കര്‍ഷകസമരം : നാളെ റെയില്‍ ഉപരോധം ; നാല് മണിക്കൂര്‍ റെയില്‍ ഗതാഗതം സ്തംഭിക്കും

ദില്ലി : അഖിലേന്ത്യാതലത്തില്‍ കര്‍ഷകസമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച്ചത്തെ റെയില്‍ ഉപരോധം വന്‍വിജയമാക്കാന്‍ കര്‍ഷകസംഘടനകള്‍ ഒരുങ്ങുകയാണ്.

നാല് മണിക്കൂര്‍ രാജ്യത്തെ റെയില്‍ ഗതാഗതം പൂര്‍ണ്ണമായി സ്തംഭിപ്പിക്കുകയാണ് ലക്ഷ്യം. റെക്കോര്‍ഡ് ജനപങ്കാളിത്തം ഉറപ്പാക്കാനുളള ശ്രമത്തിലാണ് കര്‍ഷകസംഘടനകള്‍. സമരം രാജ്യവ്യാപകമായി ശക്തിപ്പെടുത്തുകയാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയിറക്കി.

ചൊവ്വാഴ്ച കര്‍ഷകനേതാവായ സര്‍ ഛോട്ടു റാമിന്റെ ജന്മവാര്‍ഷിക ദിനം മുന്‍നിര്‍ത്തി കര്‍ഷകസംഘടനകള്‍ രാജ്യവ്യാപകമായി മെഴുകുതിരി മാര്‍ച്ചും പന്തംകൊളുത്തി പ്രകടനവും സംഘടിപ്പിച്ചിരുന്നു. മഹാരാഷ്ട്രയിലെ വാര്‍ദയില്‍ 65 ദിവസമായി തുടരുന്ന സമരത്തില്‍ അങ്കണവാടി ജീവനക്കാരടക്കം പങ്കുചേര്‍ന്നു.

കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരെയും മറ്റും ദേശദ്രോഹികളായി ചിത്രീകരിച്ച ഹരിയാന മന്ത്രിമാരായ അനില്‍ വിജിനെയും ജെ.പി. ദലാലിനെയും ഉടന്‍ പുറത്താക്കണമെന്ന് കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു. ഹരിയാനയിലെ കിസാന്‍ മഹാപഞ്ചായത്തുകള്‍ ഇതിനായി പ്രമേയങ്ങള്‍ പാസാക്കി.

വ്യാഴാഴ്ച റെയില്‍ ഉപരോധം പ്രഖ്യാപിച്ചതോടെ ഉത്തരേന്ത്യയില്‍ വ്യാപകമായി ട്രെയിനുകള്‍ റദ്ദാക്കി. അമൃത്സറില്‍ നിന്നും ദര്‍ബംഗയിലേക്കും നാന്ദെദിലേക്കുമുള്ള ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. അമൃത്സര്‍ – മുംബൈ, അമൃത്സര്‍ – കോര്‍ബ എന്നീ ട്രെയിനുകള്‍ വഴിതിരിച്ചുവിടും.

Leave a Reply

Your email address will not be published. Required fields are marked *