- ഒന്നും രണ്ടും പ്രതികളെ റിമാൻഡിൽ വിട്ടു
- കേരളത്തെ ഞെട്ടിച്ച തട്ടിപ്പിൽ കുരുക്ക് മുറുകുന്നു
കൊച്ചി: തൃശ്ശൂർ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ (karuvannoor bank scam) മുൻ വ്യവസായമന്ത്രി എ.സി. മൊയ്തീൻ ചോദ്യം ചെയ്യലിന് ഇ. ഡിയ്ക്കു മുന്നിൽ ഹാജരാകും. ഈ മാസം 11ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇ. ഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഇ. ഡി ആവശ്യപ്പെട്ട രേഖകളും ഹാജരാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനു മുൻപ് ഓഗസ്റ്റ് 31നും സെപ്റ്റംബർ 4നും ചോദ്യം ചെയ്യലിന് ഹാജരാകുവാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും മൊയ്തീൻ തയാറായിരുന്നില്ല. ആദ്യത്തെ നോട്ടീസ് ലഭിച്ചപ്പോൾ ഹാജരാകുവാൻ രണ്ടാഴ്ചത്തെ സമയത്തിന് എ.സി. മൊയ്തീൻ ആവശ്യപ്പെട്ടിരുന്നു. പുതുപ്പള്ളി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇ.ഡിയ്ക്കു മുന്നിൽ ഹാജരാകേണ്ടെന്നായിരുന്നു സി പി എം സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചത്.
കേസിൽ തിങ്കളാഴ്ച അറസ്റ്റുചെയ്ത സതീഷ് കുമാർ, പി പി കിരൺ എന്നിവരെ നാലുദിവസം ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ആദ്യത്തെ അറസ്റ്റാണിത്. രണ്ടു പ്രതികൾക്കും സിപിഎമ്മിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമാണുള്ളതെന്ന് ഇ.ഡി ആരോപിക്കുന്നു. കേസിലെ രണ്ടാം പ്രതിയായ പി പി കിരൺ കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും ബിനാമി വായ്പാ ഇടപാടുകളിലൂടെ തട്ടിയെടുത്ത 24.57 കോടി രൂപയിൽ നിന്ന് 14.50 കോടിയും ഒന്നാം പ്രതിയായ സതീഷ് കുമാറിന് കൈമാറിയിരുന്നു. ഉന്നത വ്യക്തി ബന്ധങ്ങളുള്ള സതീഷ് കുമാറിന്‍റെ ഇടപെടൽ കൊണ്ടാണ് കിരണിന് ബാങ്കിൽ നിന്ന് വായ്പ കിട്ടിയത്. ബാങ്ക് വഴിയുള്ള ഇടപാടിനു പുറമേ ഇവർ വൻതുകയുടെ നേരിട്ടുള്ള കറൻസി കൈമാറ്റവും നടത്തിയിട്ടുള്ളതായി അന്വേഷണസംഘം കോടതിയിൽ അറിയിച്ചു.
കേസിലെ ഒന്നാം പ്രതിയായ സതീഷ് കുമാറിന് എ.സി. മൊയ്തീനുമായി അടുത്ത വ്യക്തിബന്ധമുണ്ട്. എന്നാൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പിഎംഎൽഎ) കേസുകളിൽ സാക്ഷികൾക്കു ചോദ്യംചെയ്യലിനു ഹാജരാവാൻ നൽകുന്ന നോട്ടീസാണ് മൊയ്തീന് അയച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നിലവിൽ എ.സി.മൊയ്തീനെ പ്രതി ചേർക്കേണ്ട സാഹചര്യമില്ലെന്നും ഇ. ഡി. കേന്ദ്രങ്ങൾ സൂചിപ്പിച്ചു. കിരൺ നൽകിയ 14.50 കോടി രൂപ സതീഷ് കുമാർ ആർക്കൊക്കെയാണ് കൈമാറിയത് എന്ന് തെളിഞ്ഞാൽ കേസിൽ വ്യക്തത വരും. സതീഷ് കുമാറിന്റെ മൊഴി മൊയ്തീന് നിർണ്ണായകമാകും.
കേരളം കണ്ട ഏറ്റവും വലിയ സർക്കാർ ബാങ്ക് തട്ടിപ്പാണ് പതിറ്റാണ്ടുകളായി സിപിഎം നിയന്ത്രിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് (karuvannoor bank scam). 2011-12 വർഷം മുതൽ തട്ടിപ്പ് നടക്കുകയാണെന്നാരോപിച്ച് 2021 ജൂലൈ 21ന് ബാങ്ക് സെക്രട്ടറി നൽകിയ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. പരാതിക്ക് പിന്നാലെ ബാങ്ക് ഭരണസമിതി പിരിച്ചുവിടുകയും ആറുപേരെ പ്രതിയാക്കി പൊലീസ് കേസെടുക്കുകയും ചെയ്തു. വിശദ പരിശോധനയ്ക്കായി നിയോഗിക്കപ്പെട്ട ഉന്നതതല സമിതി കണ്ടെത്തിയത് 219 കോടി രൂപയുടെ ക്രമക്കേടാണ്. വ്യാജരേഖകൾ നിർമ്മിച്ചും ഈടുവയ്പ്പുകളുടെ മൂല്യം ഉയർത്തിക്കാണിച്ചും ക്രമരഹിതമായി വായ്പയനുവദിച്ചും ചിട്ടിയിലും ബാങ്കിന്റെ സൂപ്പർമാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങിയതിലും ക്രമക്കേട് കാണിച്ചും വിവിധ തലങ്ങളിലുള്ള തട്ടിപ്പാണ് കരുവന്നൂർ ബാങ്കിൽ നടന്നതെന്ന് ഉന്നതതല സമിതി കണ്ടെത്തി.
വൻതുകയുടെ ക്രമക്കേടായതുകൊണ്ട് അന്വേഷണത്തിന് ക്രൈംബ്രാഞ്ച് സ്പെഷ്യൽ ടീമിനെ നിയോഗിച്ചു. സ്പെഷ്യൽ ടീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ മുൻ ഭരണസമിതി അംഗങ്ങളെ കൂടി ചേർത്ത് 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ അഞ്ചു പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി. 125.84 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഇത് ഈടാക്കാനുള്ള റവന്യൂ റിക്കവറി നടപടികളിലേക്ക് കടന്നെങ്കിലും പ്രതികളുടെ ഹരജിയിൽ കോടതി നടപടി സ്റ്റേ ചെയ്തു.
ബാങ്ക് ജപ്തി നടപടിയെ തുടർന്നുണ്ടായ കർഷകന്റെ ആത്മഹത്യയും വായ്പാതുക ലഭിക്കാത്തത് കൊണ്ട് ചികിത്സ മുടങ്ങിയ വയോധികയുടെ മരണവുമാണ് സംഭവത്തെ മാധ്യമ ശ്രദ്ധയിലെത്തിച്ചത്.

 
                                            