എംമ്പുരാന്‍; പ്രതീക്ഷയും വിവാദങ്ങളും

സഞ്ജയ് ദേവരാജന്‍

ലൂസിഫര്‍ എന്ന 2019ലെ സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാന്‍ തിയേറ്റര്‍ എത്തിയശേഷം ഉണ്ടായ വിവാദങ്ങള്‍ മലയാളത്തിന്റെ സാംസ്‌കാരിക മേഖലയില്‍ പുതിയ ചര്‍ച്ചയുടെ വാതിലുകള്‍ തുറന്നിടുകയാണ്. അതോടൊപ്പം പുതിയ ഉള്‍ക്കാഴ്ചകളും.

മോഹന്‍ലാലിന്റെതു മാത്രമായി ഒരു ഒണ്‍മാന്‍ ഷോ ആക്ഷന്‍ പൊളിറ്റിക്കല്‍ സിനിമ കാണാന്‍ വന്ന കടുത്ത ആരാധകര്‍ക്ക് ഒരുപക്ഷെ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ നിരാശയുണ്ടായികാണും. അതുകൊണ്ടായിരിക്കാം 3 മണിക്കൂര്‍ സിനിമയില്‍ ഒറ്റ സീനില്‍ അഭിനയിച്ച നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെ വിമര്‍ശിച്ചുകൊണ്ട് സിനിമയെകുറച്ചു മോശമായ പ്രതികരണങ്ങള്‍ നടത്തിയത്.

സിനിമയ്ക്ക് റിലീസിന് മുമ്പേ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ട ഹൈപ്പ്, ഇന്നോളം മറ്റൊരു മലയാള സിനിമയ്ക്ക് ഉണ്ടാകാത്ത തരത്തിലുള്ള ഒന്നായിരുന്നു. 180 കോടി രൂപയ്ക്ക് മുകളിലായിരുന്നു സിനിമയുടെ ബഡ്ജറ്റ് എന്നൊക്കെ പറയുന്നത്, സാധാരണ പ്രേക്ഷകനെ കബളിപ്പിക്കുന്നതാണ്. ഇത്തരത്തില്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടുന്ന ഹൈപ്പ് കളില്‍ ഇനിയെങ്കിലും അമിത പ്രതീക്ഷ വെച്ചുപുലര്‍ത്തി, സിനിമ കണ്ട ശേഷം അതിനൊപ്പം എത്തിയില്ല എന്ന് പറഞ്ഞു ചീത്തവിളിക്കുന്ന തരത്തിലേക്ക് പോകണോ എന്നുള്ളത് പ്രേക്ഷകന്റെ പൊതുബോധത്തിന് വിട്ടുകൊടുക്കേണ്ടതാണ്.

എന്നാല്‍ ലൂസിഫര്‍ എന്ന ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാകുമ്പോള്‍ സാധാരണ പ്രേക്ഷകരുടെ ഉള്ളില്‍ ഒരു പ്രതീക്ഷ ഉണ്ടാകും. അപ്പോഴും ബുദ്ധിമാനായ പ്രേക്ഷകന്‍ രണ്ടാം ഭാഗത്തെ, പുതിയൊരു സിനിമ എന്ന നിലയില്‍ വേണം വിലയിരുത്തനും കാണാനും. അത്തരത്തില്‍ കാണുമ്പോള്‍ തീര്‍ച്ചയായും ആസ്വാദ്യകരമായ ഒരു സിനിമ തന്നെയാണ് എമ്പുരാന്‍. സംവിധായകന്റെ സിനിമ എന്ന് പറയാം. ഒരു താരത്തിന്റെയും അപ്രമാതത്വം സിനിമ കാണുമ്പോള്‍ തോന്നില്ല. ഓരോ കഥാപാത്രത്തിനും വേണ്ട സ്‌ക്രീന്‍ സ്‌പേസ് നല്‍കി സിനിമയെന്ന രീതിയില്‍ ഒരു ടോട്ടാലിറ്റി നല്‍കുക എന്നതാണ് ഇവിടെ സംവിധായകന്‍ ചെയ്തിരിക്കുന്നത്.

കുറച്ചു സീനുകളില്‍ വന്നു കൈയ്യടി നേടുക. മോഹന്‍ലാലും പൃഥ്വിരാജ് -ഉം, മഞ്ജു വാര്യരും, ടോവിനോയും ഒക്കെ ഈ തരത്തില്‍ നിറഞ്ഞു നില്കുന്നു. എടുത്തു പറയാവുന്ന ചില രംഗങ്ങളിലൂടെ സുരാജ്, ശിവജി, ബൈജു എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചു. സിനിമ ആവശ്യപ്പെടുന്ന ഛായാഗ്രഹ ഭംഗി സുജിത്ത് വാസുദേവിന്റെ ക്യാമറയില്‍ നിന്ന് ഉണ്ടായി. ദീപക് ദേവിന്റെ സംഗീതം തരക്കേടില്ലാത്ത മികവ് പുലര്‍ത്തി. മോഹന്‍ലാലിനും പൃഥ്വിരാജിനും ഒരേ സ്‌ക്രീന്‍ സ്‌പേസ് കൊടുത്തുള്ള അവസാന രംഗങ്ങളിലെ സംഘട്ടനരംഗങ്ങള്‍ മികച്ചതായിരുന്നു.

