കഴിഞ്ഞ ദിവസമാണ് വാട്ടർ മെട്രോയിലെ യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നത്. സർവീസ് ആരംഭിച്ച ആറുമാസത്തിനുള്ളിലാണ് വാട്ടർ മെട്രോ ഈ നേട്ടം കൈവരിച്ചത്. ഈ വർഷം ഏപ്രിൽ 26 ആരംഭിച്ച വാട്ടർ മെട്രോയുടെ കീഴിൽ നിലവിൽ 12 ബോട്ടുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.
ഹൈക്കോട്ട് ജംഗ്ഷൻ, വൈപ്പിൻ, ബോൾഗാട്ടി, ടെർമിനലുകളിൽ നിന്നും വൈറ്റില, കാക്കനാട്, ടെർമിനലുകളിൽ നിന്നുമാണ് നിലവിൽ വാട്ടർ മെട്രോ സർവീസ് നടത്തുന്നത് ഹൈക്കോട്ട് ജംഗ്ഷനിൽ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സർവീസും ഉടനെ ആരംഭിക്കും.
എന്നാൽ വാട്ടർ മെട്രോയുടെ നേട്ടത്തിന്റെ വാർത്തയോടൊപ്പം തന്നെ ടെർമിനൽ നിർമ്മാണത്തിൽ ക്രമക്കേടും കണ്ടെത്തിയിരിക്കുകയാണ്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, ബോൾഗാട്ടി, വൈപ്പിൻ എന്നിവിടങ്ങളിലെ ടെർമിനൽ നിർമാണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. നിർമ്മാണ കമ്പനി നൽകിയ പരാതിയിൽ ഉപകരാർ കമ്പനിക്കെതിരെ ഫോർട്ട് കൊച്ചി പോലീസ് കേസെടുത്തു.
ഗുണനിലവാരം കുറഞ്ഞ സാമഗ്രികൾ ഉപയോഗിച്ചാണ് നിർമ്മാണം നടന്നതെന്നാണ് കണ്ടെത്തൽ. കൂടാതെ ടെർമിനലിന്റെ റാഫ്റ്റുകളിൽ വളവും കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ടിനെ തുടർന്ന് അന്വേഷണം പുരോഗമിക്കുകയാണ്.
