സർക്കാർ തസ്തികകളിലെ നിയമനത്തിൽ ജനങ്ങൾക്കിടയിൽ തെറ്റിധാരണ സൃഷ്ടിക്കാൻ വ്യാജ പ്രചരണം നടത്തുന്നു എന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. പിൻവാതിൽ നിയമനങ്ങൾ സംബന്ധിച്ച് പി സി വിഷ്ണുനാഥ് എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി ആയാണ് മന്ത്രി ഇത് പറഞ്ഞത്.
‘ഉദ്യോഗാർത്ഥികളോട് എന്തോ അനീതി ചെയ്യാൻ ശ്രമിച്ചു എന്നതായിരുന്നു തനിക്കെതിരെ ഉള്ള ആരോപണം. എന്നാൽ ഉദ്യോഗാർത്ഥികൾ ഇത് തള്ളിക്കളഞ്ഞു എന്നതിന്റെ തെളിവായിരുന്നു തെരഞ്ഞെടുപ്പ് ഫലം. യുഡിഎഫ് സർക്കാരിനേക്കാൾ 18000 അധികം നിയമനങ്ങൾ ആണ് ഒന്നാം പിണറായി സർക്കാർ നടത്തിയത് . 35840 നിയമനം രണ്ടാം പിണറായി സർക്കാരും നടത്തിയിട്ടുണ്ട്.
ലോക്ക് ഡൗണിന്റെ കാലത്ത് കേരളത്തിൽ മാത്രമാണ് പി എസ് സി യിലൂടെ നിയമനങ്ങൾ നടന്നിട്ടുള്ളത് എന്നത് ഓർക്കേണ്ട കാര്യമാണ്. 55 റാങ്ക് പട്ടികകൾ ആണ് അന്ന് പ്രസിദ്ധീകരിച്ചത്.എല്ലാം അടഞ്ഞുകിടന്നപ്പോഴും പിഎസ് സി ഉദ്യോഗാർത്ഥികൾക്കായി പ്രവർത്തിച്ചിരുന്നു . മേയർ എഴുതിയിട്ടില്ലെന്ന് പറയുന്നതും കിട്ടേണ്ട ആൾ കിട്ടിയിട്ടില്ലെന്ന് പറയുന്നതുമായ ഒരു കത്തിന്റെ പേരിലാണ് ഇപ്പോൾ കോലാഹലമെന്നും എം ബി രാജേഷ് ഇതേകുറിച്ച് സഭയിൽ പറഞ്ഞു.
