പാസ്പോര്‍ട്ടിന് പകരം ഫെയിസ് റെക്കഗ്നിഷന്‍ ; ദുബായ് വിമാനത്താവളത്തില്‍ അത്യാധുനിക സംവിധാനം നിലവില്‍ വന്നു

ദുബായ് : ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുന്ന യാത്രികര്‍ മുന്‍പ് പാസ്പോര്‍ട്ടോ, എമിറേറ്റ്സ് ഐഡിയോ ഉപയോഗിച്ചാണ് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നത്. എന്നാല്‍, ടിക്കറ്റ് ചെക്കിങ്ങ് കൗണ്ടര്‍ മുതല്‍ വിമാനത്തിലേക്ക് കയറുന്നതുവരെ മുഖം മാത്രം ക്യാമറയില്‍ കാണിച്ചുകൊണ്ട് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന ഫെയ്സ് റെക്കഗ്നിഷന്‍ യാത്രാ സംവിധാനം കഴിഞ്ഞ ദിവസം ദുബായ് വിമാനത്താവളത്തില്‍ നിലവില്‍ വന്നിരിക്കുകയാണ്. ആര്‍ട്ടിഫീഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ യാത്രക്കാരുടെ മുഖവും കണ്ണുകളും തിരിച്ചറിഞ്ഞുകൊണ്ട് നടപടി പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന ബയോമെട്രിക്ക് അതിവേഗ യാത്രാ സംവിധാനമാണ് ദുബായില്‍ ആരംഭിച്ചിരിക്കുന്നത്.

ഈ നടപടി പാസ്പോര്‍ട്ടിന്റെ മാത്രമല്ല, ബോര്‍ഡിങ്ങ് പാസിന്റെയും പകരക്കാരനാകും. മുഖം തിരിച്ചറിയാനുള്ള സൊഫ്റ്റ്വെയര്‍ എല്ലാം അതാത് സമയങ്ങളില്‍ ചെയ്യും. ചുരുക്കി പറഞ്ഞാല്‍ ലഗ്ഗേജ് ഒഴികെ കൈ വീശി വിമാനയാത്ര ചെയ്യാന്‍ കഴിയുമെന്നര്‍ത്ഥം. മുഖമാണ് ഏക യാത്രാ രേഖ. അഞ്ച് മുതല്‍ ഒന്‍പത് സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ യാത്ര നടപടി പൂര്‍ത്തിയാകും. ഫെയ്സ് റെക്കഗ്നിഷന്‍ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജി.ഡി.ആര്‍.എഫ്.എ ദുബായ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി നിര്‍വ്വഹിച്ചു. ബയോമെട്രിക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് സമാന ഇരട്ടകളെപോലും വേര്‍തിരിച്ചറിയുവാന്‍ കഴിയുന്ന അത്യാധുനിക സോഫ്റ്റ്വെയറുകളിലൂടെയാണ് ഈ നടപടി സാധ്യമാക്കുന്നത്.

വിമാന ടിക്കറ്റ് ചെക്കിങ്ങ് പവലിയനു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയിലേക്ക് നോക്കുക എന്നതാണ് ഈ നടപടിയുടെ ആദ്യഘട്ടം. തുടര്‍ന്ന് എമിഗ്രേഷന്‍ നടപടിയ്ക്കുള്ള ഗേറ്റില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയില്‍ മുഖം കാണിച്ചാല്‍ ഡേറ്റാബേസിലുള്ള മുഖവും, കണ്ണും യാത്രക്കാരന്റേതാണെന്ന് സിസ്റ്റം ഉറപ്പുവരുത്തി അടുത്ത ഘട്ടത്തിലേക്കുള്ള ഗേറ്റുകള്‍ ഓരോന്നോരോന്നായി തുറക്കും. എന്നാല്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നവര്‍ ആദ്യത്തെ തവണ അവരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും, മുഖവും, കണ്ണുകളും സിസ്റ്റത്തിലേക്ക് പകര്‍ത്തുകയും വേണം. പിന്നീട് തുടര്‍യാത്രയ്ക്ക് ഈ രജിസ്റ്റ്രേഷന്‍ ആവശ്യമില്ല. ഈ യാത്രയ്ക്ക് പാസ്പോര്‍ട്ട് ആവശ്യമില്ലെങ്കിലും തങ്ങളുടെ എല്ലാ യാത്രാരേഖകളും എപ്പോഴും യാത്രക്കാര്‍ കൈയില്‍ കരുതണമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

