്റ് സിനിമകളുണ്ട്. രാജാവിന്റെ മകന്‍ മുതല്‍ ദൃശ്യം വരെ അതില്‍പ്പെടുന്നു. മമ്മൂട്ടിക്ക് നഷ്ടപ്പെട്ട മറ്റൊരു സിനിമയാണ് രഞ്ജിത്ത് സംവിധാനം ചെയ്ത ദേവാസുരമാണെന്ന് മുന്‍പൊരിക്കല്‍ സംവിധായകന്‍ ഹരിദാസ് തുറന്നു പറഞ്ഞിരുന്നു. അന്ന് രഞ്ജിത്തിന് പകരം താനായിരുന്നു ഈ സിനിമ സംവിധാനം ചെയ്യാനിരുന്നതെന്നും ഹരിദാസ് ഒരു മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ദേവാസുരം ഞാന്‍ ചെയ്യേണ്ട ചിത്രമായിരുന്നു. മോഹന്‍ലാലല്ല അന്ന് നായകന്‍. മമ്മൂട്ടിയായിരുന്നു. ഞാനും രഞ്ജിത്തും കൂടി മമ്മൂട്ടിയോട് കഥ പറയാന്‍ മദ്രാസില്‍ ചെന്നു. തിരക്ക് മൂലം കഥ പറയാന്‍ പറ്റിയില്ല. ഞങ്ങള്‍ തിരിച്ച് വന്നു. എന്തുകൊണ്ടാണ് മമ്മൂട്ടി തിരക്കാണെന്ന് പറഞ്ഞതെന്ന് ഇപ്പോഴും അറിയില്ല. പിന്നീട് ദേവാസുരം മുരളിയെ വെച്ച് ആലോചിച്ചു. മറ്റ് ചില കാരണങ്ങള്‍ കൊണ്ട് അതും നടന്നില്ല. ഒടുവില്‍ രഞ്ജിത്ത് മോഹന്‍ലാലിനെ വെച്ച് ദേവാസുരം ചെയ്യുകയായിരുന്നു എന്നും, ദേവാസുരം നഷ്ടമായതില്‍ തനിക്ക് വിഷമം തോന്നിയെന്നും ഹരിദാസ് തുറന്ന് പറഞ്ഞു.
മലയാളികള്‍ക് ഏറെ പരിചിതനായ സംവിധായകന്‍ തന്നെയാണ് ഹരിദാസ്. ജോര്‍ജ്ജുകുട്ടി കെയര്‍ ഓഫ് ജോര്‍ജ്ജുകട്ടി,കിന്നരിപ്പുഴയോരം, കാട്ടിലെ തടി തേവരുടെ ആന, ഇന്ദ്രപ്രസ്ഥം, കണ്ണൂര്‍, ഊട്ടിപട്ടണം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ഹരിദാസാണ്.
വര്‍ഷങ്ങള്‍ക്കിപ്പുറവും ദേവാസുരത്തിന്റെ കാഴ്ചക്കാരില്‍ കുറവുണ്ടായിട്ടില്ല. സിനിമയിലെ ഓരോ രംഗവും പശ്ചാത്തലവും കഥാപാത്രങ്ങളും സംഭാഷണവും മലയാളികള്‍ക്ക് കാണാപ്പാഠമാണ്. മംഗലശ്ശേരി നീലകണ്ഠനും മുണ്ടയ്ക്കല്‍ ശേഖരനും ഭാനുമതിയും വാര്യരുമെല്ലാം ഏവര്‍ക്കും തൊട്ടു പരിചിതവട്ടത്തുള്ള മനുഷ്യരാണ്. ഏഴിലക്കര ദേശവും ഭഗവതിയും ഉത്സവവും മംഗലശ്ശേരി തറവാടുമെല്ലാം കേവലം സിനിമയിലെ ഭൂമികയും പശ്ചാത്തലങ്ങളും മിത്തുകളുമല്ല, തങ്ങളുടെ ദേശപരിധിയിലുള്ളവ തന്നെയായി മാറുന്നു.
വര്‍ഷങ്ങള്‍ കഴിയുന്തോറും വീര്യമേറുന്നൊരു വീഞ്ഞാണീ സിനിമ.
മലയാളത്തിലെ എക്കാലത്തെയും കരുത്തുറ്റ നായകസൃഷ്ടികളിലൊന്നാണ് നീലകണ്ഠന്‍. മോഹന്‍ലാലിന്റെ അഭിനയജീവിതത്തെ മറ്റൊരു വിതാനത്തിലേക്ക് പറിച്ചുനടുക കൂടിയായിരുന്നു മംഗലശ്ശേരി നീലകണ്ഠന്‍ എന്ന കഥാപാത്രം ചെയ്തത്. നീലകണ്ഠന് മുമ്പും ശേഷവും എന്ന രീതിയില്‍ മോഹന്‍ലാലിനെ അടയാളപ്പെടുത്താവുന്ന നായക ബിംബവത്കരണമാണ് ഈ കഥാപാത്രം സാധ്യമാക്കിയത്.

 
                                            