ഇന്ത്യയുടെ പേര് ഭാരതമെന്നു മാറ്റുമോ എന്നുള്ള ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ ജി ട്വന്റി ഉച്ചകോടിയിൽ പേരുമാറ്റ സൂചനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചകോടി സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് മുന്നിൽ രാജ്യത്തിന്റെ പേര് ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാണ് പ്രദർശിപ്പിച്ചിരുന്നത്. ഇതോടെ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ പേരുമാറ്റം സംബന്ധിച്ചുള്ള ബിൽ കൊണ്ടുവന്നേക്കുമെന്ന അഭ്യൂഹവും ശക്തമായിരിക്കുകയാണ്.
ജി ട്വന്റി ഉച്ചകോടിക്കെത്തുന്ന നേതാക്കൾക്കായുള്ള രാഷ്ട്രപതിയുടെ ക്ഷണക്കത്തിൽ ‘പ്രസിഡണ്ട് ഓഫ് ഇന്ത്യ’ എന്നതിന് പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പേരുമാറ്റ വിവാദത്തിന് കാരണമായത് ഇതാണ്. ഉച്ചകോടിയിൽ വിതരണം ചെയ്ത ലഘുലേഖ ‘ഭാരത് മദർ ഓഫ് ഡെമോക്രസി’യിൽ ഭാരതമാണ് രാജ്യത്തിന്റെ ഔദ്യോഗിക നാമം എന്ന് പ്രതിപാദിക്കുന്നു. ഇതും പേരുമാറ്റത്തിന്റെ സൂചന തന്നെയാണ് നൽകുന്നത്.
നടപടിക്രമങ്ങൾ പൂർത്തിയായാൽ ഔദ്യോഗിക രേഖകളിൽ ഇന്ത്യക്ക് പകരം രാജ്യത്തിന്റെ പേര് ഭാരതം എന്ന് രേഖപ്പെടുത്തുമെന്ന് യുഎൻ വക്താവ് വ്യക്തമാക്കിയതായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പേരുമാറ്റവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങൾ കേന്ദ്രത്തിൽ നിന്ന് ഇതുവരെയും ഉണ്ടായിട്ടില്ല.
