ഒരു ഇടവേളയ്ക്ക് ശേഷം കോൺഗ്രസിൽ ഗ്രൂപ്പുകൾ സജീവമാകുന്നു. ഓരോ ഗ്രൂപ്പും പ്രാദേശിക നേതാക്കളടക്കമുളള പ്രവർത്തകരെ ഒപ്പം നിർത്താനായി നീക്കം നടത്തുന്നുണ്ടെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ സി വേണുഗോപാൽ ഗ്രൂപ്പ്, രമേശ് ചെന്നിത്തല എന്നിവർ ഇതിനായി പ്രവർത്തനം തുടങ്ങി. കൂടാതെ ‘എ’ ഗ്രൂപ്പും പതിയെ സജീവമാകാനുളള നീക്കത്തിലാണ്. നേതൃത്വം പിടിക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറി മറിയുന്നതെന്നാണ് വിലയിരുത്തൽ. ഗ്രൂപ്പിലേക്ക് ആളെ കൂട്ടാനുളള ഓട്ടപ്പാച്ചിലിലാണ് നേതാക്കൾ. യുവ നേതാക്കളിലാണ് വി ഡി സതീശന്റെ നോട്ടം. ഇടവേളയ്ക്ക് ശേഷം സജീവമായ രമേശ് ചെന്നിത്തലക്ക് കൂടുതൽ പിന്തുണ ലഭിക്കുന്നുവെന്ന വിലയിരുത്തൽ കോൺഗ്രസിനകത്തുണ്ട്. കെ സി വേണുഗോപാലിന്റെ ഗ്രൂപ്പ് കേരളത്തിൽ കൂടുതൽ ശക്തി പ്രാപിക്കുന്ന സാഹചര്യവുമുണ്ട്. അതേസമയം കെപിസിസി അധ്യക്ഷ പദവിയിൽ കെ സുധാകരനും പിടിമുറുക്കിയിട്ടുണ്ട്. പാർട്ടി ക്യാമ്പുകളും കുടുംബ സംഗമങ്ങളും സംഘടിപ്പിച്ചുകൊണ്ട് പാർട്ടി സംവിധാനത്തെ കൂടുതൽ കെട്ടുറപ്പോടെ കൊണ്ടുപോകാൻ കെ സുധാകരൻ ശ്രമിക്കുന്നുണ്ട്. ഇത് വഴി തന്റെ പദവി നിലനിർത്താൻ സാധിക്കുമെന്ന വിലയിരുത്തലിലാണ് അദ്ദേഹം.
2021 ന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് മികച്ച മുന്നേറ്റമുണ്ടായി എങ്കിലും കോൺഗ്രസിലെ ആഭ്യന്തര കലഹത്തിന് ശക്തി വർദ്ധിക്കുകയായിരുന്നു.. പലപ്പോഴും ഗ്രൂപ്പുകൾ തലപൊക്കിയും തുടങ്ങിയിരുന്നു.. എന്നാൽ 2024 തെരഞ്ഞെടുപ്പ് മുതൽ വിഡി സതീശൻ ക്യാപ്റ്റനാകാൻ ശ്രമിക്കുന്നു എന്ന ആരോപണം ശ്കതമായി ഉയർന്നിരുന്നു.. അതോടെ എല്ലാ പ്രമുഖ നേതാക്കളും സജ്ജീവമായി.. പിന്നീട് സ്വയം മികച്ചതാകാനുള്ള ശ്രമത്തിലായിരുന്നു.. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആര് മുഖ്യമന്ത്രിയാകും എന്ന ചർച്ചയിലേക്ക് വരെ കാര്യങ്ങൾ എത്തി.. തുടർന്ന് ആഭ്യന്തരപ്പോരും രൂക്ഷമായി..
പിന്നീട് കോൺഗ്രസിലെ നേതാക്കൾക്കിടയിലെ തർക്കത്തിൽ അതൃപ്തി അറിയിച്ച് മുസ്‌ലിം ലീഗ് രംഗത്തെത്തിയിരുന്നു. യുഡിഎഫിലെ മറ്റ് ഘടകകക്ഷികളുടെ പിന്തുണയോടെ നേരിട്ട് നേതാക്കളെ കണ്ട് ഇക്കാര്യത്തിൽ പരാതി അറിയിക്കാനാണ് ലീഗിന്റെ നീക്കം. ഇതിലൂടെ പ്രശ്‌നങ്ങൾ അടിയന്തിരമായി പരിഹരിക്കാമെന്ന് ലീഗ് കരുതുന്നത്. കോൺഗ്രസ് നേതാക്കൾക്കിടയിലെ ഭിന്നതയിൽ ഹൈക്കമാൻഡിനും അതൃപ്തിയുണ്ട്. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇടയിൽ തർക്കം രൂക്ഷമെന്നാണ് വിലയിരുത്തൽ. ഡൽഹിയിൽ നിന്നും തിരിച്ചെത്തിയ ശേഷം ദീപാദാസ് മുൻഷി സമവായ ചർച്ചകൾ തുടരും. വിഡി സതീശനും കെ സുധാകരനും സംയുക്ത വാർത്താസമ്മേളനം ഉപേക്ഷിച്ചതിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ട്. ഹൈക്കമാൻഡ് നിർദേശങ്ങൾ നേതാക്കൾ അവഗണിക്കുന്നുവെന്നാണ് വിവരം.

 
                                            