തിരുവനന്തപുരം : സ്കൂട്ടര്‍ നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ മരിച്ചു. വേങ്ങോട് മണലകം അനന്തു ഭവനില്‍ സണ്ണിയെന്ന് വിളിക്കപ്പെടുന്ന എസ്. അനില്‍കുമാര്‍ (45) ആണ് മരിച്ചത്. കെ.എസ്.ആര്‍.ടി.സി കണിയാപുരം ഡിപ്പോയിലെ ഡ്രൈവറാണ് അനില്‍കുമാര്‍. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നരമണിയോടെയാണ് വേങ്ങോട് സൊസൈറ്റി ജങ്ഷന് സമീപംവെച്ച് അപകടം നടന്നത്.
പതിനാറാം മൈലിലെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്ന ഭാര്യ വിനുവിനെ തിരികെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവരാനായി പോയപ്പോഴാണ് അപകടം. റോഡില്‍ തെറിച്ചു വീണ അനില്‍കുമാറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ കണിയാപുരം ഡിപ്പോയില്‍ പൊതുദര്‍ശനത്തിനു വെച്ചശേഷം വീട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്കാരം നടത്തും. അനന്തു വി അനില്‍ ഏക മകനാണ്.
