എഡിഎമ്മിന്റെ മരണത്തിൽ തന്നെ തരംതാഴ്ത്തിയ പാർട്ടി നടപടിയില്‍ കടുത്ത അതൃപ്തിയില്‍ പി പി ദിവ്യ. ഇന്നലെയാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്. അതിന് പിന്നാലെയാണ് നേതാക്കള്‍ ദിവ്യയെ ബന്ധപ്പെട്ടത്. തരംതാഴ്ത്തുന്ന നടപടിക്ക് മുൻപായി തൻ്റെ ഭാഗം കേൾക്കാത്തത് ശരിയായില്ലെന്ന് ദിവ്യ നേതാക്കളെ അറിയിച്ചു. ബ്രാഞ്ചിൽ മാത്രം ഒതുങ്ങി പ്രവർത്തിക്കാൻ തനിക്കാകില്ല. അങ്ങനെയെങ്കിൽ രാഷ്ട്രീയം പ്രവർത്തനം അവസാനിപ്പിക്കാനും തയ്യാറെന്ന് ദിവ്യ നേതൃത്വത്തെ അറിയിച്ചു. അന്വേഷണം ശരിയായി നടക്കണമെന്നും ദിവ്യ മുതിർന്ന നേതാക്കളോട് ഫോണിൽ ആവശ്യപ്പെട്ടു.
ജനങ്ങൾക്ക് മുന്നിൽ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിയായി മാറിയെന്നും ജയിൽമോചിതയായ ശേഷം മാധ്യമങ്ങളെ കാണേണ്ട എന്ന് വിചാരിച്ചിരുന്നതാണ്. അത്രയേറെ മാധ്യമവേട്ടയ്ക്ക് ഇരയായെന്ന് പിപി ദിവ്യ കൂട്ടിച്ചേർത്തു. സമൂഹത്തിന് മുന്നിൽ തെറ്റിദ്ധാരണ പടർത്തുന്ന ഒട്ടേറെ വാർത്തകൾ നൽകി. വിമർശനങ്ങൾ ആകാം. എന്നാൽ തന്നെ അവസാനിപ്പിക്കണമെന്ന രീതിയിലാണ് മാധ്യമങ്ങൾ മുന്നോട്ടുവന്നത്. ഉദ്യോഗസ്ഥരുമായി സൗഹൃദം ഉള്ളയാണ് താനെന്നും നല്ല സൗഹൃദം നിരവധി ഉദ്യോഗസ്ഥരുമായുണ്ടെന്നും പിപി ദിവ്യ പറഞ്ഞു. തീവ്രവാദികളെ പിടിച്ചുകൊണ്ടുപോകുന്ന പോലെയോ പത്ത് നാന്നൂറ് കൊലപാതകം ചെയ്ത കൊലപാതകിയെ കൊണ്ടുപോകുന്ന പോലെയാണ് തന്നെ കൊണ്ടുപോയതെന്ന് ദിവ്യ പറയുന്നു. വിമർശനങ്ങളിൽ നിന്ന് കരുത്തുക്കിട്ടി. ജീവിതത്തിൽ തിരുത്താൻ ഉണ്ടെങ്കിൽ തിരുത്തും. ജനങ്ങൾക്ക് വേണ്ടി അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സാധാരണ പാർട്ടി പ്രവർത്തകയായി സിപിഐഎമ്മിനൊപ്പം ഉണ്ടാകുമെന്ന് ദിവ്യ പറഞ്ഞു.
തന്റെ കൂടെയുള്ളവരിൽ പലരും തെറ്റിദ്ധരിക്കപ്പെട്ടു. അവർക്ക് മുന്നിൽ നിരപരാധിത്വം തെളിയിക്കും. അത് തെളിയുമെന്ന ആത്മവിശ്വാസത്തിലാണ് താനെന്ന് ദിവ്യ പറഞ്ഞു. കുടുംബം ശക്തിയോടുകൂടി നിൽക്കുന്നതാണ് ശക്തിപകരുന്നത്. ആയിരം വട്ടം ആത്മഹത്യ ചെയ്യേണ്ട ആരോപണങ്ങൾ ഇപ്പോൾ ഉണ്ടായിട്ടുണ്ട്. അതെല്ലാം അതിജീവിച്ച് ഇപ്പോൾ നിൽക്കുന്നത് വിശ്വാസവും സത്യവും ബോധ്യവും ഉള്ളതുകൊണ്ടാണെന്ന് ദിവ്യ പറഞ്ഞു. അതേസമയം ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിഎം നവീൻ ബാബുവിന്റെ കുടുംബം രംഗത്തെതി. വിധി പ്രതീക്ഷിച്ചിരുന്നതല്ലെന്നും ജാമ്യം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിക്കുകയായിരുന്നു. എന്നാൽ ദിവ്യയുടെ ആരോഗ്യസ്ഥിതിയും പിതാവിന്റെ രോഗാവസ്ഥയും പരിഗണിച്ചാണ് പ്രതിക്കെതിരായ പൊതുവികാരം ജാമ്യം തടയുന്നതിന് മതിയായ കാരണമല്ലെന്ന് കോടതി വ്യക്തമാക്കിയാണ് ജാമ്യം നൽകാനുള്ള തീരുമാനത്തിലേക്ക് കോടതി എത്തിയത്.
