സാങ്കേതികവിദ്യകളുടെ കാലത്ത് മലയാളി മച്ചിലൊളിപ്പിച്ച ‘കൈതോലപ്പായ’യാണ് രാഷ്ട്രീയകേരളത്തിലെ നിലവിലെ സംസാരവിഷയം. തൊഴിലാളിപ്പാര്‍ട്ടി നേതാക്കള്‍ക്ക് ആഡംബരത്തിന് ഇളവ് പ്രഖ്യാപിച്ചത് അറിയാവുന്നവരായിട്ടുപോലും, ഇതേ പാര്‍ട്ടിയിലെ ഒരു സമുന്നതനായ നേതാവ് രണ്ട് കോടി 35 ലക്ഷം രൂപ പായയില്‍ പൊതിഞ്ഞ് ‘അജ്ഞാതന്’ കയറ്റി അയച്ചുവെന്ന വെളിപ്പെടുത്തല്‍ മൂക്കത്ത് കൈവച്ചുതന്നെയാണ് മലയാളി കേട്ടത്. എല്ലാക്കാലത്തും അഴിമതിയുണ്ടായിരുന്നെങ്കിലും, അതിലും അളവുണ്ടെന്ന സിദ്ധാന്തത്തിന് മാറ്റമുണ്ടായിട്ടുണ്ടെന്ന് ഒരിക്കല്‍ കൂടി ശരിവയ്ക്കുന്നത് തന്നെയായിരുന്നു ഇത്. എന്നാല്‍ ഭരണപക്ഷത്തെക്കുറിച്ച് വിയോജിപ്പുള്ളവര്‍ നീട്ടിയെറിയുന്ന ആരോപണങ്ങള്‍ മാത്രമായി ഇതിനെ കാണാനുമാവില്ല. കാരണം പാര്‍ട്ടിയെയും പാര്‍ട്ടിയിലെ നിലവിലെ നേതൃത്വത്തിലുള്ള നേതാവിനെതിരെയും എന്ന് പറഞ്ഞുള്ള വെളിപ്പെടുത്തല്‍ നടത്തിയത് പാര്‍ട്ടിയുടെ നയം പരസ്യപ്പെടുത്തുന്ന മുഖപത്രത്തിന്റെ പത്രാധിപ സമിതിയംഗമാണ്.
അന്നം തന്ന കൈയ്യിനെ തള്ളിപറയണമെങ്കില്‍ ഒന്നുകില്‍ അതിന് ആ സ്ഥാനത്തിനുള്ള യോഗ്യത നഷ്ടപ്പെടുകയോ മൂല്യശോഷണം സംഭവിക്കുകയോ ചെയ്തിരിക്കണം. അതല്ലെങ്കില്‍ ഒരു സമയത്ത് തള്ളിപ്പറഞ്ഞതിലെ അടങ്ങാത്ത വിരോധമായിരിക്കണം. അതുമല്ലെങ്കില്‍ സ്വാര്‍ത്ഥ ലാഭം കണ്ടുകൊണ്ടുള്ള നെറികെട്ട കളംമാറ്റമായിരിക്കണം. ഇതില്‍ ഏതുതന്നെ ആയാലും ആരോപണമുന്നയിച്ചയാളെക്കാള്‍ ഗൗരവം അര്‍ഹിക്കുന്നത് ഉയര്‍ന്ന ആരോപണത്തിന്റെ വലിപ്പം തന്നെയാണ്.
പാര്‍ട്ടിക്ക് നേരെ ഇത്രയും വലിയൊരു ആരോപണമുയരുമ്പോള്‍ മറുപടി പറയേണ്ടത് സിപിഎം തന്നെയാണ്. അല്ലാതെ ആരോപണങ്ങളെ സൈബര്‍ ഇടങ്ങളിലൂടെ പരിഹസിച്ചും പുച്ഛിച്ചും വെളുപ്പിച്ചെടുക്കുകയല്ല വേണ്ടത്.
ആരോപണം വിരല്‍ചൂണ്ടുന്ന നേതാവ്, അല്ലെങ്കില്‍ നേതാക്കള്‍ ആരെല്ലാമാണ്?, പറയുന്ന തുക വന്നതും പോയതുമായ വഴി?, ഈ അവിശുദ്ധ കൂട്ടുകെട്ടില്‍ പാര്‍ട്ടിക്ക് പങ്കുണ്ടോ തുടങ്ങി ഉത്തരമര്‍ഹിക്കുന്ന ചോദ്യങ്ങള്‍ അനേകമുണ്ട്. പരസ്പരം കടിപിടി കൂടാന്‍ കാത്തിരിക്കുന്ന നേതാക്കളെക്കാള്‍ ഈ ചോദ്യങ്ങളുടെ മറുപടിക്കായി കാത്തിരിക്കുന്ന വലിയൊരു വിഭാഗം പ്രവര്‍ത്തകരും, അനുഭാവികളും പുറത്തുണ്ട്. തങ്ങളുടെ പ്രസ്ഥാനത്തിന് നേരെ ഉയരുന്ന ആരോപണങ്ങളില്‍ സങ്കടപ്പെടുന്ന ആ ഒരുപറ്റം ജനങ്ങള്‍ അതിനായി കാത്തിരിക്കുന്നുമുണ്ട്. അവര്‍ക്കുള്ളതാവണം പാര്‍ട്ടിയുടെ മറുപടി.
