ഭക്ഷണപദാർത്ഥങ്ങൾ പത്രങ്ങളിൽ പൊതിയരുതെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്. ഉപഭോക്താക്കളും കച്ചവടക്കാരും ഭക്ഷണ സാധനങ്ങൾ പത്ര പേപ്പറുകളിൽ പൊതിയുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ അത് അനേകം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ജി കമല വർധന റാവുവാണ് ഈ പ്രവണതയ്ക്കെതിരെ മുന്നറിയിപ്പ് നൽകിയത്.
പത്രങ്ങളിലെ അച്ചടിമഷിയിൽ വിഷ വസ്തുക്കളായ ലെഡ്, മറ്റ് ഹെവി ലോഹങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ടാകും. ഇത് സ്ഥിരമായി ഉള്ളിൽ ചെന്നാൽ അത് ആരോഗ്യപരമായ പ്രശ്നങ്ങൾക്ക് വഴിവയ്ക്കും. പെയിന്റുകളും മറ്റു ചായങ്ങളും നിർമ്മിക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹമാണ് ലെഡ്. പെൻസിലുകളും വ്യാപകമായി നിർമ്മിച്ചിരുന്നത് ലെഡ് ഉപയോഗിച്ചാണ്. എന്നാൽ ഈ ലോഹം അമിതമായി ഉള്ളിൽ ചെന്നാൽ കുട്ടികളുടെ വളർച്ചയെയും ബുദ്ധിവികാസത്തെയും ബാധിക്കും എന്ന് കണ്ടാണ് ലെഡിന് പകരം ഗ്രാഫൈറ്റ്, പെൻസിൽ നിർമ്മാണത്തിന് ഉപയോഗിച്ചു തുടങ്ങിയത്. ചെറിയ അളവിൽ പോലും ലഡ് ഉള്ളിൽ ചെന്നാൽ അപകടകാരിയാണ്.
ബേക്കറികളിലും തട്ടുകടകളിലും പലഹാരങ്ങൾ നൽകുന്നത് പലപ്പോഴും പത്ര പേപ്പറുകളിലാണ്. ഇതിനെതിരെ ഫുഡ് സേഫ്റ്റി അതോറിറ്റി പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. മഹാരാഷ്ട്രയിൽ ഇതിനെതിരായ ഉത്തരവും നിലവിലുണ്ട്. നിയമലംഘകകർക്ക് പിഴ ചുമത്തുന്ന തടക്കമുള്ള നടപടികളും നേരിടേണ്ടി വരും

 
                                            