വയറിന് എന്തെങ്കിലും ചെറിയ അസ്വസ്ഥത തോന്നിയാലുടനെ അത് ഗ്യാസ്സാണെന്നു കരുതി ഗുളിക വാങ്ങി കഴിക്കും അതുപോലെ കാല്‍സ്യം സപ്ലിമെന്‍റുകള്‍ ദിവസവും ശീലമാക്കിയവരാണ് നമ്മളിൽ പലരും.ഇതിനൊന്നും ഡോക്ടറുടെ അഭിപ്രായം പോലും നാം തേടാറില്ല.
ഗ്യാസിനുള്ള ഗുളിക സ്ഥിരം ഉപയോഗിക്കുന്നവർക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത അധികമാണെന്ന് സ്റ്റാന്‍ഫോഡ് സര്‍വകലാശാല നടത്തിയ ഗവേഷണ പഠനം മുന്നറിയിപ്പ് നല്‍കുന്നു. പ്രോട്ടോണ്‍ പമ്പ് ഇന്‍ഹിബിറ്ററുകളും അന്‍റാസിഡുകളും ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാഘാത സാധ്യത 16 മുതല്‍ 21 ശതമാനം അധികമാണ്.
കാല്‍സ്യമാണ് ഇവിടെ വില്ലനാകുന്നത്. കാല്‍സ്യത്തിന്‍റെ തോത് ശരീരത്തില്‍ കൂടിയാലും കുറഞ്ഞാലും അപകടമാണ്. അന്‍റാസിഡുകളിലുള്ള കാല്‍സ്യം സംയുക്തങ്ങളും കാല്‍സ്യം സപ്ലിമെന്‍റുകളും രക്തപ്രവാഹത്തിലെ കാല്‍സ്യം തോത് വര്‍ധിപ്പിക്കുന്നു. ഓരോ ഹൃദയമിടിപ്പിലും ഹൃദയത്തിലെ പേശികളിലേക്ക് കയറുന്ന കാല്‍സ്യം ഇവിടുത്തെ ഇലക്ട്രിക് സിഗ്നലുകളെ നിയന്ത്രിക്കുന്നു. ഹൃദയം എത്ര വേഗത്തില്‍ മിടിക്കുന്നു എന്നതിലും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് രക്തം എത്ര കാര്യക്ഷമമായി എത്തിക്കുന്നു എന്നതിലും ഇതിനാല്‍ തന്നെ കാല്‍സ്യത്തിന് നിര്‍ണായക സ്വാധീനം ചെലുത്താനാകും.
കാല്‍സ്യത്തിന്റെ തോത് കൂടുന്നതും കുറയുന്നതും അസാധാരണമായ ഇലക്ട്രിക് സിഗ്നലുകള്‍ക്കും ഹൃദയതാളത്തിനും കാരണമാകും. അതുകൊണ്ട് തന്നെ ഡോക്ടറെ പോയി കാണാനും പൈസ ചിലവാക്കാനും മടിയുള്ളർ ഗ്യാസിന്റെ ഗുളികയിൽ രോഗങ്ങളെ ഒതുക്കാൻ ശ്രമിച്ചാൽ മാറാരോഗങ്ങളായിരിക്കും ഫലം.
