പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ ആയിരം രൂപ മുതൽ അമ്പതിനായിരം രൂപ വരെ പിഴ ഈടാക്കുന്ന ഓർഡിനൻസ് സംസ്ഥാന സർക്കാർ പുറത്തിറക്കും. പിഴയോടൊപ്പം ആറുമാസം മുതൽ ഒരു വർഷം വരെ തടവു ശിക്ഷയും ഓർഡിനൻസിൽ വ്യവസ്ഥ ചെയ്യുമെന്ന് മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഗവർണറുടെ അനുമതി ലഭിക്കുന്നതോടെ ഓർഡിനൻസ് നിലവിൽ വരും.
ജലാശയങ്ങളിലേക്ക് മാലിന്യം വലിച്ചെറിഞ്ഞാലോ മലിനജലം പുറന്തള്ളിയാലൊ പതിനായിരം മുതൽ 50000 വരെ പിഴയും ആറുമാസം മുതൽ ഒരു വർഷം വരെ തടവു ശിക്ഷയും ലഭിക്കുന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാലോ കത്തിച്ചാലോ 5000 രൂപ പിഴ ചുമത്തും. 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ നിയമനടപടികൾക്ക് വിധേയമാക്കും.
ഇത് കൂടാതെ നൂറിലധികം ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ സംഘടിപ്പിക്കുമ്പോൾ അതിന് മൂന്നുദിവസം മുമ്പ് തദ്ദേശസ്ഥാപനങ്ങൾ അറിയിച്ചു മാലിന്യ സംസ്കരണത്തിന് ഫീസ് അടയ്ക്കണം എന്നും വ്യവസ്ഥയുണ്ട്. മാലിന്യ സംസ്കരണത്തിനുള്ള യൂസർ ഫീ നൽകിയില്ലെങ്കിൽ പിഴ ഈടാക്കും
വിരുദ്ധമായി മാലിന്യം കൊണ്ടു പോകുന്ന വാഹനങ്ങൾ കണ്ടു കെട്ടാനും വ്യവസ്ഥയുണ്ട്. പൊതുസ്ഥലത്ത് മാലിന്യ പ്രശ്നമുണ്ടായാൽ അതിനുത്തരവാദിയാവുക തദ്ദേശ സെക്രട്ടറിയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ ആയിരിക്കും. ഇതുകൂടാതെ കച്ചവട സ്ഥാപനങ്ങളുടെ പരിസരത്ത് മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താൽ അയ്യായിരം രൂപ ആയിരിക്കും പിഴ. കർശനമായ നിയമ വ്യവസ്ഥയിലൂടെ മാലിന്യ നിർമ്മാജനം കാര്യക്ഷമമാക്കുകയാണ് ഓർഡിനൻസിന്റെ ലക്ഷ്യം.
