ചാന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്തതോടെ നമ്മൾ ഇന്ത്യക്കാരുടെ അഭിമാനം ചന്ദ്രനോളം തന്നെ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്ത ചന്ദ്രയാന്റെ വിക്ഷേപണത്തിൽ പങ്കാളിയായ ഒരു ജീവനക്കാരന് 18 മാസമായി ശമ്പളം കിട്ടിയില്ലെന്നും വഴിയോരത്ത് ഇഡ്ഡലി വിറ്റാണ് അദ്ദേഹം ജീവിക്കുന്നതും എന്നുമാണ്. ബിബിസി ഹിന്ദി എന്ന ചാനലാണ് ഇങ്ങനെ ഒരു റിപ്പോർട്ട് ആദ്യമായി പുറത്തുവിട്ടത്. എന്നാൽ ഈ വാർത്ത തള്ളിക്കളഞ്ഞുകൊണ്ട് കേന്ദ്രസർക്കാർ തന്നെ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.
ഹെവി എൻജിനീയറിങ് കോർപ്പറേഷനിലെ ടെക്നീഷ്യനായ ദീപക് കുമാർ ഉപ്രാരിയ എന്നയാൾക്ക് 18 മാസമായി ശമ്പളം കിട്ടിയില്ലെന്നും ഇയാൾ റാഞ്ചിയിലെ പഴയ നിയമസഭാ മന്ദിരത്തിനു മുന്നിൽ ഇഡലി വിറ്റാണ് ജീവിക്കുന്നതിനും ബിബിസി ഹിന്ദിയുടെ റിപ്പോർട്ടിൽ പറയുന്നു. ചാന്ദ്രയാൻ മൂന്നിന്റെ സ്ലൈഡിങ് ഡോറും ഫോൾഡിങ് പ്ലാറ്റ്ഫോമും നിർമ്മിച്ചത് ഹെവി എൻജിനീയറിങ് കോർപ്പറേഷൻ ആണെന്നും ഇവിടത്തെ ജീവനക്കാരനാണ് ദീപക് കുമാറാണെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ കമ്പനിയിൽ ഉണ്ടായിരുന്ന ജോലി രാജിവച്ചാണ് 2012 മുതൽ ഹെവി എൻജിനീയറിങ് കോർപ്പറേഷന്റെ ഭാഗമായി ദീപക് മാറുന്നത്.
എന്നാൽ ഈ ആരോപണം തെറ്റാണെന്ന വാദവുമായി കേന്ദ്ര പ്രസ് ഇൻഫർമേഷൻ ബ്യൂറോ രംഗത്തെത്തി. ബ്യൂറോയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ ബിബിസി ഹിന്ദിയുടെ വാർത്തയുടെ തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഹെവി എൻജിനീയറിങ് കോർപ്പറേഷൻ ചാന്ദ്രയാൻ മൂന്നിനായി ഒരു ഉപകരണങ്ങളും നിർമ്മിച്ചിട്ടില്ലെന്നും ഐഎസ്ആർഒയ്‌ക്ക് 2003 മുതൽ 2010വരെ മാത്രമാണ് ഈ കമ്പനി സാങ്കേതിക സൗകര്യങ്ങൾ നൽകിയിരുന്നതെന്നും പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ ട്വീറ്റ് ചെയ്തു. 2012 ലാണ് ദീപക് കുമാർ ഹെവി എൻജിനീയറിങ് കോർപ്പറേഷനിൽ ജോലിക്ക് ചേരുന്നത്.
എന്നാൽ റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ പൂർണമായും ശരിയാണെന്ന നിലപാടിലാണ് ബിബിസി ഹിന്ദി. തങ്ങൾ തലക്കെട്ടിൽ ചന്ദ്രയാന്റെ പേര് പരാമർശിച്ചിട്ടില്ല. ഐഎസ്ആർഒയുടെ ലോഞ്ച്പ്പാട് നിർമ്മിച്ച എച് ഇ സി ജീവനക്കാരന് ശമ്പളം കിട്ടുന്നില്ല എന്ന വാർത്തയാണ് നൽകിയതെന്നും ബിബിസി ഹിന്ദി വാദിക്കുന്നു.
ഇതിൽ ഐഎസ്ആർഒയ്ക്ക് ഉത്തരവാദിത്തം ഉണ്ടെന്ന് വാർത്തയിൽ പറഞ്ഞിട്ടില്ല.
ബിബിസി ഹിന്ദി പുറത്തുവിട്ട വാർത്തയിൽ തെറ്റിദ്ധാരണ ഉണ്ടായതുകൊണ്ടാണ് മറ്റു മാധ്യമങ്ങൾ ഐഎസ്ആർഒയ്ക്ക് വേണ്ടി പ്രവർത്തിച്ച ശാസ്ത്രജ്ഞൻ ഇഡലി വിറ്റ് ജീവിക്കുന്നു എന്ന രീതിയിൽ വാർത്തകൾ പുറത്തുവിട്ടത്.
