തിയറ്ററുകളില്‍ ആളില്ലാത്തതിനാല്‍ ടിക്കറ്റ് നിരക്കില്‍ ആദിപുരുഷ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഇളവ് പ്രഖ്യാപിച്ചത് വ്യാഴാഴ്ചയാണ്. റിലീസ് ചെയ്ത് ഏഴാം ദിവസത്തിലേക്ക് എത്തുമ്പോള്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ വന്‍ ഇടിവാണ് ചിത്രം നേരിടുന്നത്. ഈ സാഹചര്യത്തിലാണ് നിര്‍മാതാക്കള്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചത്. തീയേറ്ററുകളില്‍ 150 രൂപ നിരക്കില്‍ ചിത്രം കാണാമെന്നാണ് നിര്‍മാതാക്കളുടെ പ്രഖ്യാപനം.ത്രീ- ഡിയില്‍ ചിത്രം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ ടിക്കറ്റ് നിരക്ക് നല്‍കേണ്ടി വരുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.
വിവാദ ഡയലോഗുകള്‍ തിരുത്തിയെന്നും കുടുംബങ്ങളെ തീയേറ്ററിലേക്ക് ക്ഷണിക്കുന്നുവെന്നും പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്തകര്‍ പുതിയ പോസ്റ്ററും പുറത്തുവിട്ടു.
റിലീസ് ചെയ്ത് ആദ്യ ദിനങ്ങളിലെ കുതിപ്പിനൊടുവില്‍ പ്രഭാസ് ചിത്രം ‘ആദിപുരുഷ്’ ബോക്സോഫീസില്‍ കിത ക്കുകയാണ്.റിലീസ് ചെയ്ത് നാലു ദിവസം കൊണ്ട് ലോകമെമ്പാടും 375 കോടിയിലധികമാണ് ചിത്രം നേടിയതെന്നാണ് ജൂണ്‍ 20 ന് നിര്‍മാതാക്കള്‍ പുറത്തുവിട്ട ഔദ്യോഗിക കലക്ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ജൂണ്‍ 20 ചൊവ്വാഴ്ച കലക്ഷന്‍ കുത്തനെ കുറയുകയും ഇന്ത്യയില്‍ നിന്ന് മാത്രമുള്ള കളക്ഷന്‍ 16 കോടിയായി കുറയുകയും ചെയ്തു. അഞ്ചാം ദിവസം വീണ്ടും ഇടിഞ്ഞ് ഇത് 10.7 കോടിയായി. ആറാം ദിവസം ലഭിച്ച ഓള് ഇന്ത്യ കലക്ഷന്‍ വെറും ഏഴുകോടിയും. ഇതോടെ ചിത്രത്തിന്റെ ആഭ്യന്തര ബോക്സ്ഓഫിസിലെ ആറു ദിവസത്തെ കലക്ഷന്‍ 254 കോടി രൂപയാണ്.
ചിത്രത്തിലെ ചില സംഭാഷണങ്ങള്‍ വിമര്‍ശനം നേരിട്ടതും നെ?ഗറ്റീവ് റിവ്യൂകളും വി.എഫ്.എക്സിന്റെ പേരിലുള്ള ട്രോളുകളും കളക്ഷനെ ബാധിച്ചുവെന്നാണ് നി?ഗമനം.
രാമായണത്തെ അടിസ്ഥാനമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത് പ്രഭാസ്, കൃതി സനോണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തിലെത്തിയ ആദിപുരുഷ് ജൂണ്‍ 16നാണ് റിലീസിന് എത്തിയത്. വലിയ പ്രചാരണങ്ങളോടെ എത്തിയ ചിത്രം ആദ്യ ദിവസം വന്‍ കളക്ഷനാണ് നേടിയത്. എന്നാല്‍ ചിത്രത്തിലെ നിലവാരം കുറഞ്ഞ ഗ്രാഫിക്സും സിനിമയിലെ പുരാണ കഥാപാത്രങ്ങളുടെ അവതരണവും വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി.
സിനിമയില്‍ രാവണന് ആയി അഭിനയിച്ചത് സെയ്ഫ് അലി ഖാന് ആയിരുന്നു. രാവണന്റെ മുടിയും താടിയും ഭീകരമായ മുഖവും എല്ലാം ഹിന്ദു മതവിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ചില ഹിന്ദു സംഘടനകള്‍ ചിത്രത്തിനെതിരെ രംഗത്ത് വന്നു. സിനിമയിലെ ആക്ഷേപകരമായ സംഭാഷണങ്ങള്‍ ആളുകളെ പ്രകോപിപ്പിക്കുന്നതാണെന്നും നീക്കം ചെയ്യണം എന്നുമായിരുന്നു പലരുടെയും ആവശ്യം.സമീപകാല ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രത്തിന് മികച്ച അഡ്വാന്‍സ് റിസര്‍വേഷനും ലഭിച്ചിരുന്നു. എന്നാല്‍ പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നുമൊക്കെ മോശം അഭിപ്രായങ്ങളാണ് ആദ്യദിനം മുതല്‍ ചിത്രത്തിന് ലഭിച്ചത്.