എമ്പുരാന്‍ എന്ന ചിത്രം അതിന്റെ രാഷ്ട്രീയ നിലപാടുകളിലൂടെ തന്നെയാണ് ശ്രദ്ധേയമാകുന്നത്. വ്യക്തമായ ഒരു രാഷ്ട്രീയ നിലപാട് ഈ സിനിമ പറഞ്ഞുവയ്ക്കുന്നുമുണ്ട്. എന്നാല്‍ കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് അകത്തു നിന്നു കൊണ്ടുള്ള മാന്യമായതും ഒതുക്കമുള്ളതുമായ രീതിയിലാണ് അത് അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ സിനിമ കാണുന്ന ഒരാള്‍ക്ക് അസഹിഷ്ണുത പരിധിവിട്ടു ഉണ്ടാക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ഒരു ഫാസിസ്റ്റ് ആണ്. അല്ലെങ്കില്‍ നിങ്ങളുടെ ഉള്ളില്‍ ഒരു ഫാസിസ്റ്റ് ഒളിഞ്ഞുകിടപ്പുണ്ട്. ആ ഒളിഞ്ഞു കിടക്കുന്ന ഫാസിസ്റ്റ് ചിന്തകള്‍ക്ക് വേണം നിങ്ങള്‍ കട്ട് കൊടുക്കുവാന്‍. കാരണം നിങ്ങള്‍ ജീവിക്കുന്നത് ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ ആണ്. അധികാരം ഒരുകാലത്തും ആരുടെയും കുത്തകയല്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ജനാധിപത്യത്തില്‍ അത് കുറച്ചുകൂടി വ്യക്തവും സ്പഷ്ടവുമാണ്.

2014 മുന്‍പ് ഇവിടെ ഇപ്പോള്‍ അസഹിഷ്ണുത കാണിക്കുന്നവര്‍ക്കെതിരെ വിമര്‍ശിച്ചുകൊണ്ട് ധാരാളം ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അധികാരത്തിന്റെ തണലില്‍ ഇരുന്നുകൊണ്ട് വിമര്‍ശിക്കുന്നവരെ നിശബ്ദനാക്കാന്‍ ശ്രമിച്ചാല്‍ കാലവും ജനവും ഇതൊക്കെ കാണുന്നുണ്ട്. അധികാരം ആരുടെയും കുത്തകയല്ല, അങ്ങനെ കരുതി പോയ ഹിറ്റ്‌ലറും മുസോളിനിയും ഒക്കെ കാലത്തിന്റെ കുത്തൊഴുക്കില്‍ ഒഴുകിപ്പോയിട്ടുണ്ട്.

അഭിപ്രായങ്ങള്‍ മാന്യമായും സധൈര്യമായും പറയുവാന്‍ ഒരു പൗരന് സ്വാതന്ത്ര്യം നല്‍കുക, അത്തരത്തില്‍ അവന്റെ വ്യക്തിത്വത്തിന് വികസനം നല്‍കുക എന്നുള്ളതാണ് നമ്മുടെ ഭരണഘടന ലക്ഷ്യം വെക്കുന്നത്. അല്ലാതെ ഒരു കൊമേഡിയന്‍ ഒരു പരാമര്‍ശം നടത്തിയാല്‍ അവനെതിരെ 40 കേസുകള്‍ ചുമത്തി അവനെ നിശബ്ദനായ്ക്കാന്‍ ശ്രമിക്കുന്നതാണ് കേമത്തമെന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ തെറ്റായ പാതയിലാണ് സഞ്ചരിക്കുന്നത്; നിങ്ങള്‍ക്ക് ഒരു പുനര്‍വിചിന്തനം നിങ്ങളുടെ ചിന്തകളില്‍ വേണം. ഏകാധിപത്യ ശൈലിയിലുള്ള ചിന്തകളാണ് നിങ്ങളുടെ ഉള്ളില്‍ പോകുന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ തന്നെ അവിടെ സ്വയം കട്ട് പറയേണ്ടതുണ്ട്. സിനിമയെ സിനിമയായി കാണുക. ഒരുവട്ടം ഉറപ്പായും തീയറ്ററില്‍ നിന്ന് തന്നെ കാണേണ്ട സിനിമയാണ് എമ്പുരാന്‍.

Leave a Reply

Your email address will not be published. Required fields are marked *