ജന്മദിനത്തിൽ സർപ്രൈസ് ഗിഫ്റ്റുമായി മമ്മൂട്ടി

നടൻ മമ്മൂട്ടിയുടെ എഴുപത്തി രണ്ടാം ജന്മദിനത്തോടനുബന്ധിച്ച് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ “കാൽ ലക്ഷം രക്തദാനം” സംഘടിപ്പിച്ചു. മമ്മൂട്ടിയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ ആദ്യകാലം മുതലേ പങ്കാളി ആയിരുന്ന അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ പ്രത്യേകം എര്‍പ്പെടുത്തിയ
സംവിധാനത്തില്‍ സംഘടിപ്പിക്കുന്ന “കാൽ ലക്ഷം രക്തദാനം” എന്ന പരിപാടിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

അങ്കമാലി എം എൽ എ റോജി എം ജോൺ, ചലച്ചിത്ര സംവിധായകൻ അജയ് വാസുദേവ് എറണാകുളം എ സി പി രാജ്‌കുമാർ തുടങ്ങിയവര്‍ രക്തദാനം നടത്തി. മമ്മൂട്ടി തനിക്ക് ഇഷ്ട നടൻ മാത്രമല്ല അദ്ദേഹത്തിലെ സഹനുഭൂതിയുള്ള മനുഷ്യനെയും താൻ ഏറെ ഇഷ്ടപ്പെടുന്നുവെന്നു റോജി പറഞ്ഞു. മുൻ മന്ത്രിയും ഇടതു മുന്നണി നേതാവുമായ ജോസ് തെറ്റയിൽ രക്തദാതാക്കൾക്ക് പിന്തുണയുമായി എത്തിയിരുന്നു. മമ്മൂട്ടിയുടെ വിദ്യാഭ്യാസ കാലത്ത് അദ്ദേഹത്തിന്റെ സീനിയറും സുഹൃത്തുമാണ് ജോസ് തെറ്റയിൽ.

ഇപ്പോഴിതാ ജന്മദിന തലേന്ന് ഒരു വമ്പൻ ബർത്‍‍ഡേ സ‍‍‍ര്‍പ്രൈസ് തന്‍റെ സോഷ്യൽമീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം . ഫെൻസിംഗ് മത്സരത്തിന്‍റെ ജഴ്സിയും ഹെൽമറ്റും വാളുമായി നില്‍ക്കുന്ന ചിത്രമാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് അദ്ദേഹത്തിന്‍റെ പുതിയ സിനിമയുടെ സ്റ്റില്ലാണോ അതോ ഏതെങ്കിലും പരസ്യ ചിത്രത്തിന്‍റേതാണോ എന്നാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ചകള്‍ തുടങ്ങിയിരിക്കുന്നത്.

‘തൂഷെ’ എന്ന് എഴുതിക്കൊണ്ടാണ് മമ്മൂട്ടി ഈ ചിത്രം ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചിരിക്കുന്നത്. ഫെൻസിംഗിൽ എതിരാളിയുടെ നീക്കത്തെ അഭിനന്ദിക്കുന്നതിനുള്ള ഒരു വാക്കാണിത്. എന്നാൽ ചിത്രത്തോടൊപ്പം സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിനേയും സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ഷാനി ഷാകിയേയും ഒരു ബ്രാൻഡിനെയും ടാഗ് ചെയ്തിട്ടുമുണ്ട്.

ഇതോടെയാണ് ഏവർക്കും സംശയം ഉടലെടുത്തിരിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണോ അതോ ബ്രാൻഡിന്റെ പരസ്യ ചിത്രത്തിന്‍റെ സ്റ്റില്ലാണോ എന്നൊക്കെയാണ് പലരും ചിത്രത്തിന് താഴെ കമന്‍റുകളിലൂടെ ചോദിച്ചിരിക്കുന്നത്. ഏതായാലും ജന്മദിന തലേന്ന് തന്നെസോഷ്യൽ മീഡിയയിലാണ് ഈ ലുക്ക് ചർച്ചയായി മാറിയിരിക്കുന്നത്.

മമ്മൂട്ടി അഭിനയിക്കുന്ന പുതിയ സിനിമയായ ‘കണ്ണൂർ സ്കോഡി’ന്‍റെ ട്രെയിലറും പുറത്തിറങ്ങാനിരിക്കുന്നുണ്ട്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ‘ബിലാലി’ന്റെയും ഭ്രമയുഗത്തിന്റെയും അപ്ഡേറ്റുകൾ ഉണ്ടാവുമെന്ന അഭ്യൂഹവും ആരാധകർക്കിടയിലുണ്ട്. ഏതായാലും ജന്മദിനത്തോടനുബന്ധിച്ച് തങ്ങളുടെ പ്രിയതാരം പങ്കുവെച്ച ഫെൻസിംഗ് ലുക്ക് ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *