നോര്‍ത്ത് ഈസ്റ്റിന്റെ ഹീറോ ആയി മലയാളി താരം വി.പി. സുഹൈര്‍

മഡ്ഗാവ് : ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളിന് മടക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് മലയാളി താരമായ മലയാളികളുടെ സ്വന്തം വി.പി. സുഹൈര്‍ എന്ന പാലക്കാട്ടുകാരനാണ്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ച ഗോള്‍ നേടിയത് സുഹൈറായിരുന്നു. മത്സരത്തില്‍ 90 മിനിറ്റും നോര്‍ത്ത് ഈസ്റ്റിനായി കളിച്ച സുഹൈര്‍ 9.37 റേറ്റിംഗ് പോയിന്റ് സ്വന്തമാക്കിയാണ് ഹീറോ ഓഫ് ദ് മാച്ചായത്.

ഐ ലീഗ് ചാമ്പ്യന്മാരായ മോഹന്‍ ബഗാനുവേണ്ടി നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് സുഹൈറിനെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ എത്തിച്ചത്. ഐ ലീഗിന് പുറമെ കല്‍ക്കട്ട പ്രീമിയര്‍ ലീഗിലും ഡുറാന്റ് കപ്പിലും ബഗാനു വേണ്ടി സുഹൈര്‍ തിളങ്ങിയിരുന്നു.

ബഗാന്‍ പരിശീലകനായിരുന്ന കിബു വിക്കൂന ബ്ലാസ്റ്റേഴ്സിന്റെ പരിശീലക ചുമതല ഏറ്റെടുത്തപ്പോള്‍ സുഹൈറും ബ്ലാസ്റ്റേഴ്സില്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സഹപരിശീലകന്‍ ഖാലിദ് ജമീല്‍ സുഹൈറിനെ ടീമില്‍ എത്തിക്കാനുള്ള നീക്കങ്ങളില്‍ വിജയിച്ചു.

ബഗാനില്‍ എത്തും മുന്‍പ് രണ്ട് സീസണുകളായി ഗോകുലത്തിന്റെ ജേഴ്സിയില്‍ സുഹൈര്‍ കളിച്ചിരുന്നു. അതിനു മുന്‍പ് കൊല്‍ക്കത്തയില്‍ ഈസ്റ്റ് ബംഗാളിനായും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച താരമാണ് സുഹൈര്‍. ഗോകുലത്തിനൊപ്പം കേരള പ്രീമിയര്‍ ലീഗ് കിരീടം നേടിയിട്ടുള്ള സുഹൈര്‍ മുന്‍പ് കൊല്‍ക്കത്ത ക്ലബ്ബായ യുണൈറ്റഡ് സ്പോര്‍ട്ട്സിനു വേണ്ടിയും കളിച്ചിട്ടുണ്ട്‌. 2015-16 വര്‍ഷങ്ങളില്‍ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമില്‍ അംഗമായിരുന്ന സുഹൈര്‍ പാലക്കാട് എടത്തനാട്ടുകര കോട്ടപ്പള്ളയിലെ വടക്കേപീടിയ ഹംസ – റുഖിയ ദമ്പതിമാരുടെ മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *