ഇന്ത്യന്‍ സിനിമയുട ഡിസ്‌കോ ഡാന്‍സര്‍ ആണ് മിഥുന്‍ ചക്രവര്‍ത്തി. താരപുത്രന്മാര്‍ സൂപ്പര്‍താരങ്ങളായിരുന്ന കാലത്ത് യാതൊരു പിന്‍ബലവുമില്ലാതെ ബോളിവുഡിലെ സൂപ്പര്‍ താരമായ വ്യക്തിയാണ് മിഥുന്‍ ചക്രവര്‍ത്തി.
കുപ്പത്തൊട്ടിയില്‍ നിന്നും കണ്ടെത്തിയ പെണ്‍കുട്ടിയെ ഏറ്റെടുത്ത് മകളായി വളര്‍ത്തിയ വ്യക്തിയാണ് അദ്ദേഹം.അദ്ദേഹത്തിന്റെ ബയോളജിക്കല്‍ മക്കളായ മഹാക്ഷയ്, നമഷി, ഉഷ്മെ എന്നിവരെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മകള്‍ ദിഷാനിയെക്കുറിച്ച് പലര്‍ക്കും കൂടുതല്‍ അറിയില്ല. അച്ഛനെ പോലെ തന്നെ അഭിനയത്തില്‍ താല്‍പര്യമുള്ളയാളാണ് ദിഷാനി.വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം. കുപ്പത്തൊട്ടിയില്‍ നിന്നും ഒരു പെണ്‍കുഞ്ഞിനെ കണ്ടെത്തിയതായി പ്രമുഖ ബംഗാളി പത്രങ്ങളിലൊന്നില്‍ ഒരു വാര്‍ത്ത വന്നു. പലരും ശ്രദ്ധിക്കാതെ പോയൊരു വാര്‍ത്ത. ശ്രദ്ധിച്ചവര്‍ കൗതുകത്തിന് അപ്പുറം കടന്നു പോകാനാഗ്രഹിച്ചില്ല. എന്നാല്‍ വാര്‍ത്ത അറിഞ്ഞതും ആ കുഞ്ഞിനെ ദത്തെടുക്കാന്‍ തന്നെ മിഥുന്‍ ചക്രവര്‍ത്തി തീരുമാനിച്ചു.
മിഥുന്‍ ചക്രവര്‍ത്തിയുടെ ഭാര്യ യോഗിത ബാലിയും തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണയേകി കൂടെ തന്നെ ഉണ്ടായിരുന്നു.
തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നു.മൂന്ന് സഹോദരന്മാരുടെ ഏക സഹോദരിയായി ദിഷാനി വളര്‍ന്നു. മകളോട് ഒരിക്കലും ഒരു തരത്തിലുള്ള വേര്‍തിരിവും മിഥുന്‍ ചക്രവര്‍ത്തി കാണിച്ചല്ല. തന്റെ മകള്‍ തന്നെയാണ് അദ്ദേഹത്തിന് ദിഷാനി.
അച്ഛനൊപ്പം ഫിലിം സെറ്റുകളിലൊക്കെ ദിഷാനി എത്താറുണ്ടായിരുന്നു. ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉപരിപഠനത്തിനായി ദിഷാനി അമേരിക്കയിലേക്കാണ് പോയത്. ന്യുയോര്‍ക്ക് ഫിലിം അക്കാദമിയില്‍ നിന്നും അഭിനയത്തില്‍ ബിരുദം നേടി. ചെറുപ്പം മുതല്‍ക്കെ ദിഷാനിയ്ക്ക് അഭിനയത്തോട് താല്‍പര്യമുണ്ടായിരുന്നു. കടുത്ത സല്‍മാന്‍ ഖാന്‍ ആരാധികയാണ് ദിഷാനി.
ഹോളിവുഡിലാണ് ദിഷാനി അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. 2017 ല്‍ പുറത്തിറങ്ങിയ ഗിഫ്റ്റ് എന്ന ഹ്രസ്വ ചിത്രമായിരുന്നു അരങ്ങേറ്റവേദി. പിന്നീട് 2022 ല്‍ ദ ഗസ്റ്റ് എന്ന ഹ്രസ്വ ചിത്രത്തിലും അഭിനയിച്ചു. രാജ്യാന്തര ചലച്ചിത്രമേളകളിലൊക്കെ ദ ഗസ്റ്റ് ശ്രദ്ധ നേടിയിട്ടുണ്ട്.
അധികം വൈകാതെ തന്നെ ദിഷാനിയുടെ ബോളിവുഡ് അരങ്ങേറ്റം കാണാം എന്നാണ് ആരാധകര്‍ കരുതുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിഷാനിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അന്ന് മിഥുന്‍ ചക്രവര്‍ത്തിയുടെ കൈയിലുണ്ടായിരുന്ന കൊച്ചുകുട്ടി ഇന്ന് വളര്‍ന്നൊരു സുന്ദരിയായി മാറിയിരിക്കുകയാണ്.
ഈയ്യടുത്ത് ദിഷാനി പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.അതേസമയം അഭിനയത്തില്‍ ഇപ്പോഴും സജീവമാണ് മിഥുന്‍ ചക്രവര്‍ത്തി. അദ്ദേഹത്തിന്റെ പാതയിലൂടെ മക്കളും സിനിമയിലെത്തിയെങ്കിലും അച്ഛനുണ്ടാക്കിയ ഓളം സൃഷ്ടിക്കാന്‍ ഇതുവരേയും സാധിച്ചിട്ടില്ല.
ബോളിവുഡിന്റെ ഡിസ്‌കോ ഡാന്‍സര്‍ ആയ
മിഥുന്‍ ചക്രവര്‍ത്തി ഹിന്ദിയ്ക്ക് പുറമെ ബംഗാളിയിലും കന്നഡയിലും തെലുങ്കിലും തമിഴിലും ഒഡിയയിലും ബോജ്പൂരിയിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട് മിഥുന്‍ ചക്രവര്‍ത്തി. തന്റെ ആദ്യ സിനിമയായ മൃഗയയിലൂടെ തന്നെ അദ്ദേഹം ദേശീയ പുരസ്‌കാരം നേടിയിരുന്നു.
അദ്ദേഹത്തിന്റെ പോരാട്ട കഥ ഒട്ടു മിക്ക ആരാധകര്‍ക്കും അറിയാമെങ്കിലും മുംബൈയിലെ തെരുവുകളില്‍ പട്ടിണി കിടന്ന് നേടിയെടുത്തതാണ് തന്റെ ജീവിതത്തിലെ ഓരോ വിജയവുമെന്ന് പല വേദികളിലും മിഥുന്‍ പറഞ്ഞിട്ടുണ്ട്.

 
                                            