ആദ്യഘട്ടത്തില്‍ എമിറേറ്റ്സ് വിമാനത്തിന്റെ ബിസിനസ്സ്, ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്കാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്മാര്‍ട്ട് ഗേറ്റിലൂടെയും, സ്മാര്‍ട്ട് ടണലിലൂടെയും യാത്രക്കാര്‍ക്ക് കടന്നു പോകാം. പുതിയ സംവിധാനം വിമാന യാത്രയുടെ ഭാവിയിലേക്കുള്ള ആദ്യപടിയാണെന്ന് ദുബായ് ജി.ഡി.ആര്‍.എഫ്.എ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു.

എമിറേറ്റ്സുമായി സഹകരിച്ച് ദുബായ് വിമാനത്താവളങ്ങളില്‍ ഈ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. സ്മാര്‍ട്ട് ടണല്‍ സുഗമമായി പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ തടസ്സമില്ലാത്ത യാത്രയ്ക്കായി ബയോമെട്രിക്ക് പാത ഏകോപിപ്പിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സംരംഭങ്ങളെല്ലാം യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ കാഴ്ച്ചപ്പാടിന് അനുസൃതമായാണ് നിലവില്‍ വന്നിരിക്കുന്നത്. സംരംഭം ആത്യന്തികമായി വിമാനത്താവളത്തിലെ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുകയും ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് മേജര്‍ ജനറല്‍ അല്‍ മര്‍റി വ്യക്തമാക്കി.

കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ക്ക് ശേഷം എമിറേറ്റ്സ് വിനോദ സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നപ്പോള്‍ വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ജി.ഡി.ആര്‍.എഫ്.എയിലെ ബ്രിഗേഡിയര്‍ തലാല്‍ അഹമ്മദ് അല്‍ ഷാന്‍കിറ്റി പറഞ്ഞു. പരീക്ഷണ ഘട്ടത്തിന്റെ ഭാഗമായി മുന്‍പ് സ്ഥാപിച്ച ബയോമെട്രിക്ക് സംവിധാനത്തിലൂടെ പ്രതിദിനം മൂവായിരത്തോളം യാത്രക്കാരാണ് കടന്നുപോയിക്കൊണ്ടിരുന്നത്. തടസ്സമില്ലാത്ത യാത്രയ്ക്കായി സ്മാര്‍ട്ട് ഗേറ്റുകള്‍ പരിഷ്ക്കരിച്ചെന്ന് അദ്ദേഹം വെളിപ്പെടുത്തി.

17 വയസ്സിനു മുകളില്‍ പ്രായമുള്ള യാത്രക്കാര്‍ക്ക് ബയോമെട്രിക്ക് പാതയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മുഖം സ്കാന്‍ ചെയ്യുന്നതിനായി സ്മാര്‍ട്ട് ഗേറ്റുകളില്‍ എത്തുമ്പോള്‍ മാസ്ക്കുകള്‍ നീക്കം ചെയ്യണം. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കുള്ളിലെ പരീക്ഷണ ഘട്ടത്തില്‍ ഒരു പിഴവുമില്ലാതെയാണ് സിസ്റ്റം പ്രതികരിച്ചതെന്ന് ബ്രിഗേഡിയര്‍ തലാല്‍ അഹമ്മദ് അല്‍ ഷാന്‍കിറ്റി അറിയിച്ചു. യാത്രക്കാര്‍ക്ക് ബോര്‍ഡിങ്ങ് പാസ് ആവശ്യമില്ലാത്തതിനാല്‍ അത്യാധുനിക സംവിധാനം പേപ്പറുകളുടെ ഉപയോഗം കുറയ്ക്കും. കോവിഡ് പശ്ചാത്തലത്തില്‍ ബയോമെട്രിക്ക് പാത സുരക്ഷിതമായ യാത്രാ നടപടിയാണ് പ്രദാനം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *