“ഷൈനിന്റെ അടി കൊണ്ട് ബോധം പോയി, കയ്യിൽ തറഞ്ഞ കുപ്പിച്ചില്ലുമായി അഭിനയിച്ചു,”; ആർ ഡി എക്സിന്റെ ചിത്രീകരണവേളയിലെ അനുഭവങ്ങൾ പങ്കുവച്ച് ഹരിശങ്കർ

യുവനടന്മാരെ അണിനിരത്തി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ‘ആർഡിഎക്സ്’ നിറഞ്ഞ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ വില്ലൻ മാരുടെ ഒരു നിര തന്നെയുണ്ട്. കൂട്ടത്തിൽ ശ്രദ്ധേയമായ വില്ലൻ വേഷം അവതരിപ്പിച്ച പുതുമുഖ നടനാണ് ഹരിശങ്കർ. അനസ് എന്ന ക്രിക്കറ്റ് കളിക്കാരന്റെ വേഷത്തിലാണ് ഹരിശങ്കർ എത്തുന്നത്.

‘ജൂൺ’ എന്ന രജീഷാ വിജയൻ ചിത്രത്തിലൂടെയാണ് ഹരിശങ്കർ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ആ ചിത്രത്തിൽ ചെയ്തതിനേക്കാളും വളരെ വ്യത്യസ്തമായ ഒരു നെഗറ്റീവ് കഥാപാത്രമാണ് ഹരിശങ്കർ ആർ ഡി എക്സിൽ അവതരിപ്പിച്ചത്. തന്റെ കഥാപാത്രത്തിനെ പ്രേക്ഷകർ ഏറ്റെടുത്തതിൽ വളരെ സന്തോഷമുണ്ടെന്ന് ഹരിശങ്കർ ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ ഇന്റർവ്യൂവിൽ പറയുകയുണ്ടായി.

ചിത്രത്തിൽ 35 ദിവസം തനിക്ക് ഷൂട്ട് ഉണ്ടായിരുന്നു. അതിൽ 22 ദിവസവും ഫൈറ്റ് സീനുകൾ ആയിരുന്നു. ഇന്റർവെൽ സീൻ ഷൂട്ട് ചെയ്തപ്പോൾ ഷൈൻ നിഗത്തിന്റെ അടിയേറ്റ് ബോധം പോയിരുന്നു. ബോധം വന്നപ്പോൾ ഷൈൻ തന്നോട് മാപ്പ് പറയുന്നതാണ് കണ്ടത്. അടികൊണ്ട് വീണപ്പോൾ കയ്യിൽ തറഞ്ഞു കയറിയ കുപ്പിച്ചില്ല് മറച്ചുവച്ചുകൊണ്ടാണ് സീൻ പൂർത്തിയാക്കിയത്. തനിക്ക് മാത്രമല്ല ചിത്രത്തിന് അഭിനയിച്ച എല്ലാവർക്കും ഇതുപോലെ പരിക്കുകൾ പറ്റിയിരുന്നു. എങ്കിലും ഇനി ഒരു ആക്ഷൻ ചിത്രം ചെയ്യുവാനുള്ള ധൈര്യം ആർഡിഎക്സിലൂടെ ലഭിച്ചു എന്നും അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ഹരിശങ്കർ പറഞ്ഞു.

സിനിമയുടെ വിജയത്തിന് പിന്നിൽ സംവിധായകനായ നഹാസിന്റെ കഠിനാധ്വാനം തന്നെയാണെന്ന് ഹരിശങ്കർ പറയുന്നു. അദ്ദേഹത്തിന്റെ ആദ്യസിനിമ മുടങ്ങി പോയതും അവഗണനകളും വിമർശനങ്ങളും എല്ലാം അതിജീവിച്ചതിന്റെ ഫലമാണ് ആർ ഡി എക്സിന്റെ വിജയം. ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രമാണ് ഹരിശങ്കറിന്റെ അടുത്ത ചിത്രം. “കേരള ക്രൈം ഫയൽസ്” എന്ന വെബ് സീരീസിൽ ഹരിശങ്കർ അവതരിപ്പിച്ച കഥാപാത്രവും ശ്രദ്ധേയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *