വെള്ളിത്തിരയിൽ നിന്ന് മലയാളികളുടെ മനസ്സു കീഴടക്കിയ മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യർക്കിത് 44 ആം പിറന്നാൾ.
എന്നാൽ മലയാളത്തിന്റെ ലേഡീസ് സൂപ്പർസ്റ്റാർ ശരിക്കും മലയാളിയാണെന്ന് പറയാനാകില്ല. 1978 സെപ്റ്റംബർ 10ന് തമിഴ്നാട്ടിലെ നാഗർകോവിലിലാണ് മാധവവാര്യരുടെയും ഗിരിജാ വാര്യരുടെയും മകളായി മഞ്ജു ജനിക്കുന്നത്. പഠിക്കുന്ന കാലത്ത് കലാതിലകം ആയിരുന്നു. 1995ൽ റിലീസ് ആയ സാക്ഷ്യം എന്ന ചിത്രത്തിലൂടെ ആയിരുന്നു 17 വയസ്സ് കാരിയായ മഞ്ജു വാര്യരുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം. ശ്രീത്വം വിളങ്ങുന്ന മുഖവും മനസ്സിനെ പിടിച്ചുലക്കുന്ന ഭാവാഭിനയവും കൊണ്ട് ആദ്യ ചിത്രങ്ങളിൽ തന്നെ മഞ്ജു ശ്രദ്ധ നേടി. ഈ പുഴയും കടന്ന് എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും മഞ്ജുവിനെ തേടിയെത്തി. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് ദേശീയ അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു. വെറും മൂന്നു വർഷത്തെ അഭിനയ ജീവിതം കൊണ്ടാണ് മഞ്ജു വാര്യർ ഈ നേട്ടങ്ങളൊക്കെയും സ്വന്തമാക്കിയത്.
മലയാള സിനിമയിൽ ഗ്രാമീണ നേർമല്യത്തിന്റെ രൂപമായി തിളങ്ങി നിന്ന സമയത്തായിരുന്നു മഞ്ജുവിന്റെ പ്രണയവും വിവാഹവും. 2012 ഒക്ടോബറിൽ ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലൂടെ മഞ്ജു വാര്യർ തന്റെ തിരിച്ചുവരവിന് തുടക്കം കുറിച്ചു. രണ്ടു വർഷങ്ങൾക്കു ശേഷം ആഷിക് അബു ചിത്രമായ ‘ഹൗ ഓൾഡ് ആർ യു’വിലൂടെ മലയാളി പ്രേക്ഷകർക്ക് മഞ്ജു വാര്യരെ തിരിച്ചു കിട്ടി.
ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് തന്റെ ജീവിതത്തിൽ നടന്നിട്ടുള്ളത്. നല്ലതും മോശവുമായ അനുഭവങ്ങളിൽ നിന്നെല്ലാം ജീവിതപാഠങ്ങൾ പഠിച്ചു. സിനിമയിലേക്കുള്ള രണ്ടാം വരവ് ഒരു പുതിയ ജന്മത്തിനാണ് തുടക്കം കുറിച്ചതെന്നും മഞ്ജു വാര്യർ പറയുന്നു.
ഇന്ന് 150 കോടി രൂപയുടെ ആസ്തിയുള്ള തെന്നിന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട അഭിനേതാക്കളിൽ ഒരാളാണ് മഞ്ജുവാര്യർ. ഓരോ ചിത്രത്തിനും 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നു. തീയറ്റർ കളക്ഷനും നിരൂപക പ്രശംസയും നേടിയ ഒട്ടനവധി മലയാള ചിത്രങ്ങൾക്കൊപ്പം തുനിവ്, അസുരൻ തുടങ്ങിയ തമിഴ് ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളിലും മഞ്ജു വാര്യർ വേഷമിട്ടു.
സിബി മലയിൽ ഒരുക്കുന്ന സമ്മർ ഇൻ ബത്ലഹേമിന്റെ രണ്ടാം ഭാഗമാണ് പ്രേക്ഷകർ കാത്തിരിക്കുന്ന മഞ്ജു വാര്യരുടെ അടുത്ത ചിത്രം. ഇനിയും ഒട്ടേറെ ചിത്രങ്ങളിലൂടെ മഞ്ജു വാര്യർ വെള്ളത്തിരയിൽ തിളങ്ങി നിൽക്കട്ടെ എന്ന് ആശംസിക്കുന്നു.

 
                                            