അതേസമയം സമൂഹ മാധ്യമങ്ങളില്‍ ആദിപുരുഷ് മറ്റൊരു വിമര്‍ശനം കൂടി നേരിടുകയാണ്. സിനിമയിലെ സംഘട്ടന രംഗവും ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിതെളിയിച്ചു . രാമനും രാവണനും തമ്മിലുള്ള സിനിമയിലെ സംഘട്ടനരംഗങ്ങള്‍ക്ക് മാര്‍വലിന്റെ സൂപ്പര്‍ഹീറോ ചിത്രമായ ‘ദി അവഞ്ചേഴ്സു’മായി സാമ്യമുണ്ടെന്നാണ് പുതിയ ആരോപണം.
സിനിമയില്‍ പ്രഭാസ് അവതരിപ്പിക്കുന്ന ശ്രീരാമന് സഹോദരനായ ലക്ഷ്മണനും ഹനുമാനും സുഗ്രീവനും ഒപ്പം ശത്രുവായ രാവണനെതിരെ യുദ്ധം ചെയ്യുന്നതാണ് രംഗം. ക്യാമറ പാന്‍ ചെയ്യുന്നതിന് അനുസരിച്ച് കഥാപാത്രങ്ങള്‍ ഓരോരുത്തരായി ആയുധങ്ങള്‍ പുറത്ത് എടുക്കുന്നുണ്ട്. സുഗ്രീവനാകട്ടെ ശത്രുക്കള്‍ക്ക് നേരെ അലറുന്നുമുണ്ട്.
ഈ രംഗത്തിന് ദി അവഞ്ചേഴ്സില്‍ ശത്രുക്കള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ നില്ക്കുന്ന സൂപ്പര്‍ഹീറോസിന്റെ രംഗവുമായി സാമ്യമുണ്ടെന്നാണ് നെറ്റിസണ്‍സിന്റെ പുതിയ കണ്ടുപിടിത്തം. ക്യാമറ പാന്‍ ചെയ്യുന്നതിന് അനുസരിച്ച് സൂപ്പര്‍ ഹീറോകളായ ക്യാപ്റ്റന്‍ അമേരിക്ക, ബ്ലാക്ക് വിഡോ, ഹോക്കി, അയണ്മാന്, ഡോക്ടര്‍ സ്ട്രേഞ്ച്, ഹള്‍ക്ക് എന്നിവര്‍ ആയുധങ്ങള്‍ പുറത്തെടുക്കുന്നതായി കാണാം. ഇതോടെ ആദിപുരുഷിലെ മറ്റ് രംഗങ്ങളും കോപ്പി അടിച്ചതാണോ എന്ന ചോദ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്..
ആദിപുരുഷ് കണ്ടതിന് ശേഷം താന്‍ ഞെട്ടിപ്പോയെന്നും ഏറെ നിരാശഭരിതനാണെന്നുമായിരുന്നു രാമായണം സീരിയലിലെ ലക്ഷ്മണനായി വേഷമിട്ട സുനില്‍ ലാഹ്രിയുടെ പ്രതികരണം.ചിത്രത്തില്‍ ഗ്രാഫിക്സ് ഉണ്ടായിരിക്കാം, ഒരു പെയിന്റിംഗ് പോലെ തോന്നാം. എന്നാല്‍ ഉള്ളടക്കവും ഇമോഷനുമില്ല. ആദിപുരുഷ് നിര്‍മ്മാതാക്കള്‍ ആരെയാണ് ലക്ഷ്യമിടുന്നത് എന്നെനിക്ക് ശരിക്കും മനസ്സിലാകുന്നില്ല. ആഖ്യാനമില്ല, കഥയും കഥാപാത്ര രൂപീകരണവുമില്ല. എല്ലാം താളം തെറ്റിയിരിക്കുന്നു, വ്യത്യസ്തമാക്കാന്‍ അവര്‍ എല്ലാം നശിപ്പിച്ചു. രാമനും ലക്ഷ്മണനും ഒരു വേര്‍തിരിവും ഉണ്ടായിരുന്നില്ല, ഒരേ പോലെയിരിക്കുകയും പെരുമാറുകയും ചെയ്തു. രാവണന് ഇരുമ്പ് അടിക്കുന്ന ഒരു കൊല്ലപ്പണിക്കാരനായി മാറി. എന്തായിരുന്നു അതിന്റെ ആവശ്യം? ടാറ്റൂകളുള്ള ആളാണ് മേഘനാഥ്, ഈ കഥാപാത്രങ്ങളുടെ ഹെയര്‍സ്റ്റൈല്‍ അരോചകമാണ്. വിരാട് കോഹ്ലിയുടെ അതേ മുടിയാണ് രാവണനും. ഇത് നാണക്കേടാണ്,” എന്നാണ് രാമായണതാരം സുനില്‍ പ്രതികരിച്ചത്.
