കവീക്കുന്നിന്റെ സ്വന്തം കൃഷിയച്ചന്‍

പാലാ: അജപാലന ശുശ്രൂഷയോടൊപ്പം കാര്‍ഷികരംഗത്തും മികവാര്‍ന്ന പ്രവര്‍ ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയാണ് കൃഷിയച്ചന്‍ എന്നറിയപ്പെടുന്ന കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളി വികാരി ഫാ ജോസഫ് വടകര. കാര്‍ഷിക കുടുംബത്തില്‍ ജനിച്ച അദ്ദേഹം തനിക്ക് ലഭിച്ച കൃഷിയറിവുകളുമായിട്ടാണ് കാര്‍ഷികരംഗത്തേക്ക് കടന്നു വന്നത്. പള്ളിയിലെ തിരക്ക് കഴിഞ്ഞാലുടന്‍ മുണ്ടും മടക്കിക്കുത്തി തൂമ്പയുമായി കൃഷിയിടത്തിലേയ്ക്ക് ഇറങ്ങുന്നതാണ് 75 കാരനായ അച്ചന്റെ പതിവ് രീതി. രോഗാവസ്ഥ പലപ്പോഴും അലട്ടാറുണ്ടെങ്കിലും വടകര അച്ചന്റെ കൃഷിയോടുള്ള ആഭിമുഖ്യത്തെ ഇതൊന്നും ഒട്ടും ബാധിക്കാറില്ല. അടുത്ത കാലത്ത് ആശുപത്രി വാസത്തിനിടയിലും അച്ചന്റെ മനസ് കൃഷിയിടത്തു തന്നെയായിരുന്നു. കവീക്കുന്നില്‍ എത്തിയാല്‍ പള്ളിമുറ്റവും പള്ളിമേടയും പച്ചക്കറി കൃഷിയാല്‍ നിറഞ്ഞു നില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

കവീക്കുന്ന് പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആയിരത്തോളം മരച്ചീനിയാണ് കൃഷി ചെയ്തിരിക്കുന്നത്. അച്ചന്റെയും കൈക്കാരന്മാരുടെയും നേതൃത്വത്തില്‍ ഇപ്പോള്‍ അതിന്റെ വിളവെടുപ്പ് നടത്തുകയാണ്. അമ്പതു കിലോഗ്രാം, പത്തു കിലോഗ്രാം എന്നിങ്ങനെ മരച്ചീനി കള്‍ കടകളില്‍ ഓര്‍ഡര്‍ അനുസരിച്ച് എത്തിച്ചുകൊടു ക്കും. രണ്ടര ടണ്ണോളം പച്ചക്കപ്പ ഇതുവരെ വില്‍പന നടത്താനായി വടകര അച്ചന്‍ പറഞ്ഞു. ഇനിയും വിളവെടുക്കാനുണ്ട്.

കഴിഞ്ഞവര്‍ഷം നല്ല വിളവും നല്ല വിലയും ലഭിച്ചതാണ് ഈ പ്രാവശ്യവും മരച്ചീനി കൃഷി തുടരാന്‍ കാരണം. ഒരു ചുവട്ടില്‍നിന്ന് 25 കിലോ ഗ്രാം തൂക്കംവരെ ലഭിക്കുന്നുണ്ട്. ഇതുകൂടാതെ പച്ചക്കറികളും ഇവിടെ കൃഷി ചെയ്തു വരുന്നു. 250 ഗ്രോബാഗുകളിലായി വഴുതന, പയര്‍, പച്ചമുളക്, വെണ്ട തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. കൂടാതെ വാഴ, ചെങ്കദളി, റോബസ്റ്റ, നേത്രവാഴ എന്നിവയുടെ കൃഷിയുമുണ്ട്.

പൊക്കം കുറഞ്ഞ ആയൂര്‍ജാക്ക് ഇനത്തില്‍പെട്ട 140 പ്ലാവുകള്‍ പള്ളിപ്പറമ്പിലും പാരീഷ് ഹാളിനു സമീപവുമായി കൃഷി ചെയ്തിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പ് മാത്രം നട്ട ഇവയില്‍ പലതും കായ്ഫലം നല്‍കിത്തുടങ്ങിയിട്ടുണ്ട്. കൈക്കാരന്മാരായ സണ്ണി ജോസഫ് വരിക്കമാക്കല്‍, ബാബു മുകാല, ജോസ് മുകാല, ദൈവാലയ ശുശ്രൂഷി അമല്‍ വട്ടമറ്റം എന്നിവരും കൃഷിപ്പണികളില്‍ അച്ചനോടൊപ്പം തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു.

സാമൂഹ്യസാംസ്‌കാരികആത്മീയ കാര്‍ഷിക മേഖലകളിലെ സേവനത്തെമാനിച്ച് സാംസ്‌ക്കാരിക സംഘടനയായ കിഴതടിയൂര്‍ ഭാവന ഫാ ജോസഫ് ആദരവ് നല്‍കിയിട്ടുണ്ട്. മുമ്പ് കല്യാണ്‍ രൂപതയില്‍ സാബന്തവാടിയില്‍ എസ്‌റ്റേറ്റിന്റെ ചുമതലക്കാരനായിരുന്നു വടകര അച്ചന്‍. അവിടെയും കൃഷിയില്‍ കര്‍മനിരതനായിരുന്നു ഇദ്ദേഹം. ഇടുക്കി രൂപതയില്‍പ്പെട്ട ഹൈറേഞ്ച്മുരിക്കന്‍തൊട്ടി ഇടവകയില്‍ ഏലം കൃഷിയുണ്ടായിരുന്നു. അവിടെ അഞ്ചുവര്‍ഷം സേവനം ചെയ്തു. ഇടുക്കി രൂപതയില്‍ ഇരുമ്പുപാലം ഇടവകയില്‍ മൂന്നുവര്‍ഷം സേവ നമനുഷ്ഠിച്ചു. പിന്നീട് പാലാ രൂപതയിലെ ഉദയഗിരിപള്ളി വികാരിയായിരുന്നു. അവിടെ നിന്നും കവീക്കുന്നില്‍ എത്തിയിട്ട് രണ്ടര വര്‍ഷത്തോളമായി.

വിഷരഹിതമായ പച്ചക്കറികളാണ് അച്ചന്റെ നേതൃത്വത്തില്‍ കൃഷി ചെയ്തുവരുന്നത്. ജൈവവളം മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്നും ഫാ ജോസഫ് വടകര പറയുന്നു. വിളവെടുപ്പു സമയത്ത് കവീക്കുന്ന് പള്ളിയില്‍ എത്തിയാല്‍ പച്ചക്കറി, കപ്പ തുടങ്ങിയയുടെ കിറ്റ് അച്ചന്‍ തയ്യാറാക്കി വച്ചിരിക്കും. ആവശ്യക്കാര്‍ ഏറെ ആയതിനാല്‍ ഒരു സാധനവും മിച്ചം വരാറില്ലെന്ന് കൃഷി അച്ചന്‍ സാക്ഷ്യപ്പെടുത്തുന്നു. ഇനിയും കൂടുതല്‍ പച്ചക്കറികള്‍ കവീക്കുന്നിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വടകര അച്ചന്‍.

Leave a Reply

Your email address will not be published. Required fields are marked *