ലിമിറ്റ് ലെസ് മാര്‍ജിന്‍സ് ഡോക്യുമെന്ററി പ്രദര്‍ശനവും പുസ്തക പ്രകാശനവും നടന്നു

‘ലിമിറ്റ് ലെസ് മാര്‍ജിന്‍സ്’ എന്ന പുസ്തകത്തിന്റെയും ഡോക്യുമെന്ററിയുടെയും പ്രകാശനവും സിമ്പോസിയവും ഭാരത് ഭവനില്‍ നടന്നു. ഡോ. അരുണ്‍ ബാബു സക്കറിയ രചിച്ച് സംവിധാനം ചെയ്ത ‘ലിമിറ്റ് ലെസ് മാര്‍ജിന്‍സ്’ കേരളത്തിലെ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ്. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂര്‍ അധ്യക്ഷത വഹിച്ച പ്രകാശന ചടങ്ങ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിന്റെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍ക്ക് പുസ്തകത്തിന്റെ ആദ്യ പ്രതി കൈമാറി. റോട്ടറി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ചില്‍ഡ്രന്‍ ഇന്‍ നീഡ് ഓഫ് സ്‌പെഷ്യല്‍ കെയര്‍ പ്രിന്‍സിപ്പല്‍ ശ്രീമതി. ബീനയ്ക്കും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓണ്‍ മെന്റല്‍ റിട്ടാര്‍ഡേഷന്റെ (CIMR)എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് ചങ്ങനാരിപ്പറമ്പിലിനും മന്ത്രി സജി ചെറിയാന്‍ വീഡിയോ കൈമാറി ഡോക്യുമെന്ററി പ്രകാശനം നിര്‍വഹിച്ചു.

പ്രകാശന ചടങ്ങുകള്‍ക്ക് ശേഷം, ‘ബുദ്ധിപരമായ വെല്ലുവിലിളികള്‍ നേരിടുന്ന വ്യക്തികളുടെ പരിചരണവും പുനരധിവാസവും : വെല്ലുവിളികളും അവസരങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. എം.കെ.സി. നായര്‍ നിയന്ത്രിച്ച സിമ്പോസിയത്തില്‍ ഈ മേഖലയിലെ വിശിഷ്ട വ്യക്തിത്വങ്ങള്‍ ഹ്രസ്വ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ചടങ്ങിന് കേരള പരിവാര്‍ സ്‌റ്റേറ്റ് സെക്രട്ടറി ശ്രീ. ബെന്നി എബ്രഹാം സ്വാഗതവും പ്രൊഫ. ബാബു സക്കറിയ നന്ദിയും പ്രകാശിപ്പിച്ചു. ഭാരത് ഭവനും തിരുവനന്തപുരം പരിവാറും സംയുക്തമായാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *