പാലിയേക്കര ടോളിൽ നടത്തിയ റെയ്ഡിൽ ഇ ഡി കണ്ടെത്തിയത് കോടികളുടെ അഴിമതി. റോഡ് നിർമാണ കമ്പനി 125.21 കോടി രൂപ അനർഹമായി സമ്പാദിച്ചതായി ഇന്നലെ ഇ ഡി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് കമ്പനിയുടെ 125 കോടി മരവിപ്പിച്ചിട്ടുണ്ടെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. അഴിമതി സംബന്ധിച്ച് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഇ ഡി കത്ത് നൽകിയിട്ടുണ്ട്. ഇതിന് കൂട്ടു നിന്ന ദേശീയ പാത അതോറിറ്റിയിലെ ഉദ്യോഗസ്ഥരെക്കുറിച്ചും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തും.
മണ്ണുത്തി ഇടപ്പള്ളി ദേശീയ പാതാ നിർമാണം ഏറ്റെടുത്തത് ജി ഐ പി എൽ അഥവാ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ്. ഈ കമ്പനിയുടെ പാലിയേക്കര ഓഫീസിലാണ് ഇ ഡി റെയ്ഡ് നടത്തിയത്.
ജി ഐ പി എലും പങ്കാളിയായ ഭാരത് റോഡ് നെറ്റ് വർക് ലിമിറ്റഡിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടത്തിയ 102 കോടിയുടെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം സി ബി ഐ നടത്തി വരികയായിരുന്നു. ഇതിന്റെ ഭാഗമായി കമ്പനികളുടെ പാലിയേക്കര, കൊല്‍ക്കത്ത ഓഫീസുകളില്‍ കഴിഞ്ഞ ദിവസം ഇ ഡി റെയ്ഡ് നടത്തി. 2006 മുതൽ 2016 വരെയുള്ള 10 വർഷങ്ങളിലായി കമ്പനി വെട്ടിപ്പ് നടത്തിയെന്നാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്.
കരാർ പ്രകാരമുളള നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ ടോൾ പിരിക്കാനുള്ള അനുമതി നൽകിയിട്ടുണ്ടെന്ന ക്രമക്കേട് ഇ ഡി കണ്ടെത്തി. ബസ് ബേകളുടെ നിർമാണം പൂർത്തിയാക്കാതെ പരസ്യം സ്ഥാപിക്കാന്‍ അനുവാദം നല്കി പണം പിരിച്ചു തുടങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്. ടോൾ പിരിച്ചു കിട്ടിയ തുക കരാർ കമ്പനി മ്യൂച്വൽ ഫണ്ടുകളിലാണ് നിക്ഷേപിച്ചിട്ടുള്ളതെന്നും ഇ ഡി കണ്ടെത്തി.
ദേശീയപാത 544ലെ പാലിയേക്കര ടോൾ പ്ലാസയിൽ വാഹനങ്ങൾക്ക് അധിക നിരക്ക് ഈടാക്കിയിരുന്നു.ബസ്, ട്രക്ക്, മൾട്ടി ആക്സിൽ വാഹനങ്ങളുടെ ടോൾ നിരക്കിൽ അഞ്ചുരൂപയാണ് വർധിപ്പിച്ചത്. കാർ, ജീപ്പ്, ചെറുകിട വാണിജ്യ വാഹനങ്ങൾ എന്നിവയുടെ ഒരുവശത്തേക്കുള്ള ടോൾ നിരക്കിൽ മാറ്റമില്ല. ദിവസം ഒന്നിൽ കൂടുതലുള്ള യാത്രകൾക്ക് അഞ്ചുമുതൽ 10 രൂപ വരെയും വർധിപ്പിച്ചിരുന്നു.
സെപ്റ്റംബർ ഒന്ന് മുതലാണ് നിരക്ക് വർധന പ്രാബല്യത്തിൽ വന്നത്. നിലവിലെ കരാർവ്യവസ്ഥ പ്രകാരമാണ് ടോൾ നിരക്ക് ഉയർത്തിയിരിക്കുന്നത്. പാലിയേക്കരയിലെ ടോൾ പിരിവിൽ വ്യാപക പരാതി ഉയരുന്നതിനിടെയാണ് ടോൾ നിരക്ക് വർധിപ്പിച്ചുള്ള നടപടി.
ദേശീയപാതാ അതോറിറ്റിയുടെ സുരക്ഷാ ഓഡിറ്റ് റിപ്പോർട്ടിലെ നിർദേശങ്ങൾ ജലരേഖയായി നിൽക്കുന്നതിനിടെയാണ് നിരക്ക് വർധന. ടോൾ പാതയിലെ യാത്ര സുരക്ഷിതമല്ലെന്നും നിരവധി സ്ഥലങ്ങളിൽ അപകടസാധ്യതയുണ്ടെന്നുമാണ് ദേശീയപാതാ അതോറിറ്റിയുടെ ഓഡിറ്റ് റിപ്പോർട്ട്. പാതയിൽ 10 ബ്ലാക്ക് സ്പോട്ടുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
