മനുഷ്യർ മാംസാഹാരം കഴിക്കുന്നത് കൊണ്ടാണ് ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മണ്ണിടിച്ചിലും ഉണ്ടാകുന്നതെന്ന വിവാദപ്രസ്താവനയുമായി ഐഐടി ഡയറക്ടർ. മണ്ടി ഐഐടി ഡയറക്ടർ ലക്ഷ്മിധർ ബഹറയാണ് പ്രസ്താവന നടത്തിയത്.
നല്ല മനുഷ്യരാവാൻ മാംസം കഴിക്കാനേ പാടില്ല എന്നാണ് രാജ്യത്ത് തന്നെ ഏറ്റവും മികച്ച ടെക്നോളജി സ്ഥാപനമായ ഐഐടിയുടെ ഡയറക്ടർ പദവിയിലുള്ള ലക്ഷ്മിധർ നിർദ്ദേശിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസ്താവന വ്യാഴാഴ്ചയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്.
വിദ്യാർത്ഥികളോട് മാംസ ഭക്ഷണം ഉപേക്ഷിച്ച് നല്ലവരാവാൻ ഉപദേശിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. ഇതിന് പിന്നാലെ വിദ്യാർത്ഥികളെ കൊണ്ട് മാംസ ഭക്ഷണം ഉപേക്ഷിച്ചുകൊണ്ട് പ്രതിജ്ഞ ചെയ്യിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
മേഘവിസ്ഫോടനവും പ്രളയവും പരിസ്ഥിതി നാശവുമെല്ലാം മൃഗങ്ങളെ കൊല്ലുന്നത് കൊണ്ടാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പറയുന്നു . വീഡിയോയെക്കുറിച്ച് ലക്ഷ്മിധർ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

 
                                            