സംവിധായകൻ ലോകേഷ് കനകരാജിന്റെ അഞ്ചാമത്തെ ചിത്രമായ ലിയോ ദളപതി വിജയുടെ കരിയാറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആണ്. ലോകമെമ്പാടും ആറായിരത്തോളം സ്ക്രീനുകളിൽ പ്രദർശിപ്പിച്ച ചിത്രം മികച്ച അഭിപ്രായങ്ങൾക്കൊപ്പം സമ്മിശ്ര പ്രതികരണങ്ങളും നേടി മുന്നേറുകയാണ്.
ലിയോയുടെ ട്രെയിലർ വന്ന നാൾ മുതൽ കേട്ടുവരുന്ന കാര്യമാണ് ഹോളിവുഡ് ചിത്രം ഹിസ്റ്ററി ഓഫ് വയലൻസിനോട് ലിയോയ്ക്കുള്ള സാദൃശ്യം. എന്നാൽ ഇത് സംബന്ധിച്ച് ലോകേഷോ ചിത്രത്തിന്റെ അണിയറ പ്രവർത്തകരോ അഭിപ്രായങ്ങൾ ഒന്നും പറഞ്ഞിരുന്നില്ല. പക്ഷേ വ്യാഴാഴ്ച ആദ്യത്തെ ഷോ കഴിഞ്ഞപ്പോൾ തന്നെ ആ കൺഫ്യൂഷൻ മാറിയിരിക്കുകയാണ്.
ചിത്രം തുടങ്ങുമ്പോൾ ഹിസ്റ്ററി ഓഫ് വയലൻസിനുള്ള ആദരമാണ് ലിയോ എന്ന് ടൈറ്റിൽ കാർഡിൽ തന്നെ പറയുന്നുണ്ട്. മാത്രമല്ല. ഹോളിവുഡ് സിനിമയ്ക്ക് ആസ്പദമായ കോമിക്ക് ബുക്കിന്റെ അവകാശവും ലിയോ നിർമാതാക്കൾ വാങ്ങിയിരുന്നു.
അമേരിക്കയിലെ ഒരു ഉൾനാടൻ പട്ടണത്തിൽ കഫെ നടത്തുന്ന ഒരു വ്യക്തിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ചുറ്റിപ്പറ്റിയാണ് ഹിസ്റ്ററി ഓഫ് വയലൻസിന്റെ കഥ നടക്കുന്നത്. ഒരു ദിവസം തന്റെ കഫെയിലേക്ക് എത്തുന്ന രണ്ടു കൊടും ക്രിമിനലുകളെ കൊന്നുകൊണ്ട് അയാൾ പ്രശസ്തനാകുന്നു. പക്ഷേ, ഈ സംഭവം ഇയാളുടെ പഴയ കാലത്തെ ശത്രുക്കൾ ഇയാളെ തേടി വരാൻ കാരണമാകുന്നു ഇതാണ് ഈ ഹോളിവുഡ് ചിത്രത്തിന്റെ കഥ.
ലോഡ് ഓഫ് ദ എന്ന വിഖ്യാത ഹോളിവുഡ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിഗോ മോർട്ടൻസൺ ആണ് ഹിസ്റ്ററി ഓഫ് വയലൻസിലും നായകനായി എത്തുന്നത്. ഓസ്കാർ നോമിനേഷൻ അടക്കം നേടിയ ചിത്രത്തിന്റെ കഥാതന്തുവിൽ തന്റേതായ മാറ്റങ്ങൾ വരുത്തിയാണ് ലോഗേഷ് കനകരാജ് ലിയോ അവതരിപ്പിക്കുന്നത്
