മയക്കുവെടി വെച്ച്‌ പിടികൂടിയ കാട്ടാന ധോണി കൂട് തകര്‍ക്കാന്‍ ശ്രമിച്ചു

മയക്കുവെടി വെച്ച്‌ പിടികൂടിയ കാട്ടാന ധോണി (പി.ടി -7) കൂട് തകര്‍ക്കാന്‍ ശ്രമിച്ചു. കൂട് ബലപ്പെടുത്തുന്ന രണ്ട് തൂണുകളാണ് കൊമ്ബുകൊണ്ട് ധോണി ഇടിച്ചു തകര്‍ത്തത്.
കൂടുതല്‍ ഭാഗം തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പാപ്പാന്മാരും വനംവകുപ്പ് ഉദ്യോഗസ്ഥരും വന്നു തടഞ്ഞു.തകര്‍ത്ത രണ്ട് തൂണുകള്‍ മാറ്റിസ്ഥാപിച്ചതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഞായറാഴ്ച പിടികൂടിയ കാട്ടുകൊമ്പന് മദപ്പാടിന്റെ ലക്ഷണമുണ്ടായിരുന്നു. മദപ്പാടിനുള്ള ചികിത്സ നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശാന്തനായ ആന ബുധനാഴ്ച വീണ്ടും അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. അതേസമയം, കൂട്ടിലടക്കുന്ന ആനകള്‍ ചെറിയ പരാക്രമം കാണിക്കുക പതിവാണെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
പരാക്രമം പൂര്‍ണമായി അവസാനിച്ചാല്‍ മാത്രമാണ് പരിശീലനം നൽകാൻ തുടങ്ങുക.ധോണിയെ മെരുക്കുന്നതിന് പറമ്പിക്കുളം സ്വദേശികളായ മണികണ്ഠനെയും മാധവനെയും മുത്തങ്ങയില്‍നിന്ന് ചന്ദ്രനെയും ഗോപാലനെയും പാപ്പാന്മാരായി നിയമിച്ചിട്ടുണ്ട്.

ഇവര്‍ ആനയുമായി സൗഹൃദം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ.പാപ്പാന്മാര്‍ നല്‍കുന്ന ഭക്ഷണം ആന കഴിച്ചുതുടങ്ങിയിട്ടുണ്ട് . മണികണ്ഠനും മാധവനും ചെറുപ്പം മുതലേ കാട്ടാനകളെ കണ്ട് വളര്‍ന്നവരും ആന പരിശീലന മുറകള്‍ പഠിച്ചവരുമാണ്. ഭാഷ തമിഴാണെങ്കിലും ആനക്ക് നല്ല ശീലങ്ങള്‍ പഠിപ്പിക്കാന്‍ അറിയുന്നവർ ആണ് . നിലവില്‍ കാട്ടില്‍നിന്ന് കൊണ്ടുവന്ന പുല്ലും ചപ്പും വെള്ളവുമാണ് ഭക്ഷണമായി നല്‍കുന്നത്. പ്രതിദിനം 150 കിലോഗ്രാം തീറ്റയാണ് ഇവന് വേണ്ടത്. പുല്ല് ധോണി വനമേഖലയില്‍ സുലഭമാണ്. ആവശ്യാനുസരണം മറ്റിടങ്ങളില്‍നിന്ന് കൊണ്ടുവരാനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ആനയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *