സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ദുല്‍ഖർ സല്‍മാന്‍ ചിത്രമായ കിങ് ഓഫ് കൊത്തയ്ക്ക് തിയേറ്ററില്‍ ചലനം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നു. കുറുപ്പിന് ശേഷം വലിയ പ്രതീക്ഷകളുമായി എത്തിയ ചിത്രം പ്രേക്ഷകരെ പൂർണ്ണമായി തൃപ്തിപ്പെടുത്തിയില്ലെന്ന വികാരവും ശക്തമാണ്. അതേസമയം ചിത്രത്തിനെതിരെ മനഃപ്പൂർവമായ ഡീഗ്രേഡിങ് നടത്തിയെന്ന് ആരോപിച്ച് കിങ് ഓഫ് കൊത്തയുടെ അണിയറ പ്രവർത്തകരും രംഗത്ത് വന്നിരുന്നു.
മെഗാസ്റ്റാർ മമ്മൂട്ടിയെ മകനാണെങ്കിലും അദ്ദഹേത്തിന്റെയൊന്നും പിന്തുണയില്ലാതെ തന്നെ 2012ൽ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ സൽമാൻ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നാലെ തമിഴിലേക്കും തെലുങ്കിലേക്കും ഹിന്ദിയിലേക്കും ദുൽഖർ തന്റെ മാർക്കറ്റ് വ്യാപിപ്പിച്ച ദുൽഖർ സൽമാൻ ഇപ്പോൾ പാൻ ഇന്ത്യയിലെ താരമാണ്.
മലയാളത്തില്‍ മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന താരമാണ് മമ്മൂട്ടി. ദുല്‍ഖറും പ്രതിഫല കാര്യത്തില്‍ അത്ര മോശമല്ല. അതുപോലെ തന്നെ സിനിമകളില്‍ നിന്നും പരസ്യങ്ങളില്‍ നിന്നുമായി വലിയൊരു വരുമാനവും താരം ഇതിനോടകം തന്നെ സമ്പാദിച്ചിട്ടുമുണ്ട്. ഓൺലൈനില്‍ ലഭ്യമായ കണക്കുകൾ പ്രകാരം ദുൽഖർ സൽമാന്റെ ആസ്തി 150 കോടിയിലധികം വരും.
സിനിമയിലും വാണിജ്യ പരസ്യങ്ങളിലും അഭിനയിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രധാന വരുമാന മാർഗ്ഗം. കൂടാതെ താരത്തിന് സ്വന്തമായി ഒരു ഫിലിം പ്രൊഡക്ഷൻ ഹൗസും ഏതാനും കുടുംബ ബിസിനസുകളും ഉണ്ട്. ദുൽഖർ സൽമാൻ പ്രതിമാസം രണ്ട് കോടിയോളം സമ്പാദിക്കുന്നുവെന്നാണ് സൂചന.
ദുല്‍ഖര്‍ മൂന്ന് മുതല്‍ എട്ട് കോടി വരെയാണ് പ്രതിഫലമായി വാങ്ങുന്നത്. ഇത് വിവിധ ഭാഷകളെ അടിസ്ഥാനമാക്കിയാണ് താരം പ്രതിഫലം നിശ്ചയിക്കുന്നത്. ബിസിനസ്സ്, ടിവി പരസ്യങ്ങൾ, ബ്രാൻഡ് പ്രമോഷനുകൾ എന്നിവയും വലിയ വരുമാനം നല്‍കുന്നു. ഒരു ബ്രാൻഡുമായുള്ള കരാറിലൂടെ 75 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് ദുൽഖർ ഈടാക്കുന്നതെന്നാണ് റിപ്പോർട്ട്.
കിംഗ് ഓഫ് കൊത്തയ്ക്കായി താരം ലാഭത്തില്‍ നിന്നാണ് പ്രതിഫലം ഈടാക്കിയിരുന്നത്. താരത്തിന്റെ നിര്‍മാണ കമ്പനിയായ വേഫേറര്‍ തന്നെയാണ് നിര്‍മാണം എന്നതാണ് ഇതിന് പിന്നിലെ കാരണം. അതേസമയം ചിത്രത്തിന് 50 കോടിയാണ് നിര്‍മാണ ചെലവ്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണിത്. പത്ത് കോടി പരസ്യത്തിനും, 40 കോടി നിര്‍മാണ ചെലവുമാണ്. ചിത്രം ഇതിന് മുകളില്‍ വരുമാനം നേടുകയും ചെയ്തിട്ടുണ്ട്.
മമ്മൂട്ടിയെപ്പോലെ തന്നെ വലിയ കാർ പ്രിയനുമാണ് ദുല്‍ഖർ. ഔഡി ക്യു 7, ലാൻഡ് ക്രൂയിസർ, റേഞ്ച് റോവർ കാറുകൾ എന്നിവയുൾപ്പെടെ 7 കോടിയിലധികം രൂപയുടെ വിവിധ കാറുകള്‍ അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്. രാജ്യത്തുടനീളമുള്ള നിരവധി റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികളിൽ നിക്ഷേപം നടത്തിയിട്ടുള്ള താരത്തിന് കൊച്ചിയില്‍ സ്വന്തമായി ഒരു വീടുമുണ്ട്.
