ന്യൂഡൽഹി: ഐഎസ്ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ) തൃശ്ശൂർ മോഡ്യൂൾ നേതാവിനെ ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തതായി എൻഐഎ. രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയാണ് സയ്യിദ് നബീൽ അഹമ്മദ് എന്നയാളെ പിടികൂടിയതെന്നും എൻഐഎ അറിയിച്ചു.
എൻഐഎയുടെ പ്രത്യേക അന്വേഷണസംഘമാണ് നബീൽ അഹമ്മദിനെ പിടികൂടിയത്. തമിഴ്നാട്ടിലെയും കർണാടകയിലെയും സ്ഥലങ്ങളിലായി ഒളിവിൽ താമസിച്ചിരിക്കുകയായിരുന്നു ഇയാൾ. വ്യാജരേഖയുണ്ടാക്കി നേപ്പാളിലേക്ക് കടക്കാനായിരുന്നു പദ്ധതി. രണ്ടാഴ്ചത്തെ പരിശ്രമത്തിനു ശേഷമാണ് ഇയാളെ എൻഐഎ പിടികൂടുന്നത്.
തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയുടെ മോഡ്യൂൾ കേരളത്തിൽ വിവിധ ഇടങ്ങളിൽ ആക്രമണം നടത്തുവാൻ ഒരുങ്ങുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ജൂലൈ 11ന് എൻഐഎ കേസ് രജിസ്റ്റർ ചെയ്തിരുന്നു. നിരവധി ഐഎസ് പ്രവർത്തകരെ ഇതിനകം അറസ്റ്റ് ചെയ്തുവെന്നും എൻഐഎ അറിയിച്ചു.
