കനറാ ബാങ്കില്‍ നിന്നും ലക്ഷക്കണക്കിന് രൂപ ജീവനക്കാരന്‍ തട്ടിയെടുത്തു ; പ്രതി ഒളിവില്‍

പത്തനംതിട്ട : കനറാ ബാങ്കില്‍ നിന്നും ജീവനക്കാരന്‍ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് മുങ്ങി. പത്തനാപുരം സ്വദേശി വിജീഷ് വര്‍ഗ്ഗീസാണ് തട്ടിപ്പ് നടത്തിയതെന്ന് കാണിച്ച് ബാങ്ക് പൊലീസില്‍ പരാതി നല്‍കി. ആരോപണവിധേയനായ വിജീഷ് വര്‍ഗ്ഗീസ് ഒളിവിലാണ്.

ബാങ്കില്‍ നിക്ഷേപമുള്ള ഉദ്യോഗസ്ഥരുടെ പാസ്വേര്‍ഡ് ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ബാങ്കിലെ ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിരനിക്ഷേപ അക്കൗണ്ടിലെ പത്ത് ലക്ഷം രൂപ പിന്‍വലിച്ചത് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇതുമായി ബന്ധപ്പെട്ട് ക്ലര്‍ക്ക് വിജീഷ് വര്‍ഗ്ഗീസിനോട് ബ്രാഞ്ച് മാനേജര്‍ വിശദീകരണം ചോദിച്ചപ്പോള്‍ അബദ്ധം പറ്റിയതാണെന്ന് ആയിരുന്നു ഇയാളുടെ മറുപടി.

സംശയം തോന്നിയ മാനേജര്‍ വിശദപരിശോധന നടത്തിയപ്പോഴാണ് വിജീഷ് പല അക്കൗണ്ടുകളിലേക്ക് പണം മാറ്റിയെന്ന് കണ്ടെത്തിയത്. പ്രതിയുടെ ഭാര്യയുടേതടക്കം പല അക്കൗണ്ടുകളിലേക്കും പണം മാറ്റിയിട്ടുണ്ട്. തട്ടിപ്പ് കണ്ടെത്തിയത് മുതല്‍ വിജീഷ് കുടുംബത്തോടൊപ്പം ഒളിവിലാണ്. 9,75,000 രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് ബാങ്ക് നിലവില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

സാമ്പത്തിക തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ ബാങ്ക് പരിശോധിക്കുകയാണ്. 2019-ിലാണ് വിമുക്ത ഭടന്‍ കൂടിയായ വിജീഷ് ബാങ്കില്‍ ജോലിക്ക് പ്രവേശിച്ചത്. മുന്‍പ് സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ശാഖയായിരുന്ന പ്രസ്തുത ബാങ്ക് അടുത്തിടെയാണ് കനറാ ബാങ്കില്‍ ലയിച്ചത്. ഒളിവില്‍ പോയ വിജീഷിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി.

Leave a Reply

Your email address will not be published. Required fields are marked *