വെള്ളിത്തിരയെ വിറപ്പിച്ചു ഷാരൂഖ്; ജവാൻ റിവ്യൂ

പഠാന്‍ എന്ന ചിത്രത്തിന്‍റെ മഹാവിജയത്തിന് ശേഷം എത്തിയ ഷാരൂഖ് ഖാന്‍ ചിത്രമാണ് ‘ജവാന്‍’. തീയറ്ററില്‍ അടിമുടി ഓളം ഉണ്ടാക്കുക എന്ന കോമേഷ്യല്‍ ചിത്രത്തിന്‍റെ എല്ലാ ഫോര്‍മുലകളും ചേര്‍ത്താണ് ചിത്രം സംവിധായകന്‍ അറ്റ്ലി ഒരുക്കിയിരിക്കുന്നത്. തീയറ്റര്‍ ആവശ്യപ്പെടുന്ന വലിയ സ്റ്റാര്‍ കാസ്റ്റും, ആക്ഷന്‍ രംഗങ്ങളും, ഇമോഷന്‍സും എല്ലാം ചേര്‍ത്ത മാസ് മസാല തന്നെയാണ് ജവാന്‍. തമിഴില്‍ ഇതിനകം തന്‍റെ കഴിവ് തെളിയിച്ച അറ്റ്ലി ഷാരൂഖ് ഖാന്‍ എന്ന ഇന്ത്യയിലെ ഏറ്റവും വലിയ താരത്തിനെ വച്ച് ഒരു ചിത്രം ഒരുക്കുന്നു എന്ന വാര്‍ത്ത വന്നത് മുതല്‍ പ്രേക്ഷകര്‍ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു.

ഇതുവരെ കേട്ട കഥകളില്‍ നിന്നും മാറി ഒരു പുതുമയും കഥയില്‍ കൊണ്ടുവരാന്‍ സംവിധായകന്‍ ശ്രദ്ധിക്കുന്നില്ല. പതിവ് രീതിയില്‍ കുടുംബം തകര്‍ത്ത ശക്തനായ വില്ലനോട് അച്ഛനും മകനും നടത്തുന്ന പ്രതികാരമാണ് ചിത്രത്തിന്‍റെ കാതല്‍. അതില്‍ രണ്ട് വേഷത്തില്‍ എത്തുന്ന ഷാരൂഖിന്‍റെ ആസാദ് എന്ന മകനും, വിക്രം റാത്തോഡ് എന്ന അച്ഛനും ആണ് കഥ മുന്നോട്ട് കൊണ്ടു പോകുന്നത്. നര്‍മ്മദ എന്ന പൊലീസ് ഓഫീസറുടെ വേഷത്തില്‍ നയന്‍താര എത്തുന്നുണ്ട്. പ്രധാന വില്ലനായ കാളിയായി വിജയ് സേതുപതി തന്‍റെ പ്രകടനം ഗംഭീരമാക്കുന്നുണ്ട്.

ഷാരൂഖ് ഷോയായി തന്നെയാണ് അറ്റ്ലി ‘ജവാന്‍’ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങളില്‍ ഇത് ഷാരൂഖ് ഗംഭീരമായി തന്നെ അവതരിപ്പിക്കുന്നുണ്ട്. അതിനൊപ്പം സംവിധായകന്‍ സമകാലിക ഇന്ത്യയിലെ ചില സാമൂഹിക വിഷയങ്ങളെ കഥയില്‍ കൊണ്ടുവരാനും, അതിന്‍റെ വൈകാരികത ചോരാതെ അവതരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ‘മെര്‍സല്‍’ അടക്കം തന്‍റെ മുന്‍കാല ചിത്രങ്ങളില്‍ ചെയ്‍ത അതേ കര്‍ത്തവ്യം ജവാനിലും അറ്റ്ലി വിജയകരമായി നടപ്പിലാക്കുന്നു. ഷാരൂഖ് പോലുള്ള ബോളിവുഡ് താരം പലപ്പോഴും ഇത്രയും സാമൂഹ്യ വിമര്‍ശനം ഉന്നയിക്കുന്ന ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടോയെന്നും, ഇത്രയും ഡയലോഗുകള്‍ ഇത്തരം വിഷയങ്ങളില്‍ പറഞ്ഞിട്ടുണ്ടോ എന്നും സംശയിക്കും.

