ഇന്ത്യന്‍ പതാക കത്തിച്ചു, കാനഡയിൽ മോദിയുടെ ചിത്രത്തിന് നേരെ ചെരുപ്പേറോ?

കാനഡയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധവുമായി ഖലിസ്ഥാന്‍ സംഘടനകള്‍. ഒട്ടാവ, ടൊറന്റോ, വാന്‍കൂവര്‍ എന്നിവിടങ്ങളിലെ നയതന്ത്രകാര്യാലയങ്ങള്‍ മുന്നിലാണ് ഖലിസ്ഥാന്‍ ഗ്രൂപ്പായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ പ്രതിഷേധം. കാനഡയിലെ പ്രധാന നഗരങ്ങളിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്ക് പുറത്ത് പ്രതിഷേധത്തിന് സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.

ബ്രിട്ടീഷ് കൊളംബിയയില്‍ ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യന്‍ ഏജന്‍സികളുടെ പങ്കിനെ കുറിച്ച് സംശയം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സ്ഥിതിഗതികള്‍ വഷളായത്. നിജ്ജാറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ടൊറന്റോ, ഒട്ടാവ, വാന്‍കൂവര്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിഖ് ഫോര്‍ ജസ്റ്റിസിന്റെ ഡയറക്ടര്‍ ജതീന്ദര്‍ സിംഗ് ഗ്രെവാള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.

ഇന്ത്യന്‍ അംബാസഡറെ പുറത്താക്കാന്‍ തങ്ങള്‍ കാനഡയോട് ആവശ്യപ്പെടുകയാണെന്നും ഗ്രെവാള്‍ പറഞ്ഞു. നിജ്ജാര്‍ വധത്തിന് ഉത്തരവാദി ഇന്ത്യയാണ് എന്ന മുദ്രാവാക്യം വിളികളുമായാണ് ഖലിസ്ഥാന്‍ അനുകൂല സംഘടനകള്‍ പ്രതിഷേധിക്കുന്നത്. ടൊറോന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ ഇന്ത്യയുടെ ദേശീയ പതാക കത്തിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ട് ഔട്ടുകള്‍ക്ക് നേരെ ചെരുപ്പേറ് നടത്തുകയും ചെയ്തു.

സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ലോക്കല്‍ പൊലീസിനെയും ഫെഡറല്‍ പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ജൂണ്‍ 18 നാണ് സറേയില്‍ വെച്ച് ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെടുന്നത്. കൃത്യത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന വിശ്വസനീയമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്നായിരുന്നു ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞത്. എന്നാല്‍ ആരോപണങ്ങള്‍ ഇന്ത്യ തള്ളിക്കളഞ്ഞു.

നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്നതിന് കാനഡ ഒരു തെളിവും നല്‍കിയിട്ടില്ല എന്ന് കഴിഞ്ഞ ദിവസവും ഇന്ത്യ ആവര്‍ത്തിച്ചിരുന്നു. അതേസമയം ട്രൂഡോ ആരോപണം ഉന്നയിച്ച് രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് യുഎസ് അംബാസഡര്‍ പറയുന്നു. ഫൈവ് ഐസ് രാജ്യങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് ആധാരമാക്കിയാണ് ട്രൂഡോ ആരോപണം ഉന്നയിച്ചത് എന്നാണ് ഇദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

യു എസ്, യു കെ, ഓസ്ട്രേലിയ, ന്യൂസിലാന്റ്, കാനഡ എന്നിവ ഉള്‍പ്പെടുന്ന കൂട്ടായ്മയാണ് ഫൈവ് ഐസ്. കനേഡിയന്‍ അന്വേഷണം മുന്നോട്ട് പോകേണ്ടത് നിര്‍ണായകമാണ് എന്നും ഈ അന്വേഷണത്തില്‍ ഇന്ത്യ കാനഡയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം എന്നുമാണ് അമേരിക്കയുടെ നിലപാട്. കാനഡയ്ക്ക് അനുകൂലമായ അമേരിക്കയുടെ നിലപാടില്‍ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *