മാറുന്ന കാലത്തിനും മാറുന്ന വായനശീലത്തിനുമൊപ്പം വിദ്യാർത്ഥികൾക്ക് വായനാ വസന്തമൊരുക്കി വിവരവിനിമയ സാങ്കേതിത വിദ്യയുടെ കരുത്തുമായി ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ആധുനിക ഡിജിറ്റൽ ലൈബ്രറി ഉത്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിൻ്റെ ഭാഗമായി എറണാകുളം ജില്ലാ പഞ്ചായത്ത് നടത്തുന്ന ലൈബ്രറി ഡിജിറ്റലൈസേഷൻ പ്രോജക്ടുമായി ബന്ധപ്പെട്ടാണ് ഇ കംപ്യുട്ടറൈസ്ഡ് ലൈബ്രറി തയ്യാറാക്കിയത്.
ലൈബ്രറി സയൻസ് അനുശാസിക്കുന്ന പ്രകാരം ഡ്യൂവേ ഡെസിമൽ ക്ലാസിഫിക്കേഷൻ (ഡി.ഡി.സി) പ്രകാരമാണ് ക്രമീകരണം. സ്കൂളിലെ എണ്ണായിരത്തോളം വരുന്ന ലൈബ്രറി പുസ്തകങ്ങളുടെ വിവരങ്ങൾ കമ്പ്യൂട്ടറിൽ ചേർത്തിരിക്കുന്നത്. എല്ലാ പുസ്തകങ്ങളിലും ക്ലാസിഫിക്കേഷൻ നമ്പരും അക്സഷൻ നമ്പരും അടക്കമുള്ള ബാർകോഡ് രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യകാല അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചരിത്രവും ഫോട്ടോകളും ഈ ലൈബ്രറിയുടെ ചുവരുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഫോട്ടോകളോ മറ്റ് വിവരങ്ങളോ കൈവശമുള്ളവർ സ്കൂൾ ഓഫീസിൽ എത്തിക്കണം. പൂർവ്വ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും, വായനയെ സ്നേഹിക്കുന്ന സുമനസുകൾക്കും അവരവരുടെ ജന്മദിനത്തിൽ ഒരു പുസ്തകം ലൈബ്രറിയ്ക്ക് സമ്മാനമായി നൽകാൻ കഴിയുന്ന “ജന്മദിന പുസ്തകം” എന്ന പദ്ധതിയും ആരംഭിച്ചു.. രാജ്യത്തിന് വേണ്ടി പടപൊരുതി ജീവൻ ബലിയർപ്പിച്ച പൂർവ്വ വിദ്യാർത്ഥിയും ബി.എസ്.എഫ് ജവാനുമായിരുന്ന മാറാടി ചക്കച്ചേരിയിൽ വീട്ടിൽ സി.യു ഏലിയാസിൻ്റെ ഫോട്ടോകൾ ഓർമ്മയ്ക്കായി ഈ ലൈബ്രറിയിൽ സൂക്ഷിക്കും. ഗ്ലാസിൽ പ്രിൻ്റ് ചെയ്ത ചരിത്രത്തോടൊപ്പം ‘ അദ്ദേഹത്തിന് ലഭിച്ച ‘ബഹുമതികളും പ്രദർശിപ്പിച്ചു. എസ്.എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ നന്ദന ബിനോയി, വൈഷ്ണവ് ബിനു, വി.എച്ച്.എസ്.സി , പരീക്ഷയ്ക്ക് മികച്ച വിജയം നേടിയ സനിത സജി, മീഖൾ സൂസൺ ബേബി, എൻ.എം.എം.എസ് സ്കോകോളർഷിപ്പ് വിജയി കാർത്തിക് വിനോദ്, നാഷണൽ സർവസ് സ്കീം സംസ്ഥാനതലത്തിൽ മികച്ച വോളൻ്റിയർ അവാർഡ് നേടിയ മീഖൾ സൂസൺ ബേബി, മികച്ച പ്രോഗ്രാം ഓഫീസർ അവാർഡ് നേടിയ സമീർ സിദ്ദീഖ് തുടങ്ങിയവരെ ആദരിച്ചു.
മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഒ.പി. ബേബി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് ഉത്ഘാടനം നിർവ്വഹിച്ചു, ജില്ലാ പഞ്ചായത്തംഗം ഷാൻ്റി എബ്രഹാം , ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിനി ഷൈമോൻ, രമാ രാമകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു ജോർജ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ബിജു കുര്യക്കോസ്, പി.പി.ജോളി,, മൂവാറ്റുപുഴ ഡി. ഇ.ഒ സീത എം.കെ, കൂത്താട്ടുകുളം എ.ഇ.ഒ ബോബി ജോർജ്, ബി.പി.സി ബിബിൻ ബേബി, ഡയറ്റ് ഫാക്കൽറ്റി ശ്രീകുമാരി ,സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമാരായ സാബു ജോൺ , ചിന്നമ്മ വർഗീസ്, ലൈബ്രറി മോഡണൈസേഷൻ പ്രോജക്ട് ഹെഡ് രവികുമാർ വി.എസ്, പിറ്റിഎ പ്രസിഡൻ്റ് പി.റ്റി.അനിൽകുമാർ, എം.പി റ്റി എ ചെയർപേഴ്സൺ സിനിജസനൽ, പ്രിൻസിപ്പാൾ റനിത ഗോവിന്ദ്, ഹെഡ്മിസ്ട്രസ് സഫിയ സി.പി, സ്കൂൾ വികസന സമിതി ചെയർമാൻ റ്റി.വി.അവിരാച്ചൻ, ശോഭന എം എം, ജയൻ കെഎം, വിനോദ് ഇ.ആർ, ഗിരിജ എം പി, സമീർ സിദ്ദീഖി, ഗ്രേസി കുര്യൻ, ഷീബ എം.ഐ, പ്രീന എൻ ജോസഫ്,സിലി ഐസക്ക്, മിൻസി ബാബു, പൗലോസ് റ്റി, ശ്രീകല ജി തുടങ്ങിയവർ പങ്കെടുത്തു.

 
                                            