തെരഞ്ഞെടുപ്പ് അഴിമതി, കര്‍ഷക പ്രശ്‍നം, പൊതുജന ആരോഗ്യ രംഗത്തെ പ്രശ്നങ്ങള്‍ എന്നിവയെല്ലാം ചിത്രത്തില്‍ ചേര്‍ക്കപ്പെട്ട കാര്യങ്ങളാണ്. അതിനെതിരെ ഒറ്റയാള്‍ പരിഹാരം എന്ന പലപ്പോഴും കണ്ട ത്രഡ് തന്നെയാണ് ചിത്രത്തിലും. അതില്‍ ഷാരൂഖിന്‍റെ ആസാദിന്‍റെ ദൗത്യങ്ങളില്‍ ടീം ആയിരിക്കുന്ന സംഘം വനിതകളാണ്. പ്രിയ മണി, സാനിയ മല്‍ഹോത്ര എന്നിവരുടെ കഥാപാത്രങ്ങൾ ഈ സംഘത്തിലെ അംഗങ്ങളാണ്.

എടുത്തു പറയേണ്ട മറ്റൊരു പ്രകടനം നയന്‍താരയുടെതാണ്. പാട്ട് പാടാനും റോമാന്‍സിനും ഒരു നായിക എന്നതിനപ്പുറം ഒരു മുഴുനീള റോളില്‍ തന്നെ നയന്‍താര എത്തുന്നു. മികച്ച ആക്ഷന്‍ രംഗങ്ങളും നയന്‍സിന് ചിത്രത്തിലുണ്ട്. അതായത് ബോളിവുഡ് അരങ്ങേറ്റം വെറുതെയായില്ലെന്ന് പറയാം. വിഗ്ഗിന് അടക്കം ട്രോള്‍ കിട്ടിയെങ്കിലും വില്ലന്‍ റോളില്‍ പതിവ് മാനറിസങ്ങളോടെ വിജയ് സേതുപതി തകര്‍ത്താടുന്നുണ്ട്. വളരെ വൈകാരികമായ ഒരു റോളില്‍ എത്തുന്ന എക്സറ്റന്‍റഡ് ക്യാമിയോ റോളില്‍ ദീപിക തന്‍റെ ജോലി ഭംഗിയാക്കുന്നുണ്ട്.

അനിരുദ്ധിന്‍റെ സംഗീതം, ബിജിഎം എന്നിവ ചിത്രത്തിന് പതിവ് പോലെ പലയിടത്തും എലിവേഷന്‍ നല്‍കുന്നുണ്ടെങ്കിലും. സമീപ കാല അനിരുദ്ധ് പടങ്ങളിലെ പോലെ ചിത്രത്തെ സേവ് ചെയ്യുന്ന തരത്തില്‍ എത്തിയിട്ടുണ്ടോ എന്ന് സംശയം ഉണ്ടായേക്കാം. എന്തായാലും ലോജിക്ക് മാറ്റിവച്ച് ഒരു ഷാരൂഖ് ഫാന്‍സിന് ആഘോഷിക്കാനുള്ള വക ചിത്രത്തില്‍ നല്‍കുന്നുണ്ട്. തമിഴ് സ്റ്റെലില്‍ ഒരുക്കിയ ഒരു ബോളിവുഡ് ചിത്രം എന്ന് പറഞ്ഞാലും തെറ്റാകില്ല.

ഇത്തരത്തില്‍ ഒരു വിശേഷണം നല്‍കുമ്പോള്‍ തന്നെ പലപ്പോഴും അതില്‍ പ്രതീക്ഷിക്കുന്ന നായകന്‍റെ സ്വാഗ് ചിലയിടത്ത് ഷാരൂഖിന് നഷ്ടപ്പെടുന്നോ എന്നും തീയറ്റര്‍ കാഴ്ചയില്‍ തോന്നാം. പക്ഷെ ചടുലമായ മേക്കിംഗില്‍ അത് പരിഹരിക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നുണ്ട് . എന്തായാലും സമീപകാലത്ത് ഇന്ത്യന്‍ ബോക്സോഫീസിലെ ഏറ്റവും വലിയ വിജയമായ പഠാന് ശേഷം ഷാരൂഖ് വ്യത്യസ്തമായ രീതിയില്‍ ‘സൌത്ത് ഇന്ത്യന്‍ മസാല’ ചേര്‍ത്ത ആക്ഷന്‍ ഫ്ലിക്കുമായി എത്തുമ്പോൾ അതില്‍ ആസ്വദിക്കാൻ ഏറെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *