സ്വർണക്കടത്ത് വിവാദങ്ങൾക്കിടെ, മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കർ ഇന്ന് വിരമിക്കുന്നു. മികച്ച ഉദ്യോഗസ്ഥനെന്ന് ഖ്യാതി കേട്ട ശിവശങ്കറിന്റെ ജീവിതത്തിൽ കറുത്ത നിഴലായി മാറി സ്വർണക്കടത്ത് ആരോപണം. സ്വർണക്കടത്ത് കേസിൽപ്പെട്ട പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് അശ്വത്ഥാമാ വെറും ഒരു ആന എന്ന അനുഭവക്കുറിപ്പിൽ അദ്ദേഹം വിശദീകരിച്ചിരുന്നു.
നിലവിൽ കായിക യുവജനകാര്യം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് എം.ശിവശങ്കർ. മൃഗസംരക്ഷണവകുപ്പിന്റെ ചുമതലയും ശിവശങ്കറിനാണ്. ശിവശങ്കർ വിരമിക്കുന്നതോടെ വകുപ്പുകളുടെ ചുമതല പ്രണബ് ജ്യോതിനാഥിന് സർക്കാർ നൽകി. 1978ലെ എസ്.എസ്.എൽ.സിക്ക് രണ്ടാം റാങ്കായിരുന്നു എം.ശിവശങ്കറിന്. ഔദ്യോഗിക യാത്രയയപ്പ് വേണ്ടെന്ന് അദ്ദേഹം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