സിപിഎമ്മിനെ പൂര്‍ണമായും വെട്ടിലാക്കികൊണ്ടുള്ള പത്രാധിപ സമിതിയംഗത്തിന്റെ ആരോപണങ്ങള്‍ ഇങ്ങനെയായിരുന്നു. ‘തിരുവനന്തപുരം മുതല്‍ ടൈംസ് സ്‌ക്വയര്‍ വരെ പേരുകേട്ട കള്ള് ചെത്ത് തൊഴിലാളിയുടെ മകനും ഇപ്പോള്‍ കോടീശ്വരനുമായ നേതാവിന്റെ കാര്യം പറയാനുണ്ട്’ എന്ന ആമുഖത്തോടെ. എന്നാല്‍ കുറിപ്പ് പൊതുമധ്യത്തിലെത്തിയപ്പോള്‍ തിരുവനന്തപുരത്തേക്കും, ടൈം സ്‌ക്വയറിലേക്കും ഓടിയവരായിരുന്നു ഭൂരിഭാഗവും. മറ്റൊരു വിഭാഗം ചെത്തുതൊഴിലാളികള്‍ പിതാക്കന്മാരായുള്ള സിപിഎം നേതാക്കളുടെ പൈതൃകവേര് തേടി നടന്നു. എന്നാല്‍ വെളിപ്പെടുത്തല്‍ ഉയര്‍ത്തിയ വലിയ ചോദ്യം അന്തരീക്ഷത്തില്‍ തന്നെ അവശേഷിക്കുന്നുണ്ട്. ജനങ്ങളും മൂലധനവും കൂടെ കൊണ്ടുനടന്ന സിപിഎം പണം കൂടെക്കൂട്ടി തുടങ്ങിയത് എങ്ങനെയാണെന്ന്?
അതേസമയം ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള ‘സത്യാന്വേഷണ ബുദ്ധി’ കേവലം പ്രതിയോഗികളോടുള്ള പകപോക്കലായി മാത്രമെ കാണാനാവൂ. സംസ്ഥാന നേതൃത്വത്തിന്റെ തലപ്പത്തിരിക്കുന്ന കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനുമെതിരെ വിജിലന്‍സിന്റെയും പൊലീസിന്റെയും കുരുക്ക് മുറുകിയതിനിടയിലെ ആശ്വാസം കണ്ടെത്തലായേ ഇത് പരിഗണിക്കപ്പെടുകയുള്ളു. കാരണം തങ്ങളുടെ നേതാക്കള്‍ക്കെതിരെ ആരോപണവും കേസും ഉയരുമ്പോള്‍ മിണ്ടാതിരുന്ന്, എതിര്‍പക്ഷത്ത് പുക ഉയരുമ്പോള്‍ അന്വേഷണം വേണമെന്ന് ഉറക്കെ നിലവിളിക്കുന്നത് സമകാലീന കേരളത്തിലെ പ്രതിപക്ഷ ധര്‍മമായി മാത്രം കരുതിയാല്‍ മതി. തല്‍സ്ഥാനത്ത് ബിജെപി മുറവിളിയാവട്ടെ, അധികാരം തേടലിന്റെ പ്രതിധ്വനിയായും കണക്കാക്കാം.
ഫേസ്ബുക്കിലൂടെ എത്തിയ വെളിപ്പെടുത്തല്‍ കുറിപ്പിന് രണ്ട് ദിവസം നല്ലപോലെ വളം നല്‍കി സിപിഎമ്മിനെ വെട്ടിലാക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെങ്കില്‍, അതിനെ അര്‍ഹിക്കുന്നതില്‍ അധികം അവജ്ഞയോടെ തള്ളിക്കളയുകയാണ് സിപിഎം ചെയ്തത്. സര്‍ക്കാരിനും ഭരണപക്ഷത്തിനെതിരെയുമുള്ള ആരോപണങ്ങളില്‍ ഒന്നുകൂടി എന്നത് മാത്രമെ സാധാരണകാരനും ചിന്തിക്കാനിടയുള്ളൂ. എന്നാല്‍ പുതിയ വിഷയങ്ങള്‍ ഉയരുമ്പോള്‍ നിറം മങ്ങുന്ന പഴയ വിഷയങ്ങളായി ഇതും മുങ്ങിപോവരുത്. ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അത് കണ്ടെത്തി തിരുത്താന്‍ സിപിഎമ്മും ശ്രമിക്കേണ്ടതുണ്ട്. കാരണം ജനാധിപത്യത്തില്‍ സിപിഎം ഇത്തരം ആരോപണങ്ങള്‍ കാരണം നിറം മങ്ങിപ്പോകരുത്.
